‘സംരക്ഷൺ’:
സുരക്ഷിത മാതൃത്വത്തിന്റെ
ആദ്യ പടി

‘‘ചിലപ്പോൾ ഗർഭകാല രക്തസമ്മർദം എന്നറിയപ്പെടുന്ന അവസ്ഥ അമ്മയെയും കുഞ്ഞിനെയും ഗുരുതര പ്രശ്നങ്ങളിലേക്കു നയിക്കാം. ഇത് മുൻകൂട്ടി കണ്ടെത്തി നിയന്ത്രിക്കാനായാൽ വലിയ അപകടങ്ങൾ ഒഴിവാക്കാൻ കഴിയും’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. അമിലു എൽസ വർഗീസ് എഴുതിയ ലേഖനം.

ർഭധാരണം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും വിലപ്പെട്ടതുമായ മുഹൂർത്തമാണ്. അതുകൊണ്ടുതന്നെ ഓരോ അമ്മയും ആഗ്രഹിക്കുന്നത് സുരക്ഷിതമായ പ്രസവവും ആരോഗ്യമുള്ള ഒരു കുഞ്ഞിനുമാണ്. എന്നാൽ ചിലപ്പോൾ ഗർഭകാല രക്തസമ്മർദം (പ്രീ-എക്ലാംപ്സിയ) എന്നറിയപ്പെടുന്ന അവസ്ഥ അമ്മയെയും കുഞ്ഞിനെയും ഗുരുതര പ്രശ്നങ്ങളിലേക്കു നയിക്കാം. ഇത് മുൻകൂട്ടി കണ്ടെത്തി നിയന്ത്രിക്കാനായാൽ വലിയ അപകടങ്ങൾ ഒഴിവാക്കാൻ കഴിയും.

പ്രീ- എക്ലാംപ്സിയ (Pre-eclampsia) എന്താണ്?

ഗർഭകാലത്തിന്റെ അഞ്ചാം മാസത്തിനുശേഷം (20 ആഴ്ചയ്ക്കു ശേഷം) ചില സ്ത്രീകളിൽ രക്തസമ്മർദ്ദം കൂടുകയും വൃക്ക, കരൾ മുതലായ അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നു. മുഖം, കൈകൾ, കാലുകൾ എന്നിവയിൽ വീക്കം, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. സമയത്ത് തിരിച്ചറിയാതെ പോകുന്ന പക്ഷം ഇത് ഗുരുതര പ്രശ്നങ്ങളിലേക്കും മാസം തികയുന്നതിനു മുമ്പുള്ള പ്രസവം, തൂക്കം കുറഞ്ഞ കുഞ്ഞ്, അമിതരക്തസ്രാവം തുടങ്ങി അമ്മയുടെയോ കുഞ്ഞിന്റെയോ മരണത്തിലേക്കുവരെ നയിക്കാം.

പ്രീ- എക്ലാംപ്സിയ മുൻകൂട്ടി കണ്ടെത്താനാകുമോ?

വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ച ഈ കാലത്ത്, ഡോക്ടർമാർക്ക് 11–13 ആഴ്ചക്കുള്ളിൽ തന്നെ ഏത് സ്ത്രീക്കാണ് പ്രീ- എക്ലാംപ്സിയയുടെ സാധ്യത കൂടുതൽ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. എളുപ്പം ചെയ്യാവുന്ന ചില പരിശോധനകളിലൂടെ ഈ അപകടസാധ്യത കണ്ടുപിടിച്ച്, ചെറിയ അളവിലുള്ള ആസ്പിരിൻ (150 മില്ലിഗ്രാം) മരുന്ന് ഉപയോഗിച്ചാൽ രോഗം ഒരു പരിധി വരെ തടയാനാകും.

എന്താണ് സംരക്ഷൺ പ്രോഗ്രാം?

സംരക്ഷൺ പ്രോഗ്രാം ഇന്ത്യയിലെ ഇന്ത്യൻ റേഡിയോളജിക്കൽ ആൻഡ് ഇമേജിംഗ് അസോസിയേഷൻ (IRIA) 2019-ൽ ആരംഭിച്ച ദേശീയ പദ്ധതിയാണ്. നമ്മുടെ രാജ്യത്ത് ഇപ്പോഴും കുഞ്ഞുങ്ങളുടെ ജനനസമയത്തെ മരണനിരക്ക് (perinatal mortality), തൂക്കക്കുറവ്, കാലം തികയുന്നതിനു മുമ്പുള്ള പ്രസവം എന്നിവയുടെ നിരക്ക് വളരെ ഉയർന്ന നിലയിലാണ്. ഇത് കുറയ്ക്കുക എന്നതാണ് സംരക്ഷൺ പദ്ധതിയുടെ ലക്ഷ്യം.

അടുത്ത എട്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ പ്രീ-എക്ലാംപ്സിയ നിരക്ക് 3 ശതമാനത്തിൽ താഴെയും, കുഞ്ഞിന്റെ വളർച്ചാക്കുറവ് 10 ശതമാനത്തിൽ താഴെയും എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ അടിസ്ഥാനലക്ഷ്യം. രാജ്യത്തെ വിവിധ റേഡിയോളജിസ്റ്റുകളും മറ്റ് വിഭാഗം ഡോക്ടർമാരും ചേർന്ന്, ഗർഭകാല സ്കാനുകൾ വഴി കുഞ്ഞിന്റെ വളർച്ചാപ്രശ്നങ്ങളും പ്രീ-എക്ലാംപ്സിയയും നേരത്തെ തിരിച്ചറിഞ്ഞ് ഈ ലക്ഷ്യത്തിലെത്തിച്ചേരാൻ സഹായിക്കുന്നു .

എങ്ങനെയാണ് ഈ പരിശോധന നടക്കുന്നത്?

ഗർഭാവസ്ഥയിൽ 11 മുതൽ 13 ആഴ്ചവരെ നടത്തുന്ന ആദ്യ സ്കാനിനോടൊപ്പം താഴെ പറയുന്നയും കൂടി ഉൾപ്പെടുത്തുന്നതാണ് ഈ പദ്ധതി.

1) അമ്മയുടെ രക്തസമ്മർദം അളക്കുക: കൃത്യതയുള്ള ഡിജിറ്റൽ ബി.പി മെഷീൻ ഉപയോഗിച്ച്, ശരാശരി രക്തസമ്മർദ്ദം രേഖപ്പെടുത്തുന്നു.

2) ഗർഭപാത്രത്തിലേക്കുള്ള രക്തപ്രവാഹം പരിശോധിക്കൽ അഥവാ ഡോപ്പ്ലർ ടെസ്റ്റ്: ഗർഭപാത്രത്തിലേക്കുള്ള രക്തപ്രവാഹം പരിശോധിച്ച് കുഞ്ഞിന്റെ പ്ലാസന്റ അഥവാ മറുപിള്ള ശരിയായി വളരുന്നുണ്ടോ എന്നും മറുപിള്ളയിലേക്കുള്ള രക്തയോട്ടം ശരിയായ രീതിയിലാണോ എന്നും അറിയാൻ സാധിക്കുന്നു.

3) അമ്മയുടെ പ്രായം, ഉയരം, ഭാരം, മുൻ ഗർഭചരിത്രം, ഗർഭധാരണരീതി, മറ്റ് അസുഖങ്ങൾ എന്നിവയും രേഖപ്പെടുത്തുന്നു.

4) ഓപ്ഷണൽ രക്തപരിശോധന:
ചില ആശുപത്രികളിൽ PAPP-A, PLGF എന്ന പ്രോട്ടീനുകൾ അളക്കുന്ന നൂതന പരിശോധനകളും ലഭ്യമാണ്. ഇതിലൂടെ അപകടസാധ്യത കൂടുതൽ കൃത്യമായി മനസ്സിലാക്കാം.

ഈ വിവരങ്ങളെല്ലാം ചേർത്ത് ഒരു റിസ്ക് / സാധ്യത നിർണ്ണയ സ്കോർ നൽകുന്നു. അതിൽ അമ്മയ്ക്ക് പ്രീ- എക്ലാംപ്സിയ സാധ്യത കൂടുതലെന്ന് കാണിച്ചാൽ, 36 ആഴ്ച വരെ രാത്രി നേരത്ത് ആസ്പിരിൻ ഗുളിക (150 മില്ലിഗ്രാം) ഉപയോഗിക്കാൻ ഡോക്ടർ നിർദേശിക്കും. ഇത് വളരെയധികം സുരക്ഷിതമായ പ്രതിരോധ ചികിത്സയാണ്.

പ്രീ- എക്ലാംപ്സിയ കണ്ടെത്തൽ മാത്രമാണോ സംരക്ഷൺ പദ്ധതി?

സംരക്ഷൺ പദ്ധതി വെറും ഗർഭകാല പ്രീ-എക്ലാംപ്സിയ (രക്തസമ്മർദ്ദം ഉയരുന്ന അവസ്ഥ) കണ്ടെത്തലിനായുള്ള പരിശോധന മാത്രമല്ല. അമ്മയുടെയും കുഞ്ഞിന്റെയും ആകെ ആരോഗ്യത്തെ സ്വാധീനിക്കുന്ന എല്ലാ ഘടകങ്ങളും പരിഗണിക്കുന്ന സമഗ്രമായ ഒരു സമീപനമാണ് ഇത്.

ഗർഭസ്ഥശിശുവിന്റെ വളർച്ചയും (ബയോമെട്രി) രക്തയോട്ടത്തിന്റെ ഗതിയും (ഡോപ്പ്ലർ പഠനം) ക്രമബദ്ധമായി വിലയിരുത്തി, കുഞ്ഞിന് വളർച്ചാക്കുറവുണ്ടോ എന്ന് കണ്ടെത്താനാകും. ഇങ്ങനെ കണ്ടെത്തിയാൽ, അത്തരം അമ്മമാർക്ക് പ്രത്യേക നിരീക്ഷണവും ചികിത്സയും നൽകാൻ സാധിക്കുന്നു. ഇതിലൂടെ അമ്മയ്ക്കും കുഞ്ഞിനും കൂടുതൽ ആരോഗ്യവും സംരക്ഷയും ഉറപ്പാക്കാൻ സാധിക്കുന്നു.

ഈ പദ്ധതി ഫലപ്രദമാണോ?

അതെ. ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിൽ 68 ജില്ലകളിൽ നടപ്പാക്കിയ സംരക്ഷൺ പ്രോജക്റ്റ് ഗർഭകാലാരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു. പദ്ധതി നടപ്പിലാക്കിയ പ്രദേശങ്ങളിൽ നിന്നുള്ള കണക്കുപ്രകാരം 2019–2020-ൽ 9.85% ആയിരുന്ന പ്രീ- എക്ലാംപ്ഷ്യയുടെ തോത് 2023-ൽ വെറും 1.76% ആയി കുറഞ്ഞു, നവജാത ശിശുവിന്റെ ശരാശരി ജനനഭാരം 2.6 കിലോയിൽ നിന്ന് 2.8 കിലോ ആയി ഉയർന്നു.

മധ്യപ്രദേശിലെ ഗുണ ജില്ലയിലെ സംരക്ഷൺ പ്രോഗ്രാം ഏരിയയിൽ 2019 മുതൽ 2022 വരെ നവജാത ശിശുമരണനിരക്ക് 1,000 പ്രസവങ്ങളിൽ 26 -ൽ നിന്ന് 7.47 ആയി കുറഞ്ഞു, 2019 മുതൽ 2022 വരെ പ്രസവാനന്തര മരണനിരക്ക് 1,000 പ്രസവങ്ങളിൽ 33.90 ൽ നിന്ന് 18.87 ആയി കുറഞ്ഞു. ഈ പഠനങ്ങൾ പദ്ധതിയുടെ ഫലപ്രാപ്തിയും അമ്മമാരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലുളള അതിന്റെ പങ്കും തെളിയിക്കുന്നു.

അപകടസാധ്യതയുള്ള അമ്മമാരെ നേരത്തേ കണ്ടെത്താനും, അപകടസാധ്യതയുള്ളവരെ ആത്മവിശ്വാസത്തോടെ ആശ്വസിപ്പിക്കാനും സാധിക്കുന്നു എന്നതും ഈ പദ്ധതിയുടെ ഒരു നേട്ടമായി കരുതാം.

കേരളത്തിൽ ഈ പദ്ധതി വേണോ?

കേരളം ഇന്ത്യയിലെ മികച്ച മാതൃ- ശിശു ആരോഗ്യ നിലയുള്ള സംസ്ഥാനങ്ങളിലൊന്നാണ്. എന്നാലും, ചില പ്രശ്നങ്ങൾ ഇപ്പോഴും നമ്മെ വെല്ലുവിളിക്കുന്നു. പ്രീ- എക്ലാംപ്സിയ, ഗർഭസ്ഥശിശു വളർച്ചാകുറവ്, നേരത്തെയുള്ള പ്രസവങ്ങൾ തുടങ്ങിയവ. ഇവയിൽ പലതും പ്രാരംഭ ഗർഭകാലത്തുതന്നെ കണ്ടെത്താനായാൽ, അമ്മയ്ക്കും കുഞ്ഞിനുമുള്ള അപകടസാധ്യത ഗണ്യമായി കുറയ്ക്കാം. ഇതുതന്നെയാണ് സംരക്ഷൺ പദ്ധതിയുടെ ലക്ഷ്യം.

ഇന്ത്യൻ റേഡിയോളജിക്കൽ ആൻഡ് ഇമേജിംഗ് അസോസിയേഷൻ (IRIA) ആരംഭിച്ച ഈ പദ്ധതി, ഫീറ്റൽ അൾട്രാസൗണ്ട്, ഡോപ് ലർ പരിശോധനകൾ എന്നിവ ഉപയോഗിച്ച് ഗർഭിണികളിൽ അപകടസാധ്യത നേരത്തെ തിരിച്ചറിയുന്നു. ആ വിവരങ്ങൾ ആരോഗ്യപ്രവർത്തകരുമായി പങ്കുവെച്ച് സമയബന്ധിതപരിചരണത്തിലൂടെ ഗർഭകാലം സുരക്ഷിതമാക്കുകയാണ് സംരക്ഷൺ ചെയ്യുന്നത്.

കേരളം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം നവജാത ശിശുക്കളിലെ തൂക്കക്കുറവാണ്. ലഭ്യമായ കണക്ക് പ്രകാരം കേരളത്തിൽ 15 ശതമാനം കുഞ്ഞുങ്ങൾ കുറഞ്ഞ ജനനഭാരത്തോടെയാണ് ജനിക്കുന്നത്. ഇത് ഭാവിയിലെ ശാരീരിക- മാനസിക വികസനത്തെയും അമ്മയുടെ ആരോഗ്യത്തെയും സ്വാധീനിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്.

സംരക്ഷൺ പ്രോഗ്രാം ഈ വെല്ലുവിളിയെ നേരിടാനുള്ള ശാസ്ത്രീയവും ക്രമബദ്ധവുമായ മാർഗമാണ്. ഗർഭകാലത്ത് നടത്തുന്ന ഡോപ്പ്ലർ പഠനങ്ങളും ബയോമെട്രി വിലയിരുത്തലുകളും ഉപയോഗിച്ച്, കുഞ്ഞിന്റെ വളർച്ചാവ്യതിയാനത്തെ നേരത്തേ കണ്ടെത്താനാകും. ഇതിലൂടെ ഗർഭിണികൾക്കാവശ്യമായ പരിചരണവും നിരീക്ഷണവും നൽകാൻ സാധിക്കുകയും കേരളത്തിലെ ശരാശരി ജനനഭാരം ഉയർത്താനും, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില മെച്ചപ്പെടുത്താനും നമുക്ക് കഴിയും.

ഓരോ ഗർഭിണിക്കും വേണ്ട പ്രധാന ഓർമ്മപ്പെടുത്തലുകൾ ഇവയാണ്:

  • ഗർഭകാലത്തെ ആദ്യ ത്രിമാസത്തിലെ സ്കാൻ 11–13 ആഴ്ചക്കുള്ളിൽ തന്നെ മുടങ്ങാതെ ചെയ്യുക.

  • സ്കാനിനൊപ്പം രക്തസമ്മർദ്ദവും ഗർഭപാത്രത്തിലെ രക്തപ്രവാഹവും/ ഡോപ്പ്ളർ പരിശോധനകളും നടത്തണം.

  • ഡോക്ടർ ‘ഹൈ റിസ്ക്’ എന്ന് പറഞ്ഞാൽ അതനുസരിച്ച് ചികിത്സ സ്വീകരിക്കുക.

  • ആസ്പിരിൻ മരുന്ന് നിർദേശിച്ചാൽ, അതു മുടങ്ങാതെ ഡോക്ടർ പറഞ്ഞതുപോലെ കഴിക്കുക.

  • ആന്റിനേറ്റൽ സന്ദർശനങ്ങളും ഫോളോഅപ്പ് സ്കാനുകളും ഒരിക്കലും ഒഴിവാക്കരുത്.

സംരക്ഷൺ പദ്ധതിയോടൊപ്പം ഓരോ അമ്മയ്ക്കും, ഓരോ കുഞ്ഞിനും സുരക്ഷിതമായ തുടക്കം.

READ : കുട്ടികളിലെ
ഇമേജിംഗ്

മുഴയും വീക്കവും
സ്‌കാനിംഗിന്റെ
അകക്കണ്ണിലൂടെ

നേരത്തെ കണ്ടെത്താം, സ്തനാർബുദം

ബ്രസ്റ്റ് കാൻസർ
നേരത്തെ കണ്ടുപിടിക്കാം; സ്‍ക്രീനിങ് മാമോഗ്രാമും
ഡയഗ്നോസ്റ്റിക് മാമോഗ്രാമും

കീഹോളിൽനിന്ന് പിൻഹോളിലേക്ക്;​
ഇന്റർവെൻഷനൽ
റേഡിയോളജി

എം.ആർ.ഐ സ്‌കാൻ
എന്ത്, എങ്ങനെ, എപ്പോൾ?

ഫീറ്റൽ റേഡിയോളജി: ഗർഭത്തിലെ കുഞ്ഞുമായി ബന്ധിപ്പിക്കുന്ന വിശ്വസനീയ സഹായി

പ്രമേഹവും കണ്ണും

വേദനിപ്പിക്കുന്ന
ഒരു റഫറലിന്റെ ഓർമ്മ

ലഹരിയിൽ ഉലയുന്ന
കൗമാര മനസ്സും ശരീരവും; വസ്തുതകളും പ്രതിരോധവും

കുഞ്ഞുങ്ങൾക്ക്
മരുന്നു കൊടുക്കുമ്പോൾ

ഉയരക്കുറവ് എന്തുകൊണ്ട്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു ഫാമിലി
ഫുഡ് വ്ലോഗ്

എന്തുകൊണ്ട് എന്റെ കുട്ടി
ഇങ്ങനെ പെരുമാറുന്നു?

കുട്ടികളിലെ
ആവർത്തിച്ചുള്ള പനി;
കാരണങ്ങൾ, പ്രതിവിധികൾ

ഡിജിറ്റൽ മീഡിയ ഉപയോഗം: എങ്ങനെ നമ്മുടെ കുട്ടിയെ നല്ല ഡിജിറ്റൽ സിറ്റിസൺ ആക്കാം?

നവജാതശിശുക്കളുടെ
സ്‌ക്രീനിംഗ്

ഒരിക്കലും അധികപ്പറ്റല്ല
ഈ വാക്സിനുകൾ

സാൽക്കും സബിനും:
ശാസ്ത്രം സമൂഹത്തിനു വേണ്ടി

കടവുൾ
അവതാരം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments