20-ാം നൂറ്റാണ്ടിലെ ശാസ്ത്രചരിത്രം പരിശോധിക്കുമ്പോൾ, നിർണായക കണ്ടെത്തലുകൾ നടത്തിയിട്ടും അവയുടെ ബഹുമതി നിഷേധിക്കപ്പെട്ട അനവധി വനിതാശാസ്ത്രജ്ഞരെ കാണാൻ കഴിയും. ഇത്തരത്തിലുള്ള അനീതിയുടെ ഏറ്റവും ശക്തവും വേദനാജനകവുമായ ഉദാഹരണങ്ങളിലൊന്നാണ് ഡൗൺ സിൻഡ്രോമിന് (Down syndrome) പിന്നിലെ യഥാർത്ഥ ജനിതകകാരണം കണ്ടെത്തിയ ശാസ്ത്രജ്ഞ എന്നനിലയിൽ അർഹിച്ച അംഗീകാരം പതിറ്റാണ്ടുകളോളം നിഷേധിക്കപ്പെട്ട ഫ്രഞ്ച് ഡോക്ടറും ഗവേഷകയുമായ മാർത്തേ ഗോഷിയർ (Marthe Gautier: 1925 – 2022).
ആദ്യകാല ജീവിതവും
വിദ്യാഭ്യാസവും
1925- ൽ മാർത്തേ ഗോഷിയർ ഫ്രാൻസിലെ മോണ്ടെനിൽ ജനിച്ചു. രണ്ടാംലോകമഹായുദ്ധാനന്തര കാലഘട്ടത്തിൽ സ്ത്രീകൾക്ക് ശാസ്ത്ര, മെഡിക്കൽ രംഗങ്ങളിൽ പ്രവേശനം തന്നെ പ്രയാസകരമായിരുന്ന ഒരു സമൂഹത്തിലാണ് അവർ വളർന്നത്. 1950- ൽ, 25-ാം വയസ്സിൽ, പാരീസിലെ സർക്കാർ ആശുപത്രികളിൽ ഇന്റേൺഷിപ്പിനായി അപേക്ഷിച്ച എൺപതു പേരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ടു സ്ത്രീകളിൽ ഒരാൾ ആയിരുന്നു മാർത്തേ ഗോഷിയർ. ആ നേട്ടം തന്നെ അവരുടെ പ്രതിഭയുടെയും കഠിനാധ്വാനത്തിന്റെയും തെളി വായിരുന്നു.
തുടർന്ന്, മനുഷ്യകോശങ്ങളെ ലാബിൽ വളർത്തുന്ന സെൽ കൾച്ചർ (Cell Culture) എന്ന അക്കാലത്തെ നവീന സാങ്കേതിക വിദ്യയിൽ പരിശീലനം നേടാനായി അവർ അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിലേക്ക് പോയി. അന്നത്തെ ഫ്രഞ്ചു ലാബുകൾക്ക് അപരിചിതമായിരുന്ന ഈ സങ്കേതികവിദ്യയാണ് പിന്നീട് ശാസ്ത്രചരിത്രം തന്നെ മാറ്റിമറിക്കുന്ന ഒരു കണ്ടെത്തലിന് അടിത്തറയായത്.
ട്രൂസോ ആശുപത്രിയും
നിർണായക ഗവേഷണവും
ഫ്രാൻസിലേക്ക് മടങ്ങിയെത്തിയശേഷം, പാരീസിലെ ട്രൂസോ ആശുപത്രിയിൽ (Hôpital Trousseau) ജോലി ചെയ്യുമ്പോഴാണ് ഗോഷിയർ ഡൗൺ സിൻഡ്രോമിനെക്കുറിച്ചുള്ള ഗവേഷണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അന്ന് ഈ അവസ്ഥയെ ‘മംഗോളിസം’ പോലുള്ള വംശീയ പദങ്ങളാൽ വിശേഷിപ്പിക്കുകയും, ഈ ബൗദ്ധികവൈകല്യത്തെ ‘പിന്നോട്ടുള്ള പരിണാമം’ എന്ന കപടശാസ്ത്രീയ ധാരണയുമായി ബന്ധിപ്പിക്കുകയും ചെയ്തിരുന്നു.
പ്രമുഖ പീഡിയാട്രീഷ്യനും ജനിതകശാസ്ത്രജ്ഞനുമായ റയ്മണ്ട് ടർപ്പിൻ (Raymond Alexander Turpin: 1895- 1988) ആയിരുന്നു അന്ന് ഈ ഗവേഷണ സംഘത്തിന്റെ തലവൻ. ഡൗൺ സിൻഡ്രോമിന് പിന്നിൽ ക്രോമസോമുകളുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റമാ കാം എന്ന സുപ്രധാന സിദ്ധാന്തം വർഷങ്ങൾക്കു മുൻപേ ടർപ്പിൻ മുന്നോട്ടുവെച്ചിരുന്നു. അദ്ദേഹത്തിന്റെ ഈ സൈദ്ധാന്തിക അടിത്തറയിൽ നിന്നുകൊണ്ടാണ് ഗോഷിയർ തന്റെ സെൽകൾച്ചർ വൈദഗ്ധ്യം ഉപയോഗിച്ച് പരീക്ഷണങ്ങൾ ആരംഭിച്ചത്.

ഗോഷിയറുടെ ലാബുസൗകര്യങ്ങൾ അത്യന്തം പരിമിതമായിരുന്നു. അത്യാധുനിക മൈക്രോസ്‌കോപ്പുകളോ ക്യാമറ സംവി ധാനങ്ങളോ ഇല്ലാത്ത സാഹചര്യത്തിൽ, സ്വന്തംപണം ചെലവാക്കിയും, കോശവളർച്ചയ്ക്ക് ആവശ്യമായ പോഷകമാധ്യമങ്ങൾക്കായി സ്വന്തംരക്തം വരെ ഉപയോഗിച്ചും അവർ ഗവേഷണം തുടർന്നു. ത്യാഗനിർഭരമായ ഈ പരിശ്രമമാണ് 1958ൽ ചരിത്രപരമായ കണ്ടെത്തലിലേക്ക് നയിച്ചത്.
ജോൺ ലാങ്ഡൺ ഡൗണും
വംശീയതയിലൂന്നിയ പഴയ കാഴ്ചപ്പാടുകളും
1866-ൽ ബ്രിട്ടീഷ് ഡോക്ടറായ ജോൺ ലാങ്ഡൺ ഡൗൺ (John Langdon Down: 1828-1896) ആണ് ഈ ശാരീരികാവസ്ഥയെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായി വിവരിക്കുന്നത്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പിൽക്കാലത്ത് ഈ അവസ്ഥയ്ക്ക് 'ഡൗൺ സിൻഡ്രോം' എന്ന പേര് ലഭിച്ചത്. എങ്കിലും, ഈ രോഗാവസ്ഥയുടെ യഥാർത്ഥ കാരണങ്ങളെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നില്ല. 19-ാം നൂറ്റാണ്ടിലെ വംശീയതയിലൂന്നിയ കപടശാസ്ത്ര രീതിയിലായിരുന്നു അദ്ദേഹത്തിന്റെ നിഗമനങ്ങൾ.
ഈ രോഗത്തെ 'മംഗോളോയിഡ് ഇഡിയസി' (Mongoloid idiocy) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മനുഷ്യരെ വംശീയമായി പല തട്ടുകളിൽ തരംതിരിക്കുന്നത് പരിണാമത്തിലെ ഒരു സുപ്രധാനശൃംഖലയാണെന്ന തെറ്റായ സിദ്ധാന്തത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ഇതനുസരിച്ച്, കോക്കേഷ്യൻ വംശജരേക്കാൾ പിന്നിലാണ് മംഗോളിയൻ വംശമെന്നും, അവരുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന 'പിന്നോട്ടുള്ള പരിണാമം' (Retrogressive evolution) ആണ് ഈ രോഗാവസ്ഥയെന്നും അദ്ദേഹം വിശ്വസിച്ചു.
ജോൺ ഡൗൺ രൂപപ്പെടുത്തിയ ഈ വംശീയപദം നൂറോളം വർഷം സൈക്യാട്രി, പീഡിയാട്രിക് ടെക്സ്റ്റുകളിൽ തുടർന്നു. 1950-60 കാലഘട്ടം വരെ മെഡിക്കൽ ജേർണലുകളിൽ ഈ പദപ്രയോഗം പതിവാ യി പ്രത്യക്ഷപ്പെട്ടിരുന്നു.
ഗോഷിയറുടെ കണ്ടെത്തലിന്റെ ചരിത്രപരമായ പ്രസക്തി ഇവിടെയാണ്. മാർത്തേ ഗോഷിയറുടെ കണ്ടെത്തൽ വിപ്ലവകരമാകുന്നത്. നൂറോളം വർഷമായി നിലനിന്നിരുന്ന വംശീയവും കപടശാസ്ത്രപരവുമായ ഇത്തരം സിദ്ധാന്തങ്ങളെ ഗോഷിയറുടെ ഗവേഷണം കടപുഴക്കിയെറിഞ്ഞു. ‘ഡൗൺ സിൻഡ്രോം’ എന്നത് ഏതെങ്കിലും വംശത്തിന്റെ പിന്നാക്കാവസ്ഥയല്ല, മറിച്ച് 21ാം ജോഡി ക്രോമസോമിലുണ്ടാകുന്ന ജനിതകമായ ഒരു മാറ്റമാണെന്ന് (Trisomy 21) അവർ തെളിയിച്ചു. ശാസ്ത്രീകൃത്യതയോടെ ഈ അവസ്ഥയെ ജനിതകശാസ്ത്രവുമായി ബന്ധിപ്പിച്ചതിലൂടെ, അതു വരെ നിലനിന്നിരുന്ന സാമൂഹികവും വംശീയവുമായ മുൻവിധികളെ മാറ്റിയെടുക്കാൻ ഗോഷിയറുടെ കണ്ടെത്തൽ സഹായിച്ചു.

ട്രൈസോമി 21:
ശാസ്ത്രചരിത്രത്തിലെ വഴിത്തിരിവ്
1958-ൽ, ഗോഷിയർ ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടികളുടെ കോശങ്ങൾ പരിശോധിക്കുമ്പോൾ ഒരു നിർണായക സത്യം കണ്ടെത്തി. സാധാരണ മനുഷ്യകോശങ്ങളിൽ 46 ക്രോമസോമുകൾ ഉണ്ടായിരിക്കെ, ഈ കുട്ടികളുടെ കോശങ്ങളിൽ 47 ക്രോമസോമുകൾ ഉണ്ടായിരുന്നു. പ്രത്യേകിച്ച് 21ാം ജോഡി ക്രോമസോമിൽ ഒരു അധിക ക്രോമസോമാണ് ഈ അവസ്ഥയ്ക്ക് കാരണം എന്ന് അവർ തിരിച്ചറിഞ്ഞു. ഇതാണ് ഇന്ന് ട്രൈസോമി 21 (Trisomy 21) എന്ന പേരിൽ അറിയപ്പെടുന്നത്.
ഒരു ക്ലിനിക്കൽ അവസ്ഥയെ വ്യക്തമായ ഒരു ക്രോമസോം വ്യതിയാനവുമായി ബന്ധിപ്പിച്ചത് ശാസ്ത്രചരിത്രത്തിൽ ആദ്യ സംഭ വമായിരുന്നു. ഈ കണ്ടെത്തൽ ഡൗൺ സിൻഡ്രോമിനെ ചുറ്റിപ്പ റ്റിയുള്ള നൂറ്റാണ്ടുകളായുള്ള വംശീയവും അപമാനകരവുമായ ധാരണകളെ ശാസ്ത്രീയമായി തകർത്തു.
സഹപ്രവർത്തകന്റെ വഞ്ചന
എന്നാൽ ഈ മഹത്തായ കണ്ടെത്തലിന് അർഹമായ അംഗീകാരം ഗോഷിയർക്ക് ലഭിച്ചില്ല. കണ്ടെത്തലിന്റെ വ്യക്ത മായ ഫോട്ടോകൾ എടുക്കാൻ കഴിയുന്ന ഉപകരണം അവർക്കില്ലായിരുന്നു എന്നതാണ് ദുരന്തകരമായ വഴിത്തിരിവിനു കാരണം. സഹപ്രവർത്തകനായ ജെറോം ലെജ്യൂൺ (Jérôme Lejeune: 1926-1994) സഹായിക്കാമെന്ന പേരിൽ സ്ലൈഡുകൾ കൈപ്പറ്റി. എന്നാൽ അദ്ദേഹം അവ തിരികെ നൽകിയില്ല.
1959ൽ, ഗോഷിയറോട് ആലോചിക്കുകയോ സമ്മതം തേടുകയോ ചെയ്യാതെ, ലെജ്യൂൺ ആ കണ്ടെത്തൽ തന്റെ പേരിൽ ഗവേഷണപ്രബന്ധമായി പ്രസിദ്ധീകരിച്ചു. ഗോഷിയറുടെ പേര് രണ്ടാമതായി, അതും അക്ഷരത്തെറ്റുകളോടെയാണ് രേഖപ്പെടുത്തിയത്. ശാസ്ത്രപ്രബന്ധങ്ങളിൽ ആദ്യ ലേഖകനാണ് കൂടുതൽ അംഗീകാരം ലഭിക്കുക എന്ന യാഥാർത്ഥ്യം അറിഞ്ഞുകൊണ്ടുള്ള ബോധപൂർവമായ നീക്കമായിരുന്നു ഇത്. പതിറ്റാണ്ടുകളോളം ലെജ്യൂൺ ‘ആധുനിക ജനിതകശാസ്ത്രത്തിന്റെ പിതാവ്’ എന്ന പേരിൽ വാഴ്ത്തപ്പെട്ടപ്പോൾ, യഥാർത്ഥ കണ്ടെത്തൽ നടത്തിയ ഗോഷിയർ ഒരു ‘ടെക്നീഷ്യൻ’ മാത്രമായി ചുരുക്കപ്പെട്ടു. സ്വന്തം കണ്ടെത്തൽ കവർന്നെടുക്കപ്പെട്ടതിൽ മനംനൊന്ത് ഗോഷിയർ ജനിതക ശാസ്ത്ര ഗവേഷണം ഉപേക്ഷിച്ചു. തുടർന്ന് പീഡിയാട്രിക് കാർഡിയോളജിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഗോഷിയർ ഈ മേഖലയിലും മികച്ചനേട്ടങ്ങൾ കൈവരിച്ചു.
ശാസ്ത്രീയ പ്രസക്തി
ഗോഷിയറുടെ കണ്ടെത്തലിന്റെ പ്രാധാന്യം കേവലം ശാസ്ത്രീയം മാത്രമായിരുന്നില്ല. അതിനൊ രു വലിയ മാനുഷികതലം കൂടിയുണ്ടായിരുന്നു. ഡൗൺ സിൻഡ്രോം എന്നാൽ വംശീയ പ്രത്യേകതയല്ലെന്നും മറിച്ച് 21ാം ജോഡി ക്രോമസോമിലുണ്ടാകുന്ന ഒരു ജനിതക പിശകാണെന്നും (Trisomy 21) ഗോഷിയർ തെളിയിച്ചതോടെയാണ് 1965 ൽ ലോകാരോഗ്യസംഘടന ഇതിനെ 'ഡൗൺ സിൻ ഡ്രോം' എന്ന് പുനർനാമകരണം ചെയ്തത്. ഈ കണ്ടെത്തൽ മെഡിക്കൽ സൈറ്റോജനറ്റിക്സ് (Medical Cytogenetics) എന്ന പുതിയശാഖയുടെ വളർച്ചയ്ക്കും, ഗർഭകാല ജനിതകപരിശോധനകൾക്കും, ജനിതക കൗൺസിലിംഗിനും വഴിതുറന്നു. ഇന്ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് മുൻകൂട്ടി രോഗനിർണ്ണയവും മെച്ചപ്പെട്ട ചികിത്സാസഹായവും ലഭിക്കാനുള്ള കാരണം ഈ ഗവേഷണമാണ്.
വൈകിയെത്തിയ അംഗീകാരം
തന്റെ കണ്ടെത്തൽ തട്ടിയെടുക്കപ്പെട്ടതിലെ വേദനയിൽ, ഗോഷിയർ പിന്നീട് ജനിതക ഗവേഷണം ഉപേക്ഷിക്കുകയും പീഡിയാട്രിക് കാർഡിയോളജിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. അവിടെയും അവർ മികച്ചസേവനം നൽകി. പതിറ്റാണ്ടുകൾക്കുശേഷം, ചരിത്രരേഖകൾ പുനഃപരിശോധിക്കപ്പെട്ടപ്പോഴാണ് സത്യം വെളിച്ചത്തുവരുന്നത്. പതിറ്റാണ്ടുകൾക്കുശേഷം 2014ൽ ഫ്രഞ്ച് ഫെഡറേഷൻ ഓഫ് ഹ്യൂമൻ ജനറ്റിക്സ് അവർക്ക് അവാർഡ് നൽകിയപ്പോഴാണ് ഈ വഞ്ചന ലോകം ശ്രദ്ധിക്കു ന്നത്. ഇന്ന് ഈകണ്ടെത്തൽ ലെജ്യൂൺ-ഗോഷിയർ-ടർപിൻ കണ്ടെത്തൽ (Lejeune-Gautier-Turpin discovery) എന്നാണ് അറിയപ്പെടുന്നത്.

പാരമ്പര്യവും
ഓർമ്മപ്പെടുത്തലും
2022 ഏപ്രിൽ 30ന്, 96- മത്തെ വയസ്സിൽ മാർത്തേ ഗോഷിയർ അന്തരിച്ചപ്പോൾ, ലോകമാധ്യമങ്ങൾ അതൊരു പ്രധാന വാർത്തയാക്കിയില്ല. ശാസ്ത്രം നിഷ്പക്ഷമെന്ന് പറയപ്പെടുന്നുവെങ്കിലും, അതിന്റെ ചരിത്രം അധികാരബന്ധങ്ങളാലും ലിംഗവിവേചനങ്ങളാലും ആഴത്തിൽ സ്വാധീനിക്കപ്പെട്ടതാണെന്ന് ഗോഷിയറുടെ ജീവിതവും ഗവേഷണവും നമ്മെ ഓർമ്മിപ്പിക്കുന്നു.
മാർത്തേ ഗോഷിയർ ശാസ്ത്രത്തിലെ അനീതിക്കെതിരെയുള്ള നിശ്ശബ്ദപ്രതിരോധത്തിന്റെ പ്രതീകമാണ്. ചരിത്രത്തിന്റെ വിസ്മൃതിയിൽ നിന്ന് ഗോഷി യറെ വീണ്ടെടുക്കുന്നത്, ഒരു വ്യക്തിക്ക് നൽകുന്ന ആദരം മാത്രമല്ല, ശാസ്ത്രത്തെ കൂടുതൽ നീതിയുള്ളതാക്കാനുള്ള ഒരു നൈതികബാധ്യത കൂടിയാണ്.
പുരുഷാധിപത്യമുള്ള അക്കാദമിക് സംസ്കാരവും അധികാരബന്ധങ്ങളും ചേർന്നു സ്ത്രീകളുടെ സംഭാ വനകളെ മറച്ചുവെക്കുന്ന ഈ പ്രവണതയെ ‘മറ്റിൽഡ ഇഫക്റ്റ്’ എന്ന് വിളിക്കുന്നു. പ്രശസ്തരായ വർക്ക് അർഹതയിൽ കൂടുതൽ അംഗീകാരങ്ങൾ ലഭിക്കുന്ന പ്രവണതയെ ‘മാത്യു ഇഫക്റ്റ്’ എന്നും വിശേഷിപ്പിക്കാറുണ്ട്.
മറ്റിൽഡ ഇഫക്റ്റ്
സ്ത്രീശാസ്ത്രജ്ഞർ നടത്തുന്ന സുപ്രധാന കണ്ടെത്തലുകൾ ബോധപൂർവ്വമോ അല്ലാതെയോ അവഗണിക്കപ്പെടുകയും, പകരം അവർ കൈവരിച്ച നേട്ടങ്ങൾ അവരുടെ കടെയുള്ള പുരുഷ സഹപ്രവർത്തകർക്ക് ലഭിക്കുകയും ചെയ്യുന്ന പ്രതിഭാസമാണിത്. 1893-ൽ മറ്റിൽഡ ജോസ്‌ലിൻ ഗേജ് (Matilda Joslyn Gage) എന്ന അമേരിക്കൻ വനിതാവകാശപ്രവർത്തകയാണ് ഈ സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് 1993-ൽ ശാസ്ത്രചരിത്രകാരിയായ മാർഗരറ്റ് റോസിറ്റർ (Margaret Rossiter) ആണ് മറ്റിൽഡയുടെ ആദരസൂചകമായി ഇതിന് 'മറ്റിൽഡ ഇഫക്റ്റ്' എന്നുപേരു നൽകിയത്.
മാത്യു ഇഫക്റ്റ് (Matthew Effect)
പ്രശസ്തരായ വ്യക്തികൾക്ക് അവർ അർഹിക്കുന്നതിലും കൂടുതൽ അംഗീകാരങ്ങൾ ലഭിക്കുകയും, പ്രശസ്തരല്ലാത്തവർ (അവർ എത്ര വലിയ കണ്ടെത്തൽ നടത്തിയാലും) അവഗണിക്കപ്പെടുകയും ചെയ്യുന്ന പ്രവണതയാണിത്. 1968- ൽ പ്രശസ്ത സോഷ്യോളജിസ്റ്റായ റോബർട്ട് കെ. മെർട്ടൺ (Robert K. Merton) ആണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. ബൈബിളിലെ മത്തായിയുടെ സുവിശേഷത്തിലെ (Gospel of Matthew) 25:29 ാം വാക്യമായ ‘ഉള്ളവന് നൽകപ്പെടും; അവന് സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനിൽ നിന്നും ഉള്ളതുപോലും എടുക്കപ്പെടും’ എന്നതിനെ ആസ്പദമാക്കിയാണ് ഈ പേരു നൽകപ്പെട്ടത്.
READ: ഷിഗെല്ല എന്ന വില്ലന്‍
ഡിജിറ്റൽ കാലത്തെ
സ്വകാര്യത
കല്യാണമണ്ഡപത്തിൽ ഒരു വധു
കുട്ടികളിലെ
വൃക്കരോഗങ്ങൾ
കാരണം വ്യക്തമല്ലാത്ത ദീർഘകാല വൃക്കരോഗം (CKDu): വടക്കൻ കേരളം
ഹോട്ട്‌സ്പോട്ടാണോ?
സ്ഥായിയായ വൃക്കരോഗങ്ങൾ:
കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധം
ബ്യൂട്ടിഫുൾ ഗെയിം:
ഫുട്ബോളും ആരോഗ്യവും
പെട്ടെന്നുണ്ടാകുന്ന വൃക്കരോഗം:
കാരണങ്ങളും ചികിത്സയും
വൃക്കമാറ്റിവെക്കൽ
പുതിയ ജീവിതത്തിലേക്കുള്ള യാത്ര
ഡയാലിസിസ്;
തെറ്റിദ്ധാരണകൾക്കപ്പുറം
വൃക്കകളെ രക്ഷിക്കുന്ന
ജീവിതശൈലി ശീലങ്ങൾ
ശരീരത്തിന്റെ
നിശ്ശബ്ദ കാവൽക്കാരൻ
വീര്യം കുറഞ്ഞ മദ്യം
ഗുരുതര വെല്ലുവിളി തന്നെ
ബി.സി. റോയ് ബഹുമുഖപ്രതിഭയായ
ഭിഷഗ്വരൻ
‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

