വസൂരി നിർമ്മാർജ്ജനം:
ജാനറ്റ് പാർക്കറിന്റെ
അറിയപ്പെടാത്ത കഥ

ആധുനിക വൈദ്യശാസ്ത്രത്തെ സംബന്ധിച്ച് വസൂരി എന്ന രോഗം സംഭ്രമജനകമായ അനവധി ചരിത്രസംഭവങ്ങളുടെ കൂടി ഓർമയാണ്. ഇരുപതാം നൂറ്റാണ്ടിൽ മാത്രം 30 കോടി പേരുടെ ജീവൻ അപഹരിച്ച ഈ രോഗത്തിന്റെ വിസ്മയിപ്പിക്കുന്ന പടർച്ചകളെക്കുറിച്ച് ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ബി. ഇക്ബാൽ എഴുതിയ ലേഖനം.

ഡ്വേർഡ് ജെന്നറുടെ ചരിത്രം സൃഷ്ടിച്ച വസൂരി വാക്സിനേഷൻ കണ്ടെത്തലിനെ (1796) തുടർന്നും പല രാജ്യങ്ങളിലും വസൂരി പടർന്നു പിടിച്ചുകൊണ്ടിരുന്നു. മിക്ക വികസ്വര രാജ്യങ്ങൾക്കും ഫലപ്രദമായ വാക്സിനുകൾ ഉല്പാദിപ്പിക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ ഉള്ള സംവിധാനങ്ങളോ സാമ്പത്തിക ശേഷിയോ ഉണ്ടായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിൽ മാത്രം 30 കോടി പേരുടെ ജീവനാണ് വസൂരി അപഹരിച്ചത്. ആഫ്രിക്കയിലും ഏഷ്യയിലുമുള്ള നിരവധി രാജ്യങ്ങളിൽ വസൂരി അനേകരുടെ ജീവനപഹരിച്ചുകൊണ്ട് പ്രാദേശിക രോഗമായി (Endemic Disease) നിലനിന്നിരുന്നു.

അതീവ ഗുരുതരമായ ഈ സ്​ഥിതി വിശേഷത്തെ നേരിടുന്നതിന് ലോകാരോഗ്യ സംഘടന 1959- ൽ ആഗോളതലത്തിൽ വസൂരി നിർമ്മാർജ്ജനപദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചു. എന്നാൽ വിഭവദാരിദ്രം, അവശ്യമായ മനുഷ്യവിഭവ ശേഷിയുടെ കുറവ്, ലോകരാജ്യങ്ങളിൽ നിന്ന് വേണ്ടത്ര സഹകരണം ലഭിക്കാതിരുന്നത്, വാക്സിൻ അവശ്യാനുസരണം ലഭ്യമല്ലാതിരുന്നത് തുടങ്ങിയ പല കാരണങ്ങൾ മൂലം പദ്ധതി വിജയിച്ചില്ല. ഇത്തരം കുറവുകൾ പരിഹരിച്ച് പത്ത് വർഷത്തിനകം ഭൂമുഖത്തുനിന്ന് വസൂരി തുടച്ചുനീക്കുന്നതിനുള്ള പ്രത്യാശാനിർഭരമായ ഊർജ്ജിത വസൂരി നിർമ്മാർജ്ജന പദ്ധതി (Intensified Small Pox Eradication Programme) 1966- ൽ പ്രഖ്യാപിച്ചു. 1967- ൽ സമാരംഭിച്ച പദ്ധതിയുടെ ഭാരിച്ച ചുമതല പ്രസിദ്ധ അമേരിക്കൻ രോഗവ്യാപന ശാസ്ത്രജ്ഞനും (Epidemiolgist) ജോൺ ഹോപ്കിൻസ് പബ്ലിക്ക് ഹെൽത്ത് ഡീനുമായിരുന്ന ഡൊണാൾഡ് ഹെൻഡേഴ്സണെയാണ് (Donald Ainslie Henderson: 1928 –2016) ലോകാരോഗ്യ സംഘടന ഏല്പിച്ചത്. പകർച്ചവ്യാധി നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ പരിചയസമ്പത്തും പ്രതിബദ്ധതയുമുള്ള വിദഗ്ധനായിരുന്നു ഹെൻഡേഴ്സൺ. 1960 മുതൽ 65 വരെ അദ്ദേഹം അമേരിക്കയിലെ സെൻ്റർ ഫോർ ഡിസീസ് കൺട്രോളിന്റെ വൈറസ് രോഗനിരീക്ഷണ പരിപാടിയുടെ മേധാവിയായിട്ടാണ് പ്രവർത്തി ച്ചിരുന്നത്.

എഡ്വേർഡ് ജെന്നറുടെ ചരിത്രം സൃഷ്ടിച്ച വസൂരി വാക്സിനേഷൻ കണ്ടെത്തലിനെ (1796) തുടർന്നും പല രാജ്യങ്ങളിലും വസൂരി പടർന്നു പിടിച്ചുകൊണ്ടിരുന്നു.
ഡ്വേർഡ് ജെന്നറുടെ ചരിത്രം സൃഷ്ടിച്ച വസൂരി വാക്സിനേഷൻ കണ്ടെത്തലിനെ (1796) തുടർന്നും പല രാജ്യങ്ങളിലും വസൂരി പടർന്നു പിടിച്ചുകൊണ്ടിരുന്നു.

അക്കാലത്ത് ഹെൻഡേഴ്സൺ പ്രസിദ്ധ പൊതുജനാരോഗ്യ വിദഗ്ധൻ അലക്സാർ ലാംഗ് മുയിറുമായി (Alexander Duncan Langmuir 1910–1993) ചേർന്ന് പശ്ചിമ മധ്യ ആഫ്രിക്കയിലെ 18 രാജ്യങ്ങളിൽ വസൂരി, മീസിൽസ് രോഗങ്ങൾ അഞ്ചുവർഷം കൊണ്ട് നിയന്ത്രിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചിരുന്നു. രോഗം ബാധിച്ചയാളിന്റെയോ കുടുംബത്തിന്റെയോ ചുറ്റുപാട് വൃത്തത്തിലുള്ള എല്ലാവരെയും വാക്സിനേറ്റ് ചെയ്ത് സംരക്ഷണ മേഖലകൾ (Buffer Zones) സൃഷ്ടിക്കുന്ന റിംഗ് വാക്സിനേഷൻ (Ring vaccination) എന്ന വളരെ ഫലപ്രദമായ തന്ത്രം പ്രയോഗിച്ചാണ് ഹെൻഡേഴ്സൺ വസൂരി നിർമ്മാർജ്ജന പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചതും അതിൽ വിജയിച്ചതും.

ലോകാരോഗ്യ സംഘടന വിഭാവനം ചെയ്ത പോലെ, വസൂരിയുടെ പിടിയിൽനിന്നും ലോകത്തെ രക്ഷപ്പെടുത്താനുള്ള ബ്രഹത് പദ്ധതി ലോക രാജ്യങ്ങളുടെ സഹകരണവും സജീവ പങ്കാളിത്തവും ഉറപ്പാക്കാൻ കഴിഞ്ഞതുമൂലം 1977- ൽ തന്നെ സാക്ഷാത്ക്കരിക്കാൻ കഴിഞ്ഞു. 1967- ൽ പദ്ധതി ആരംഭിക്കുന്ന കാലത്ത് വടക്കെ അമേരിക്ക (1952), യൂറോപ്പ് (1953) എന്നിവിടങ്ങളിൽ വസൂരി ഉന്മൂലനം ചെയ്യപ്പെട്ടിരുന്നു. പദ്ധതിയുടെ ഭാഗമായി തെക്കനമേരിക്കയിൽ (1971), ഏഷ്യ (1975), ആഫ്രിക്ക (1977) എന്നിവിടങ്ങളിൽ നിന്നും വസൂരി നിർമ്മാർജ്ജനം ചെയ്യപ്പെട്ടു.

ഡൊണാൾഡ് ഹെൻഡേഴ്സണും അലക്സാർ ലാംഗ് മുയിറും
ഡൊണാൾഡ് ഹെൻഡേഴ്സണും അലക്സാർ ലാംഗ് മുയിറും

അവസാനത്തെ വസൂരി രോഗി

1975 ഒക്ടോബർ 16 ന് ബംഗ്ലാദേശിലെ ബരിസാൽ ജില്ലയിലെ കുറാലിയ എന്ന ജില്ലയിൽ രണ്ടു വയസ്സുള്ള റഹിമ ബാനു എന്ന കുട്ടിയിലാണ് ലോകത്തെ അവസാനത്തെ വേരിയോള മേജർ രോഗാണു മൂലമുള്ള വസൂരി റിപ്പോർട്ട് ചെയ്യപ്പെട്ടത്. എട്ടു വയസ്സുള്ള ബിൽക്കിനീസ എന്ന പെൺകുട്ടിയാണ് റഹിമ ബാനുവിന്റെ രോഗവിവരം ബംഗ്ലാദേശിലെ വസൂരി നിർമ്മാർജ്ജൻ ടീമിനെ അറിയിച്ചത്. പ്രതിഫലമായി ബിൽക്കിനീസക്ക് സർക്കാർ 250 ടാക്ക നൽകി. റഹിമ ബാനുവിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കുകയും വൈകാതെ രോഗം ഭേദമാവുകയും ചെയ്തു.

1977- ൽ സൊമാലിയായിലെ തുറമുഖ നഗരമായ മെർക്കായിൽ താമസിച്ചിരുന്ന 23 വയസ്സുള്ള അലി മവോ മാലിൻ (Ali Maow Maalin: 1954-2013), ആണ് വേരിയോള മൈനർ ബാധിച്ച അവസാനത്തെ മനുഷ്യൻ എന്ന് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷകർ പ്രഖ്യാപിച്ചു. ആശുപത്രി പാചകനായിരുന്ന മാലിൻ രണ്ട് വസൂരി രോഗികളുമായി 1977 ഒക്ടോബർ 12-ന് ആശുപത്രിയിലേക്ക് പോകവേയാണ് രോഗബാധിതനായത്. ഒക്ടോബർ 30- ന് വസൂരി സ്​ഥിരീകരിക്കപ്പെട്ട മാലിൻ പൂർണ രോഗവിമുക്തി നേടി. പിന്നീട് സൊമാലിയയിലെ പോളിയോ വാക്സിനേഷൻ പരിപാടിയിൽ സന്നദ്ധപ്രവർത്തകനായി പങ്കെടുത്തിരുന്ന മാലിൻ 2013 ജൂലൈ 22- ന് മലേറിയ ബാധിച്ചാണ് മരണമടഞ്ഞത്.

1977- ൽ സൊമാലിയായിലെ തുറമുഖ നഗരമായ മെർക്കായിൽ താമസിച്ചിരുന്ന 23 വയസ്സുള്ള അലി മവോ മാലിൻ  (Ali Maow Maalin: 1954-2013), ആണ് വേരിയോള മൈനർ ബാധിച്ച അവസാനത്തെ മനുഷ്യൻ എന്ന് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷകർ പ്രഖ്യാപിച്ചു.
1977- ൽ സൊമാലിയായിലെ തുറമുഖ നഗരമായ മെർക്കായിൽ താമസിച്ചിരുന്ന 23 വയസ്സുള്ള അലി മവോ മാലിൻ (Ali Maow Maalin: 1954-2013), ആണ് വേരിയോള മൈനർ ബാധിച്ച അവസാനത്തെ മനുഷ്യൻ എന്ന് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷകർ പ്രഖ്യാപിച്ചു.

ജാനറ്റ് പാർക്കറും ഷൂട്ടർ കമ്മീഷനും

വസൂരി രോഗത്തിന്റെ കഥ എന്നാൽ ഇവിടെ അവസാനിക്കുന്നില്ല. ലോകം വസൂരിമുക്തമായി എന്ന് 1978- ൽ പ്രഖ്യാപിക്കാൻ ലോകാരോഗ്യ സംഘടന തയ്യാറെടുത്തുതുടങ്ങിയ അവസരത്തിൽ തികച്ചും നാടകീയവും സ്​തോഭജനകവുമായി ബ്രിട്ടനിലെ ബിർമിംഗാമിൽ നിന്ന് 1978 ആഗസ്റ്റ് മാസത്തിൽ മറ്റൊരു വസൂരി ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു. ബ്രിമിംഗാം സർവകലാശാല മെഡിക്കൽ സ്​കൂളിലെ അനാട്ടമി ഡിപ്പാർട്ട്മെൻ്റിലെ മെഡിക്കൽ ഫോട്ടോഗ്രാഫർ നാല്പത് വയസ്സുള്ള ജാനറ്റ് പാർക്കറിലാണ് (Janet Parker: 1938-78) 1978 ആഗസ്റ്റ് പതിനൊന്നിന് വസൂരി രോഗലക്ഷണം കണ്ടെത്തിയത്. ബ്രിർമിംഗാം സർവകാലാശാലയിലെ മൈക്രോ ബയോളജിസ്റ്റ് ഹെൻട്രി ബെഡ്സൺ (Henry Bedson 1929-1978) ജാനറ്റ് പാർക്കറിന്റെ ശരീര ത്തിലെ വസൂരിക്കുരുക്കളിലെ ചലം ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ പരിശോധിച്ച് വസൂരി രോഗാണുക്കളെ കണ്ടെത്തി രോഗം സ്​ഥിരീകരിച്ചു. ഒരു മാസത്തെ ഗുരുതരമായ രോഗബാധയെതുടർന്ന് സപ്തംബർ 11-ന് ജാനറ്റ് പാർക്കർ മരണമടഞ്ഞു. വസൂരി മൂലം ലോകത്ത് മരണമടഞ്ഞ അവസാനത്തെ രോഗിയായി ചരിത്രത്തിൽ ജാനറ്റ് പാർക്കർ സ്​ഥാനം പിടിച്ചു.

ജാനറ്റ് പാർക്കർ
ജാനറ്റ് പാർക്കർ

വലിയ വിവാദവും ജനരോഷവും വിളിച്ചുവരുത്തിയ പ്രസ്​തുത സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രസിദ്ധ മൈേക്രാബയോളജിസ്റ്റ് ആർ. എ. ഷൂട്ടറിന്റെ (Reginald Arthur Shooter: 1916 2013) അദ്ധ്യക്ഷ തയിൽ പൊതുജനാരോഗ്യ വിദഗ്ധരും ലോകാരോഗ്യ സംഘടന പ്രതിനിധികളുമടങ്ങിയ സമിതിയെ ബ്രിട്ടീഷ് സർക്കാർ നിയോഗിച്ചു. ഷൂട്ടർ കമ്മീഷൻ എന്നറിയപ്പെടുന്ന അന്വേഷണ കമ്മിഷൻ, സർവകലാശാലയിലെ മൈേക്രാ ബയോളജി വസൂരി ഗവേഷണ ലാബറട്ടറിയിൽ സൂക്ഷിച്ചിരുന്ന വസൂരി രോഗാണുക്കൾ കേടുവന്ന കുഴൽ സംവിധാനത്തിലൂടെ (Duct system) പുറത്തു വരികയാണുണ്ടായതെന്ന് കണ്ടെത്തി. വായുവിലൂടെ വ്യാപിച്ച രോഗാണുക്കൾ, ലാബറട്ടറിയുടെ താഴത്തെ നിലയിൽ ജോലി ചെയ്തിരുന്ന ജാനറ്റ് പാർക്കറിലെത്തി രോഗബാധയുണ്ടാക്കിയതാവാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് കമ്മീഷൻ എത്തിച്ചേർന്നത്. ജാനറ്റ് പാർക്കറുമായി സമ്പർക്കത്തിലേർപ്പെട്ടെന്ന് സംശയിക്കുന്ന അഞ്ഞൂറോളം പേരെ സമ്പർക്കവിലക്കേർപ്പെടുത്തി വസൂരി വാക്സിനേഷന് വിധേയരാക്കി. രോഗബാധ പെട്ടെന്ന് തന്നെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. എന്നാൽ ജാനറ്റ് പാർക്കറെ പരിചരിച്ചിരുന്ന അവരുടെ അമ്മ ഹിൽഡ വിറ്റ്കോംബിന് (Hilda Witcomb) വസൂരി വാക്സിനേഷൻ ആഗസ്റ്റ് 24 ന് നൽകിയിരുന്നെങ്കിലും സെപ്തംബർ 7 ന് ലഘുവായ വസൂരി രോഗമുണ്ടായി. അവരെ ചികിത്സക്കുശേഷം രോഗം ഭേദമായതിനെ തുടർന്ന് സെപ്തംബർ 22 നു ഡിസ്​ചാർജ്ജ് ചെയ്തു. അതിനിടെ സമ്പർക്ക വിലക്കിലായിരുന്ന ജാനറ്റിന്റെ 71 വയസ്സുള്ള അച്ഛൻ ഫ്രെഡറിക് വിറ്റ്കോംബ് മകളെ സന്ദർശിക്കവേ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

ബ്രിർമിംഗാം സംഭവപരമ്പര അവിടെയും അവസാനിച്ചില്ല. വസൂരി രോഗാണു ചോർന്ന മൈക്രോ ബയോളജി ലാബറട്ടറിയുടെ ചുമതലയുണ്ടായിരുന്ന സൗമ്യവ്യകതിത്വത്തിന്റെ ഉടമയായിരുന്ന ഹെൻട്രി ബെഡ്സനെതിരെ അധാർമ്മിക ജനിതക പരീക്ഷണമടക്കമുള്ള അടിസ്​ഥാനരഹിതമായ ആരോപണങ്ങൾ മാധ്യമങ്ങൾ അഴിച്ചുവിട്ടു. മാനസികമായി തകർന്ന ഹഡ്സൺ ശാസ്​ത്ര ലോകത്തെയാകെ ഞെട്ടിച്ച് 1978 സെപ്തംബർ ആറിന് ആത്മഹത്യ ചെയ്യുകയാണുണ്ടായത്. ബിർമിംഗാം സംഭവങ്ങൾക്കുശേഷവും റഹിമ ബാനുവിനെയും (വാരിയോള മേജർ) അലി മവോ മാലിനെ (വാരിയോള മൈനർ) യുമാണ് പ്രകൃതിദത്തമായി വസൂരി ബാധിച്ച അവസാനത്തെ വ്യക്തികളായി വൈദ്യശാസ്​ത്രചരിത്രത്തിൽ രേഖപ്പെടുത്താറുള്ളത്. ലാബറട്ടറിയിൽ നിന്നുമുള്ള രോഗാണുബാധ മൂലമായിരുന്നെങ്കിലും വസൂരി മൂലം അവസാനം മരിച്ച രോഗി ജാനറ്റ് പാർക്കറാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ലഘു രോഗമായിരുന്നെങ്കിലും വസൂരി ബാധിച്ച ജാനറ്റിന്റെ അമ്മ ഹിൽഡ വിറ്റ്കോംബിനെ ആരും പരിഗണിച്ചുകാണുന്നില്ല.

വസൂരി നിർമ്മാർജ്ജനത്തെ തുടർന്ന് വസൂരി രോഗാണു ഉപയോഗിച്ചുകൊണ്ടുള്ള ഗവേഷണങ്ങൾ ഇനിയും തുടരേണ്ടിവന്നേക്കാം എന്ന് പല രാജ്യങ്ങളിലെയും ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിരുന്നു. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന, വസൂരി ഗവേഷണത്തിൽ താത്പര്യമുള്ള അമേരിക്ക, ഇംഗ്ലണ്ട്, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ നാലു രാജ്യങ്ങളിലെ ലാബറട്ടറികളിൽ മാത്രമായി വസൂരി രോഗാണു സൂക്ഷിക്കുന്നത് പരിമിതപ്പെടുത്താനാണ് 1981- ൽ തീരുമാനിച്ചിരുന്നത്. എന്നാൽ 1984- ൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും അവരുടെ ലാബറട്ടറിയിലുണ്ടായിരുന്ന വസൂരി രോഗാണു നശിപ്പിക്കുകയോ മറ്റ് രണ്ട് ലാബറട്ടറികളിലേക്ക് മാറ്റുകയോ ചെയ്തു. തുടർന്ന് ബിർമിംഗാം സർവകലാശാല ലാബറട്ടറിയിൽ നിന്നുണ്ടായ ദുരന്തം കൂടി പരിഗണിച്ച് ലോകത്തുള്ള രണ്ണെമൊഴികെയുള്ള എല്ലാ ലാബറട്ടറികളിൽ നിന്നും പരീക്ഷണശാലകളിൽ നിന്നും വസൂരി രോഗാണു (വേരിയോള വൈറസ്) നീക്കം ചെയ്യാൻ ലോകാരോഗ്യ സംഘടന നിർദ്ദേശം നൽകി. ഇപ്പോൾ ഭാവി പഠനസാധ്യത കണക്കിലെടുത്ത് അമേരിക്കയിലെ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ (അറ്റ്​ലാൻ്റാ, ജോർജ്ജിയ), റഷ്യൻ ഫെഡറേഷനിലെ, റഷ്യൻ സ്റ്റേറ്റ് റിസർച്ച് സെൻ്റർ ഫോർ വൈറോളജി ആൻ്റ് ബയോ ടെക്നോളജി (State Research Center of Virology and Biotechnology –VECTOR Institute- Koltsovo, Russia) എന്നീ ഗവേഷണ കേന്ദ്രങ്ങളിൽ മാത്രമാണ് ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടത്തിൽ വേരിയോള വൈറസ് സൂക്ഷിച്ചിട്ടുള്ളത്.

ലോകാരോഗ്യസംഘടനയുടെ 1980 മെയ് 8 ന് ചേർന്ന 33- മത് ലോകാരോഗ്യ അസംബ്ലിയിൽ വച്ച്, ലോകവും ലോകജനതയും വസൂരിയിൽ നിന്ന് സ്വതന്ത്രമായി എന്ന് പ്രഖ്യാപിക്കപ്പെട്ടതോടെ മൂന്ന് സഹസ്രാബ്ദമായി വേട്ടയാടിയിരുന്ന ഒരു മഹാമാരിയിൽ നിന്നും മനുഷ്യരാശി മോചിതമായതിന്റെ വിജയാഹ്ലാദം ലോകമെമ്പാടും ആഘോഷിക്കപ്പെട്ടു. വസൂരി നിർമ്മാർജ്ജനപദ്ധതിക്ക് മൊത്തം 30 കോടി അമേരിക്കൻ ഡോളറാണ് ചെലവാക്കേണ്ടിവന്നത്. എന്നാൽ വസൂരി മഹാമാരിയെ ലോകത്ത് നിന്നും ഉച്ചാടനം ചെയ്തതു വഴി വർഷം തോറും ലോകരാജ്യങ്ങൾക്ക് 100 കോടി ഡോളർ ലാഭിക്കാൻ കഴിയുന്നതായി ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. വസൂരി നിർമ്മാർജ്ജനത്തിന്റെ നാല്പതാം വാർഷികം ആചരിക്കുന്ന അവസരത്തിൽ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസസ് (Dr Tedros Adhanom Ghebreyesus) പറഞ്ഞു, ‘ലോകം കോവിഡിനെ നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തിൽ ലോകരാജ്യങ്ങൾ ഒരുമിച്ച് നിന്നാൽ ഏത് മഹാമാരി യേയും അതിജീവിക്കാൻ കഴിയും എന്ന് വസൂരിക്കുമേലുള്ള വിജയം നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്’. മഹാമാരിയെ പരാജയപ്പെടുത്തുന്നതിൽ ലോകാരാജ്യങ്ങൾ പ്രകടിപ്പിച്ച ഐക്യദാർഢ്യവും ഫലപ്രദമായ വാക്സിനും ചേർന്നപ്പോഴാണ് വസൂരി നിർമ്മാർജ്ജന മഹായജ്ഞം വിജയിച്ചത്. വസൂരിക്കുമേലുള്ള വിജയം, സാർവദേശീയ ഐക്യദാർഢ്യവും ഉത്തമശാസ്​ത്രവും ഒരുമിച്ചു ചേർന്നാൽ ഏത് ആരോഗ്യ പ്രതിസന്ധിയേയും മറികടക്കാമെന്ന സന്ദേശമാണ് നൽകുന്നത്.

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

READ ALSO

കോഴിക്കോട് മെഡി. കോളേജിന്റെ കഥ;
ഒപ്പം, എ.ആർ. മേനോന്റെയും
ഡോ.​ കെ.എൻ. പിഷാരടിയുടെയും

ശസ്ത്രക്രിയ,
സ്തനാർബുദ ചികിത്സയിൽ

എന്താണ് സ്ട്രോക്ക്
അഥവാ പക്ഷാഘാതം?

കൈകളുടെ
സഹായ ഉപകരണങ്ങൾ വഴി
പരാശ്രയ ജീവിതത്തോട് വിട

ചിക്കൻ പോക്സ്

ആർത്തവ വിരാമം
ഒരു പൂർണ വിരാമമല്ല

പാലക്കാടൻ വിഭവങ്ങളുടെ ആരോഗ്യ ഗരിമ

കോവിഡ് മഹാമാരിയ്ക്കു ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ

കണ്ണിലൂടെ
മനസ്സിലേക്ക് നടത്തിയ
ഒരു യാത്രയുടെ കഥ

സുഷുമ്നാനാഡീക്ഷതം;
പുനരധിവാസ ചികിത്സ

സെറിബ്രൽ പാൾസി

കാൻസറും
പൊരുത്ത ചികിത്സയും

കാൽമുട്ടുകളുടെ തേയ്മാന ചികിത്സ

പുനരധിവാസ ചികിത്സയെക്കുറിച്ച്
ചെറുതും വലുതുമായ ചില ചിന്തകൾ

മാനസികാരോഗ്യ പുനരധിവാസം: വെല്ലുവിളികളും സാധ്യതകളും

ഗാർഹിക പ്രസവവും
മരത്തണലിലെ കാറും

ചാമ്പയ്ക്ക മണമുള്ള പനിക്കാലം

വീട്ടിലെ പ്രസവം
ദുരന്തത്തിലേയ്ക്കുള്ള
പടിവാതിൽ


Summary: An article written by Dr. B. Ekbal in the magazine ‘IMA Our Health’ about the astonishing spread of this smallpox, which claimed the lives of 300 million people in the 20th century alone.


ഡോ. ബി. ഇക്ബാൽ

സംസ്​ഥാനത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്​ധ സമിതി അധ്യക്ഷൻ. പബ്ലിക്​ ഹെൽത്ത്​ ആക്​റ്റിവിസ്​റ്റ്​. കേരള സർവകലാശാല മുൻ വി.സി. കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം (എഡിറ്റർ), പുതിയ വിദ്യാഭ്യാസ നയം: സമീപനവും വിമർശനവും (എഡിറ്റർ), മഹാമാരികൾ- പ്ലേഗ്​ മുതൽ​ കോവിഡ്​ വരെ- ചരിത്രം ശാസ്​ത്രം അതിജീവനം, എഴുത്തിന്റെ വൈദ്യശാസ്ത്രവായന, ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന്, നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, കേരള ആരോഗ്യ മാതൃക: വിജയത്തിൽ നിന്ന് പ്രതിസന്ധികളിലേക്ക് തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments