സൾഫൈറ്റുകൾ;
അലർജിയിലെ
അദൃശ്യ വില്ലൻമാർ

വിപണിയിൽ ലഭിക്കുന്ന തിളക്കമുള്ള ഉണക്കമുന്തിരി, പലതരം ഉണങ്ങിയ ഭക്ഷണങ്ങൾ, കടൽ വിഭവങ്ങൾ-പ്രത്യേകിച്ച് ചെമ്മീൻ, കൊഞ്ച്, ഉണക്കമീൻ-ഇവയെല്ലാം കേടുകൂടാതെ സൂക്ഷിക്കാൻ പലപ്പോഴും സൾഫൈറ്റ് പൊടി ഉപയോഗിക്കുന്നു. ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, റെഡി-ടു-കുക്ക് ചപ്പാത്തികൾ, ചിലതരം ബിസ്‌കറ്റുകൾ, പായ്ക്കറ്റ് ചിപ്സുകൾ- ഇവയിലെല്ലാം ഒരു വില്ലൻ ഒളിഞ്ഞിരിപ്പുണ്ട്- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. അനുരൂപ് ശങ്കർ എസ്. എഴുതിയ ലേഖനം.

ന്ന് ക്ലിനിക്കിലേക്ക് വന്ന മാധവൻ, 45 വയസ്സുകാരൻ, മുഖത്ത് വ്യക്തമായൊരു ഭീതിയുമായാണ് ഇരുന്നത്. ആരോഗ്യവാനായ വ്യക്തി-വ്യായാമം ചെയ്യുന്നവൻ, പുകവലി പോലുള്ള ദുഃശ്ശീലങ്ങളൊന്നുമില്ല. അലർജിരോഗങ്ങൾ ഇല്ല. എന്നിട്ടും കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു പ്രാവശ്യം ശ്വാസംമുട്ടലിനെത്തുടർന്ന് അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടിവന്നു. കുട്ടിക്കാലത്തോ, കുടുംബത്തിലോ, ആസ്തമയോ മറ്റ് അലർജികളോ ഒന്നുമില്ലായിരുന്നു.

“ഡോക്ടർ, ഇത് കൂടുതലും രാത്രി ഭക്ഷണത്തിന് ശേഷമാണ് സംഭവിക്കുന്നത്. ഞാൻ കഴിക്കുന്നത് വീട്ടിലെ ഭക്ഷണമാണ്- പഴങ്ങളും ഡേറ്റ്സും ഒക്കെയാണ്. വീട്ടിലെ മറ്റാർക്കും ഒരു പ്രശ്‌നവും ഇല്ല,” മാധവൻ പറഞ്ഞു.

ആസ്തമ എന്ന അസുഖം അലർജി കൊണ്ടു വരുന്നതാണെന്ന് അയാൾക്കറിയാമായിരുന്നു. എന്നാൽ നമ്മൾ ഒട്ടും ചിന്തിക്കാത്ത ആഹാരങ്ങൾ ആസ്തമ ഉണ്ടാക്കും എന്ന ഒരു വിവരം അദ്ദേഹത്തിനു മനസിലാക്കിക്കൊടുക്കേണ്ടി വന്നു. നമ്മളിൽ ചിലരെ നിശ്ശബ്ദമായി ശ്വാസംമുട്ടിക്കുന്ന, ഭക്ഷണത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒരു ‘അദൃശ്യ വില്ലന്റെ’ ഇരയാണ് അയാൾ. ആ വില്ലന്റെ പേര്-സൾഫൈറ്റുകൾ.

സൗന്ദര്യത്തിന് പിന്നിലെ ചതി

നമ്മളുടെ കണ്ണുകളെ തൃപ്തിപ്പെടുത്തുവാനാണ് സൾഫൈറ്റുകൾ ഉപയോഗിക്കുന്നത്. അതായത്, ഭക്ഷണത്തിന് ആകർഷണീയത നൽകാനാണ് സൾഫൈറ്റുകൾ പ്രധാനമായും ഉപയോഗിക്കുന്നത്. ഉണക്കമുന്തിരിക്ക് സ്വർണ്ണവർണ്ണം വേണം; ചെമ്മീൻ കറുത്തുപോകരുത്; കുപ്പിയിലടച്ച നാരങ്ങാനീര് മാസങ്ങളോളം തെളിച്ചത്തോടെ നിലനിൽക്കണം.

പ്രകൃതിയിൽ ലഭിക്കുന്ന ഏതൊരു ഭക്ഷണവസ്തുവും- പഴങ്ങളായാലും പച്ചക്കറികളായാലും- മുറിച്ചുവെച്ചാൽ അല്പസമയം കൊണ്ട് നിറം മങ്ങുന്നത് സ്വാഭാവിക പ്രക്രിയയാണ്. ഈ സ്വാഭാവികതയെ തടയാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് സൾഫൈറ്റുകൾ. ഇവ പുറത്തുവിടുന്ന സൾഫർ ഡയോക്‌സൈഡ് വാതകം ഭക്ഷണത്തെ കൃത്രിമമായി ‘ഫ്രഷ്’ ആക്കി നിലനിർത്തുന്നു.

ആർക്കാണ് സൾഫൈറ്റുകൾ അപകടമാകുന്നത്?

ആസ്തമ രോഗികളിൽ ഏകദേശം 3–10% വരെ പേർക്ക് സൾഫൈറ്റ് സെൻസിറ്റിവിറ്റി ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു. പ്രത്യേകിച്ച് സ്ഥിരമായി സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിക്കേണ്ടിവരുന്ന, തീവ്രതയേറിയ ആസ്ത്മയുള്ള രോഗികളിൽ ഈ പ്രശ്‌നം കൂടുതലായി കാണപ്പെടുന്നു.

ചില വ്യക്തികളിൽ സൾഫൈറ്റ് ഓക്‌സിഡേസ് എന്ന എൻസൈമിന്റെ കുറവ് കാരണം, ശരീരത്തിൽ സൾഫൈറ്റുകൾ കൂടുതൽ സമയം നിലനിൽക്കുകയും, അതിനാൽ വളരെ ചെറിയ അളവിൽ പോലും ഗുരുതരമായ പ്രതികരണങ്ങൾ ഉണ്ടാകുകയും ചെയ്യാം.

ആസ്തമ മാത്രം അല്ല

സൾഫൈറ്റ് അലർജി ശ്വാസകോശത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല. ചിലരിൽ ഇത് മുഖം ചുവന്ന് തടിക്കൽ (flushing), കണ്ണിൽ ചൊറിച്ചിൽ, നിർത്താതെയുള്ള തുമ്മൽ, മൂക്കടപ്പ് എന്നിവയായി പ്രകടമാകാം.

മറ്റു ചിലരിൽ, ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഭക്ഷണം കഴിച്ച് മിനിറ്റുകൾക്കുള്ളിൽ ഉണ്ടാകുന്ന വയറുവേദനയും വയറിളക്കവും പലപ്പോഴും ‘ഭക്ഷ്യവിഷബാധ’ യായി തെറ്റിദ്ധരിക്കപ്പെടുന്നു. വിട്ടുമാറാത്ത തലവേദനയ്ക്കും മൈഗ്രേനുമെല്ലാം പിന്നിൽ പോലും, ചിലപ്പോൾ ഈ രാസവസ്തുക്കളാകാം.

മാധവന്റെ കാര്യത്തിലും, സൾഫൈറ്റ് ഓക്‌സിഡേസ് എൻസൈമിന്റെ കുറവ് അദ്ദേഹത്തെ ഈ അദൃശ്യ വില്ലന്റെ മുന്നിൽ അശക്തനാക്കിയിരിക്കാം.

കേരളത്തിലെ തീൻമേശകളിലെ അപകടം

ഒരു കാലത്ത് നമ്മൾ പറമ്പിൽ നിന്ന് പറിച്ച പച്ചക്കറികളും കടലിൽ നിന്നു പിടിച്ച മീനുകളും ഭക്ഷ്യസംസ്കരണശാലകളിൽ എത്തുന്നതിനു മുമ്പായിരുന്നു ഭക്ഷിച്ചത്. ഇന്ന്, നമ്മൾ സൂപ്പ ർമാർക്കറ്റുകളും ഹോം ഡെലിവറി സംസ്കാരവും ആശ്രയിക്കുന്നവരാണ്.

വിപണിയിൽ ലഭിക്കുന്ന തിളക്കമുള്ള ഉണക്കമുന്തിരി, പലതരം ഉണങ്ങിയ ഭക്ഷണങ്ങൾ, കടൽ വിഭവങ്ങൾ-പ്രത്യേകിച്ച് ചെമ്മീൻ, കൊഞ്ച്, ഉണക്കമീൻ-ഇവയെല്ലാം കേടുകൂടാതെ സൂക്ഷിക്കാൻ പലപ്പോഴും സൾഫൈറ്റ് പൊടി ഉപയോഗിക്കുന്നു. പാക്കറ്റിൽ കിട്ടുന്ന ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, റെഡി-ടു-കുക്ക് ചപ്പാത്തികൾ, ചിലതരം ബിസ്‌കറ്റുകൾ, പായ്ക്കറ്റ് ചിപ്‌സുകൾ- ഇവയിലെല്ലാം ഈ വില്ലൻ ഒളിഞ്ഞിരിപ്പുണ്ട്.

ആശുപത്രികളിലേയും അദൃശ്യസാന്നിധ്യം

ഭക്ഷണത്തിൽ മാത്രമല്ല, ആശുപത്രികളിൽ ഉപയോഗിക്കുന്ന ചില മരുന്നുകളിലും പ്രിസർവേറ്റീവ് ആയി സൾഫൈറ്റുകൾ ചേർക്കാറുണ്ട്. അതിനാൽ, സാധാരണയായി അലർജി ഉണ്ടാക്കാറില്ലാത്ത ചില മരുന്നുകൾ പോലും, സൾഫൈറ്റുകളുടെ സാന്നിധ്യം മൂലം അപ്രതീക്ഷിതമായ അലർജിക്ക് കാരണമാകുന്ന സാഹചര്യമുണ്ടാകുന്നു.

വില്ലനെ എങ്ങനെ നേരിടാം?

സൾഫൈറ്റ് അലർജിക്ക് ഒരു മാന്ത്രിക ഗുളികയോ ഉടൻ പരിഹാരമോ ഇല്ല. ഭക്ഷണരീതി മാറ്റുകയാണ് ഏറ്റവും പ്രധാനപ്പെട്ട ചികിത്സ.

  • പായ്ക്കറ്റ് ഭക്ഷണങ്ങളുടെ പുറകിലെ ലേബലുകൾ സൂക്ഷ്മമായി വായിക്കുക.

  • E 220 മുതൽ E 228 വരെ രേഖപ്പെടുത്തിയ ഭക്ഷണവസ്തുക്കളെ ഒരു ബോംബിനെപ്പോലെ കണ്ട് ഒഴിവാക്കുക.

  • ‘ഫ്രഷ്’ ആയ ഭക്ഷണത്തിന് സ്വാഭാവികമായൊരു ആയുസ്സ് മാത്രമേയുള്ളൂവെന്ന് അംഗീകരിക്കുക.

  • മുറിച്ചുവെച്ച ആപ്പിൾ കറുത്തുപോകുന്നുവെങ്കിൽ, അത് സുരക്ഷിതമാണെന്നു മനസ്സിലാക്കുക.

  • നിറമില്ലാത്ത ഉണക്കമുന്തിരിയാണ് യഥാർത്ഥം എന്നു തിരിച്ചറിയുക.

  • പ്രകൃതിയോടു ചേർന്ന, ലളിതമായ ഭക്ഷണരീതിയിലേക്കുള്ള തിരിച്ചുപോക്കാണ് ശരിയായ വഴി.

മാധവനെപ്പോലുള്ള രോഗികൾക്ക് ഞാൻ നൽകുന്ന ഉപദേശം ലളിതമാണ്: “നിറമുള്ള ചതിക്കുഴികളിൽ വീഴാതിരിക്കുക; പ്രകൃതിയുടെ സ്വാഭാവികതയെ സ്‌നേഹിക്കുക.”

നമ്മൾ കാണുന്ന തിളക്കമൊക്കെയും ആരോഗ്യത്തിന്റെ അടയാളമല്ല. ചിലപ്പോൾ, അതിന് പിന്നിൽ നമ്മുടെ ശ്വാസത്തെ തന്നെ കവർന്നെടുക്കുന്ന ഒരു അദൃശ്യ വില്ലൻ ഒളിച്ചിരിക്കാം.

ശ്രദ്ധിക്കേണ്ട കാര്യം: പലരും "സൾഫർ" (Sulfur) എന്ന മൂലകത്തോടാണ് അലർജി എന്ന് തെറ്റിദ്ധരിക്കാറുണ്ട്. സൾഫർ നമ്മുടെ ശരീരത്തിന് ആവശ്യമായ മൂലകമാണ്, അതിനോട് ആർക്കും അലർജി ഉണ്ടാകില്ല. മുകളിലെ രണ്ട് അവസ്ഥകളും സൾഫറുമായി നേരിട്ട് ബന്ധമുള്ളതല്ല, മറിച്ച് ആ രാസസംയുക്തങ്ങളുടെ പ്രത്യേക ഘടനയോടാണ് ശരീരം പ്രതികരിക്കുന്നത്.

READ: ആർദ്രമായ
ആ കണ്ണുകൾ

മൃഗങ്ങളുടെ
കടിയേറ്റാൽ;
പ്രഥമശുശ്രൂഷയും
തുടർനടപടികളും

മോഹാലസ്യം

Stroke
മസ്തിഷ്കാഘാതം

ആത്മഹത്യാ
പ്രതിരോധം

പ്രഥമശുശ്രൂഷയും അബോധാവസ്ഥയിലുള്ള
രോഗിയെ കിടത്തുന്ന രീതിയും

ആഘാത പ്രതിരോധം
എന്ന ജീവിതസംസ്കാരം

ഗർഭിണികളിലെ
സി.പി.ആർ

തൊണ്ടയിൽ
ഭക്ഷണം കുടുങ്ങിയാൽ

നെഞ്ചിലുണ്ട്
ഒരു ജീവൻ,
അതിനെ രക്ഷിക്കാം

കുട്ടികളുടെ
ജീവൻ രക്ഷിക്കാൻ…, ആരോഗ്യപ്രവർത്തകർ
അറിയേണ്ടത്

പരിക്കേറ്റവരെ
ആശുപത്രിയിൽ
എത്തിക്കുമ്പോൾ

‘ട്രയാജ്’:
അപകടങ്ങളിൽ
ജീവൻ രക്ഷിക്കാനുള്ള
ലളിത മാർഗം

അപകടത്തിൽ
പെടുന്നവരെ
എങ്ങനെ
സഹായിക്കാം?

അടിയന്തര ഘട്ടങ്ങളിൽ
ജീവൻ രക്ഷിക്കാൻ
എന്തു ചെയ്യണം?

യുദ്ധവും
പ്രവാസികളുടെ
ആരോഗ്യ ആശങ്കകളും

പാമ്പുകടി
ഏൽക്കാതിരിക്കാൻ,
കടിയേറ്റാൽ
എന്തു ചെയ്യണം?

പൊള്ളിപ്പടർന്ന
സ്വപ്നങ്ങൾ

സർക്കാർ
ഡോക്ടർമാ​ർക്കെതിരായ അക്രമം
സിസ്റ്റം തകരാറോ?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments