കുട്ടികളിലെ
ഇമേജിംഗ്

കുട്ടികളിലെ ഇമേജിംഗ് ഭയപ്പെടേണ്ട ഒന്നല്ല. വിദഗ്ധ ഡോക്ടർമാരുടെയും മാതാപിതാക്കളുടെയും കുട്ടികളുടെയും ഏകോപനത്തോടെ സുരക്ഷിതവും ഫലപ്രദവുമായ രീതിയിൽ നടത്താം- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ഗായത്രി കെ.എസ്. എഴുതിയ ലേഖനം.

കുട്ടികളിൽ എപ്പോഴാണ് സ്കാൻ വേണ്ടത്? എന്തിനാണ് അത് ചെയ്യുന്നത്?
എങ്ങനെ സുരക്ഷിതമായി ചെയ്യാം?

റേഡിയോളജി എന്ന ശാഖയുടെ തുടക്കം റോൺജൻ 1895- ൽ എക്സ് റേ കണ്ടുപിടിക്കുന്നതോടെ ആയിരുന്നു. ശസ്ത്രക്രിയ നടത്താതെ മനുഷ്യ ശരീരത്തിലേക്ക് ഒരു എത്തിനോട്ടം അങ്ങനെ സാധ്യമായി. പിന്നീട് അൾട്രാ സൗണ്ട്, കംപ്യൂട്ടഡ് ടോമോഗ്രഫി, മാഗ്നെറ്റിക് റെസൊണൻസ് ഇമേജിങ് എന്നിവയുടെ ആവിർഭാവത്തോടെ മനുഷ്യശരീരത്തിന്റെ ദ്വിമാനചിത്രങ്ങൾ ത്രിമാന രൂപത്തിലേക്ക് വികസിച്ചു. ഇതോടെ രോഗനിർണയത്തിലും ചികിത്സാ പ്രതികരണത്തിലും റേഡിയോളജി അനിവാര്യഘടകമായി മാറി. എന്നാൽ കുട്ടികളിൽ ഇമേജിംഗ് ചെയ്യുമ്പോൾ പ്രത്യേക കരുതലുകൾ അനിവാര്യമാണ്.

എന്തുകൊണ്ട് പ്രത്യേക ശ്രദ്ധ?

കുട്ടികളിൽ കോശവിഭജനവും വളർച്ചയും അതിവേഗത്തിലാണ് നടക്കുന്നത്. അതുകൊണ്ട് എക്സ്റേ രശ്മികളുമായുള്ള ചുരുങ്ങിയ സമ്പർക്കം പോലും ദീർഘകാല ദോഷഫലങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.അതുകൊണ്ടുതന്നെ “As Low As Reasonably Achievable (ALARA)” — “സാധ്യമായത്ര കുറഞ്ഞ തോതിൽ മാത്രം ഉപയോഗിക്കുക” എന്ന തത്വം കുട്ടികളിലെ ഇമേജിംഗിൽ അനിവാര്യമാണ്.

പ്രധാന ഇമേജിംഗ് മാർഗങ്ങൾ

എക്സ്- റേ (X-ray):

വേഗത്തിലും എളുപ്പത്തിലും ലഭ്യമാകുന്ന പരിശോധനയാണ് എക്സ്-റേ. ശരീരത്തിന്റെ ദ്വിമാന ചിത്രങ്ങളാണ് ലഭ്യമാകുക. ലഭ്യമായ സങ്കേതങ്ങളിൽ ഏറ്റവും ചെലവ് കുറച്ച് ഫലപ്രദമായ നിഗമനങ്ങളിലേക്കെത്താൻ എക്സ് റേ വഴി സാധ്യമാണ്. പലപ്പോഴും മറ്റു സങ്കേതങ്ങളുടെ ആവശ്യകത നിർണയിക്കുന്നത് എക്സ് റേക്ക് ശേഷമായിരിക്കും. അസ്ഥി പൊട്ടലുകൾ, ന്യൂമോണിയ, നെഞ്ചുവേദന, വയറുവേദന, പല്ലുകളുടെ ചികിത്സ എന്നിവക്കെല്ലാം ആദ്യം എടുക്കുന്നത് എക്സ്-റേ ആയിരിയ്ക്കും. ലെഡ് ആപ്രൺ, നെക്ക് ഷീൽഡ് മുതലായ സംരക്ഷണോപാധികൾ ഉപയോഗിക്കണം. കുട്ടിക്കൊപ്പമുള്ള മുതിർന്ന വ്യക്തിയും സംരക്ഷണത്തിനുള്ള നടപടികൾ സ്വീകരിക്കേണ്ടതായുണ്ട്. റേഡിയേഷൻ ഉള്ളതിനാൽ ആവർത്തിച്ച് ഉപയോഗിക്കുന്നത് ഒഴിവാക്കണം.

സി.ടി സ്കാൻ (CT Scan):

ശരീരത്തിന്റെ ത്രിമാന ചിത്രീകരണത്തിന് എക്സ് റേ ഉപയോഗിച്ച് തന്നെ നടത്തുന്ന പഠനമാണ് കംപ്യൂട്ടഡ് ടോമോഗ്രഫി. അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം തലച്ചോറിലെ പരിക്കുകൾ, ആന്തരിക രക്തസ്രാവം എന്നിവയിൽ ഉപയോഗിക്കുന്നു. കുട്ടികളിൽ ലോ-ഡോസ് പ്രോട്ടോക്കോൾ ഉപയോഗിച്ച് റേഡിയേഷൻ തോത് കുറച്ച് ഉപയോഗിക്കുന്ന രീതി ഇപ്പോൾ കൂടുതൽ ആയി ഉപയോഗിക്കുന്നു .

അൾട്രാസൗണ്ട് (Ultrasound):

ഭ്രൂണാവസ്ഥ മുതൽ തന്നെ ഉപയോഗിക്കാവുന്ന ഏറ്റവും സുരക്ഷിതവും ചെലവ് കുറഞ്ഞതും സാധാരണവുമായ പരിശോധനയാണ്. ശബ്ദവീചികൾ ഉപയോഗിക്കുന്നതിനാൽ റേഡിയേഷൻ അപകടം ഇല്ല. കരൾ, വൃക്ക, സ്പ്ലീൻ, തൈറോയ്ഡ് തുടങ്ങിയ മൃദുവായ അവയവങ്ങൾ വിലയിരുത്താനും രക്തക്കുഴലുകളിലെ രക്തപ്രവാഹം അളക്കാനും ഇത് തിരഞ്ഞെടുക്കപ്പെടുന്നു. നവജാത ശിശുക്കളിലും വളരെ ചെറിയ കുട്ടികളിലും തലയോട്ടിയിലെ അസ്ഥികൾ കൂടിച്ചേരാത്തതി നാൽ അൾട്രാസൗണ്ട് സങ്കേതം ഉപയോഗിച്ച് തലച്ചോറിന്റെ പരി ശോധന നടത്താറുണ്ട്. തത്സമയം നടത്തുന്ന പഠനം ആയതിനാൽ കുട്ടി അനങ്ങാതെ കിടക്കേണ്ടത് അനിവാര്യമാണ്. ആവർ ത്തന പരിശോധനകൾക്ക് സുര ക്ഷിതവും ചിലവ് കുറഞ്ഞതുമായ അൾട്രാസൗണ്ട് സങ്കേതമാണ് അഭികാമ്യം.

എം.ആർ.ഐ (MRI):

കാന്തികവലയത്തിന്റെ സഹായത്തോടെയുള്ള ഈ രീതിയിൽ റേഡിയേഷനില്ല. മസ്തിഷ്കം, പേശികൾ, ടെൻഡൻ, കാർട്ടിലേജ്, ട്യൂമറുകൾ എന്നിവ വിലയിരുത്താൻ മികച്ചതാണ്. പഠനത്തിനായി എടുക്കുന്ന സമയം കൂടുതലായതിനാൽ ചിലപ്പോൾ കുട്ടിയെ മയക്കി കിടത്തേണ്ടി വന്നേക്കാം. ലോഹവസ്തുക്കൾ, ഫോണുകൾ, പേസ്മേക്കർ തുടങ്ങിയവ MRI മുറിയിലേക്ക് കൊണ്ടുപോകാൻ പാടില്ല. താരതമ്യേന ചെലവ് കൂടിയ സങ്കേതമാണ് MRI.

ആരാണ് ഏത് സ്കാൻ വേണമെന്ന് തീരുമാനിക്കുന്നത്?

കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറും റേഡിയോളജിസ്റ്റും ചേർന്നാണ് സ്കാനിന്റെ ആവശ്യകതയും തരവും തീരുമാനിക്കുന്നത്.

റേഡിയോളജിസ്റ്റിന്റെ ഉത്തരവാദിത്വം രോഗം കണ്ടെത്തുന്നതിൽ മാത്രമല്ല, കുട്ടിയെ റേഡിയേഷനിൽ നിന്ന് സംരക്ഷിക്കുന്നതിലുമാണ്. ശിശുസൗഹൃദ സമീപനം, കുട്ടികൾക്ക് ഭയം തോന്നാതിരിക്കാനുള്ള സൗകര്യങ്ങൾ എന്നിവ ഒരുക്കണം.കാർട്ടൂൺ ചിത്രങ്ങൾ, വിഡിയോകൾ, സംഗീതം, രക്ഷിതാവിന്റെ സാന്നിധ്യം എന്നിവ സ്കാൻ ഭയം കുറയ്ക്കും. ചില ആശുപത്രികളിൽ “Mock MRI scanner” സ്ഥാപിച്ച് കുട്ടിയെ മുൻകൂറായി പരിചയപ്പെടുത്തുന്ന രീതിയും നിലവിലുണ്ട്.

സുരക്ഷിത ഇമേജിംഗിനുള്ള മാർഗങ്ങൾ

  • പ്രായം, ഭാരം, രോഗകാരണങ്ങൾ അനുസരിച്ച് ശരിയായ സങ്കേതം തിരഞ്ഞെടുക്കുക.

  • ലോ-ഡോസ് പ്രോട്ടോക്കോൾ പാലിക്കുക.

  • പുനരാവർത്തന സ്കാനുകൾ പരിമിതപ്പെടുത്തുക.

  • അൾട്രാസൗണ്ട് പരമാവധി പ്രയോജനപ്പെടുത്തുക.

  • രക്ഷിതാക്കളോട് പരിശോധനയുടെ ആവശ്യകത വിശദീകരിക്കുക.

  • ആവർത്തിച്ച CT സ്കാനുകൾ ക്കുശേഷം തൈറോയ്ഡ് പ്രവർത്തനം നിരീക്ഷിക്കുക.

  • ശാന്തരായ രക്ഷിതാക്കൾക്കൊപ്പം കുട്ടി കൂടുതൽ സഹകരിക്കും.

  • ശാസ്ത്രീയ ബോധവൽക്കരണം റേഡിയോളജിസ്റ്റിന്റെയും ടെക്നോളജിസ്റ്റിന്റെയും പ്രധാന ഉത്തരവാദിത്തമാണ്.

രക്ഷിതാക്കൾ അറിയേണ്ടത്

“റേഡിയേഷൻ അപകടകരമല്ലേ?” എന്ന ഭയം സാധാരണമാണ്. എന്നാൽ എല്ലാ പരിശോധനകളിലും എക്സ് റേ രശ്മികൾ ഉപയോഗിക്കുന്നില്ല. ഡോക്ടറോട് ചോദിച്ച് പരിശോധനയുടെ ആവശ്യകത മനസിലാക്കുക. ഡോക്ടർ നിർദ്ദേശിക്കുന്ന സ്കാനിംഗ് കാലതാമസമില്ലാതെ നടത്തുകയും അത് വഴി കുട്ടിയുടെ രോഗചികിത്സ ത്വരിതപ്പെടുത്തുകയും ചെയ്യുക.

കുട്ടി നന്നായി മയങ്ങിയശേഷം മാത്രം സ്കാനിനായി കിടത്തുവാൻ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം സ്കാനറിൽ അനാവശ്യമായി കിടത്തുക / റേഡിയേഷൻ എന്നീ സാധ്യതകളുണ്ട്.

നിങ്ങളിലെ ഭയം കുട്ടി തിരിച്ചറിയും, അതിനാൽ ആത്മവിശ്വാസത്തോടെ കുട്ടിക്കൊപ്പം ഉണ്ടാവാൻ ശ്രദ്ധിക്കുക. റേഡിയോളജി വിഭാഗം നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.

പ്രതിരോധാരോഗ്യത്തിലെ പങ്ക്

ഇമേജിംഗ് രോഗനിർണയത്തിനുള്ള മാർഗം മാത്രമല്ല, പ്രതിരോധാരോഗ്യത്തിന്റെ ഭാഗവുമാണ്. ജനിതക വൈകല്യങ്ങൾ, വളർച്ചാപ്രശ്നങ്ങൾ, എല്ല് രോഗങ്ങൾ, ജീവിതശൈലി സംബന്ധമായ അസുഖങ്ങൾ എന്നിവ നേരത്തെ തിരിച്ചറിയാനും ഭാവിയിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ഇമേജിങ് സഹായിക്കുന്നു. Image Gently Campaign, Pediatric Dose Optimization തുടങ്ങിയ പദ്ധതികൾ വഴി ലോകമെമ്പാടും കുട്ടികളിലെ സുരക്ഷിത ഇമേജിംഗിനായി ബോധവൽക്കരണം നടന്നു വരുന്നു.

പുതിയ ഗവേഷണങ്ങളിലൂടെ കുറഞ്ഞ റേഡിയേഷൻ തോത് ഉപയോഗിച്ച് മികച്ച ചിത്രങ്ങൾ സൃഷ്ടിക്കുവാനാവും. ആധുനിക സാങ്കേതിക വിദ്യകൾക്കൊപ്പം കൃത്രിമ ബുദ്ധിയുടെ ഉപയോഗവും ചേരുമ്പോൾ സുരക്ഷിതമായ എന്നാൽ ഫലപ്രദമായ രീതിയിൽ ചിത്രങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്നു.

കുട്ടികളിലെ ഇമേജിംഗ് ഭയപ്പെടേണ്ട ഒന്നല്ല. വിദഗ്ധ ഡോക്ടർമാരുടെയും മാതാപിതാക്കളുടെയും കുട്ടികളുടെയും ഏകോപനത്തോടെ സുരക്ഷിതവും ഫലപ്രദവുമായ രീതിയിൽ നടത്താം.

READ : മുഴയും വീക്കവും
സ്‌കാനിംഗിന്റെ
അകക്കണ്ണിലൂടെ

നേരത്തെ കണ്ടെത്താം, സ്തനാർബുദം

ബ്രസ്റ്റ് കാൻസർ
നേരത്തെ കണ്ടുപിടിക്കാം; സ്‍ക്രീനിങ് മാമോഗ്രാമും
ഡയഗ്നോസ്റ്റിക് മാമോഗ്രാമും

കീഹോളിൽനിന്ന് പിൻഹോളിലേക്ക്;​
ഇന്റർവെൻഷനൽ
റേഡിയോളജി

എം.ആർ.ഐ സ്‌കാൻ
എന്ത്, എങ്ങനെ, എപ്പോൾ?

ഫീറ്റൽ റേഡിയോളജി: ഗർഭത്തിലെ കുഞ്ഞുമായി ബന്ധിപ്പിക്കുന്ന വിശ്വസനീയ സഹായി

പ്രമേഹവും കണ്ണും

വേദനിപ്പിക്കുന്ന
ഒരു റഫറലിന്റെ ഓർമ്മ

ലഹരിയിൽ ഉലയുന്ന
കൗമാര മനസ്സും ശരീരവും; വസ്തുതകളും പ്രതിരോധവും

കുഞ്ഞുങ്ങൾക്ക്
മരുന്നു കൊടുക്കുമ്പോൾ

ഉയരക്കുറവ് എന്തുകൊണ്ട്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു ഫാമിലി
ഫുഡ് വ്ലോഗ്

എന്തുകൊണ്ട് എന്റെ കുട്ടി
ഇങ്ങനെ പെരുമാറുന്നു?

കുട്ടികളിലെ
ആവർത്തിച്ചുള്ള പനി;
കാരണങ്ങൾ, പ്രതിവിധികൾ

ഡിജിറ്റൽ മീഡിയ ഉപയോഗം: എങ്ങനെ നമ്മുടെ കുട്ടിയെ നല്ല ഡിജിറ്റൽ സിറ്റിസൺ ആക്കാം?

നവജാതശിശുക്കളുടെ
സ്‌ക്രീനിംഗ്

ഒരിക്കലും അധികപ്പറ്റല്ല
ഈ വാക്സിനുകൾ

സാൽക്കും സബിനും:
ശാസ്ത്രം സമൂഹത്തിനു വേണ്ടി

കടവുൾ
അവതാരം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments