കണ്ണുകൾ
സംരക്ഷിക്കാൻ
എന്തു ചെയ്യണം?

‘‘ഡിജിറ്റൽ യുഗത്തിൽ സ്ക്രീനുകൾ ഒഴിവാക്കുക അസാധ്യമാണ്. എന്നാൽ പരിധിയിൽ കവിഞ്ഞുള്ള സ്ക്രീൻ ഉപയോഗം മൂലം കണ്ണിന് വേദനയും ക്ഷീണവും കാഴ്ചക്കുറവും ദൃഷ്ടിവൈകല്യങ്ങളും വരെ സംഭവിക്കാം’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ലതിക രാജേഷ് എഴുതിയ ലേഖനം.

പ്രപഞ്ചം എന്ന ദൃശ്യവിസ്മയം നമുക്കുമുന്നിൽ ഇതൾ വിരിയുന്നത് മിഴികളിൽ തെളിയുന്ന വർണ ചിത്രങ്ങളിലൂടെയാണ്. മാത്രമല്ല, മനസ്സിന്റെയും ശരീരത്തിന്റെയും സമഗ്രമായ ആരോഗ്യത്തിലേക്കു തുറക്കുന്ന വാതായനങ്ങൾ തന്നെയാണ് കണ്ണുകൾ. മാറുന്ന ജീവിതശൈലിയും സ്ക്രീനുകളുടെ അതിപ്രസരവും കണ്ണിനും കാഴ്ചക്കും കടുത്ത വെല്ലുവിളി ഉയർത്തുന്ന കാലമാണ് ഇന്ന്.

കമ്പ്യൂട്ടറും കണ്ണും തമ്മിലെന്ത്?

ഡിജിറ്റൽ യുഗത്തിൽ സ്ക്രീനുകൾ ഒഴിവാക്കുക അസാധ്യമാണ്. എന്നാൽ പരിധിയിൽ കവിഞ്ഞുള്ള സ്ക്രീൻ ഉപയോഗം മൂലം കണ്ണിന് വേദനയും ക്ഷീണവും കാഴ്ചക്കുറവും ദൃഷ്ടിവൈകല്യങ്ങളും വരെ സംഭവിക്കാം. ഈ ലക്ഷണങ്ങളുടെ ആകെത്തുകയായ "കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം" (CVS) എന്ന വില്ലനിൽ നിന്നും രക്ഷപ്പെടാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം:

നിങ്ങൾ ചെയ്യേണ്ടത്:

20-20-20 നിയമം പാലിക്കുക

സ്ക്രീനിൽ 20 മിനിറ്റ് ചെലവിട്ടു കഴിഞ്ഞാൽ ഒരു ചെറിയ ഇടവേള എടുത്ത്, 20 അടി അകലെയുള്ള ഏതെങ്കിലും വസ്തുവിലേക്ക് 20 സെക്കൻഡ് നോക്കുക. ഇത് കണ്ണിന്റെ പേശികൾക്ക് വിശ്രമം നൽകും.

ക്ലിക്ക് - ബ്ലിങ്ക് മന്ത്രം ശീലമാക്കുക

സാധാരണ മിനിറ്റിൽ 15 തവണയെങ്കിലും നാം കണ്ണുകൾ ചിമ്മി തുറക്കുന്നുണ്ട്. കണ്ണീർ കണ്ണിൽ വേണ്ട വിധം വ്യാപിച്ച്, മിഴികൾക്ക് ആരോഗ്യവും കുളിർമയും ഉണർവും പകരുന്നത്, പോളകളുടെ ഈ അടവും തുറവും മുറയ്ക്ക് നടക്കുന്നതുകൊണ്ടാണ്. എന്നാൽ എല്ലാം മറന്ന് നാം സ്ക്രീനിൽ ആമഗ്നരാകുമ്പോൾ, ചിമ്മി തുറക്കുവാൻ കൂടി നമ്മുടെ കൺപോളകൾ മറന്നുപോകുന്നു. ഇതു മൂലം നേത്രങ്ങളുടെ ഉപരിതലം വരണ്ടു പോകുന്നു- ഫലമോ കണ്ണ് വിങ്ങലും, വേദനയും കുത്തിത്തറപ്പും. ഇതൊക്കെകൊണ്ട് നടക്കുന്നവരാണ് ഇന്നത്തെ ഐ.ടി യുവതയിൽ ബഹുഭൂരിഭാഗവും. അതിനാൽ സ്ക്രീൻ ഉപയോഗിക്കുമ്പോൾ ബോധപൂർവ്വം കണ്ണുകൾ ചിമ്മിത്തുറക്കുക. എപ്പോൾ കഴ്സർ /മൗസ് ക്ലിക്ക് ചെയ്താലും, അതിനോടൊപ്പം കണ്ണടച്ച് തുറക്കുന്ന ശീലം - ‘ക്ലിക്ക് ബ്ലിങ്ക് മന്ത്രം’ ഓർമ വെക്കുക.

സ്ക്രീൻ കണ്ണിന്റെ ലെവലിൽ നിന്ന് അല്പം താഴെയായി (15-20 ഡിഗ്രി) ക്രമീകരിക്കുക. സ്ക്രീനിൽ നിന്ന് കണ്ണിലേക്കുള്ള അകലം ഒരു കയ്യകലമെങ്കിലും (Arm's length) ഉണ്ടായിരിക്കണം.

ഡിജിറ്റൽ യുഗത്തിൽ സ്ക്രീനുകൾ ഒഴിവാക്കുക അസാധ്യമാണ്. എന്നാൽ പരിധിയിൽ കവിഞ്ഞുള്ള സ്ക്രീൻ ഉപയോഗം മൂലം കണ്ണിന് വേദനയും ക്ഷീണവും കാഴ്ചക്കുറവും ദൃഷ്ടിവൈകല്യങ്ങളും വരെ സംഭവിക്കാം.
ഡിജിറ്റൽ യുഗത്തിൽ സ്ക്രീനുകൾ ഒഴിവാക്കുക അസാധ്യമാണ്. എന്നാൽ പരിധിയിൽ കവിഞ്ഞുള്ള സ്ക്രീൻ ഉപയോഗം മൂലം കണ്ണിന് വേദനയും ക്ഷീണവും കാഴ്ചക്കുറവും ദൃഷ്ടിവൈകല്യങ്ങളും വരെ സംഭവിക്കാം.

ഇരുട്ടത്ത് സ്ക്രീൻ ഉപയോഗം പാടെ ഒഴിവാക്കുക. മുറിയിലെ വെളിച്ചവും സ്ക്രീനിലെ വെളിച്ചവും തമ്മിൽ സമരസപ്പെട്ടു പോകണം.

ഉറക്കത്തിനു കൂട്ടായി മൊബൈൽ വേണ്ട. സ്ക്രീനിലെ നീല വെട്ടം, മെലറ്റോണിൻ എന്ന രാസ വസ്തുവിൽ വരുത്തുന്ന വ്യതിയാനങ്ങളിലൂടെ സുഖനിദ്രയെ കെടുത്തുകയാണ് ചെയ്യുക- അത് നമ്മുടെ ആരോഗ്യത്തെയും മനസ്സിന്റെ ഉന്മേഷത്തെയും സാരമായി ബാധിക്കാം.

കണ്ണടകൾ തിരഞ്ഞെടുക്കുമ്പോൾ:

കണ്ണിന് കാഴ്ചവൈകല്യങ്ങൾ ഇല്ലാത്തവർക്കു പോലും നാല്പതു കഴിഞ്ഞാൽ വെള്ളെഴുത്തു നിശ്ചയം. ഇതുമൂലം ചെറിയ അക്ഷരങ്ങൾ മങ്ങിത്തുടങ്ങും. കണ്ണുകൾ ചുക്കിച്ചുളിഞ്ഞ്, കഴുത്തു പിന്നോട്ട് ആഞ്ഞുപിടിച്ച്, കൈനീട്ടി ഏറെ കഷ്ടപ്പെട്ട് വായിക്കാൻ പരിശ്രമിച്ചാലും, കണ്ണട വെക്കാൻ മടിക്കുന്നവരാണ് പലരും. കൂട്ടുകാരുടെയോ വീട്ടുകാരുടെയോ കണ്ണടകൾ മാറി മാറി വെച്ച് നടക്കുന്ന മിടുക്കരും ധാരാളം. എന്നാൽ കൃത്യമായ പവർ ഉള്ള കണ്ണട വെച്ചില്ലെങ്കിൽ തലവേദനയും കണ്ണ് കടച്ചിലും മാത്രമല്ല കഴുത്തിനെ ബാധിക്കുന്ന സ്പോൺഡിലോസിസ് വരെ ഉണ്ടാകാം.

നിങ്ങൾ ചെയ്യേണ്ടത്:

  • നാല്പതു കഴിഞ്ഞാൽ നേത്രപരിശോധന നടത്തി അവരവർക്കാവശ്യമായ പവറുള്ള കണ്ണട തന്നെ ഉപയോഗിക്കുക.

  • മൂക്കിന്റെ പാലത്തിൽ കൃത്യമായി ഇരിക്കുന്ന, ഭാരം കുറഞ്ഞ ഫ്രെയിമുകൾ തിരഞ്ഞെടുക്കുക. വലിയ ഫ്രെയിമുകൾ കാഴ്ചവട്ടം വർദ്ധിപ്പിക്കും. കുട്ടികൾക്ക് മെറ്റൽ ഫ്രെയിമുകളെക്കാൾ നല്ലത് ഷെൽ ഫ്രെയിമുകൾ ആണ്.

  • കുട്ടികൾക്കും കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർക്കും പൊട്ടാത്ത പോളികാർബണേറ്റ് (Polycarbonate) ലെൻസുകൾ ഉപയോഗിക്കുക. കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്ക് ആന്റി-റിഫ്ലെക്റ്റീവ് (ARC) കോട്ടിംഗ് ഉള്ള പ്രോഗ്രസ്സീവ് ലെൻസുകൾ തിരഞ്ഞെടുക്കാം.

  • വലിയ പവർ വേണ്ടവർ ഹൈ ഇൻഡെക്സ് ചില്ലുകൾ തിരഞ്ഞെടുത്താൽ കണ്ണടയുടെ ഭാരം കുറയും.

  • കുട്ടികളിൽ ഷോർട്ട് സൈറ്റ് വർധിക്കാതെയിരിക്കാൻ സഹായിക്കുന്ന പ്രത്യേക തരം കണ്ണടകളും ഇപ്പോൾ ലഭ്യമാണ്

ഒരേ കണ്ണട എത്ര നാൾ- മാറ്റേണ്ടത് എപ്പോൾ?

  • കുട്ടികളുടെ കണ്ണിന്റെ പവർ ഇടയ്ക്കിടെ മാറും, അതിനാൽ ഓരോ വർഷവും (അല്ലെങ്കിൽ ഡോക്ടർ പറയുന്ന സമയത്ത്) പരിശോധന നിർബന്ധമാണ്. ഡോക്ടറുടെ നിർദേശപ്രകാരം ആവശ്യമെങ്കിൽ മാറ്റുക തന്നെ വേണം.

  • വെള്ളെഴുത്ത് പ്രായത്തോടൊപ്പം വർധിക്കും എന്നതിനാൽ 40 കഴിഞ്ഞവർ ഏകദേശം രണ്ട് വർഷം കൂടുമ്പോൾ പവർ ചെക്ക് ചെയ്ത് ആവശ്യമെങ്കിൽ കണ്ണട പുതുക്കണം.

  • ലെൻസിൽ പോറലുകൾ, ഒടിഞ്ഞ ഫ്രെയിമുകൾ, പൊട്ടിയ നോസ് പാഡ്, വളഞ്ഞ കണ്ണടക്കാലുകൾ, ഇവയിൽ ഏതെങ്കിലും ശ്രദ്ധയിൽ പെട്ടാൽ, ഉടനടി കണ്ണട മാറ്റുക.

എന്റെ കുഞ്ഞിന് വേണ്ട വിധം കാഴ്ചയുണ്ടോ- ഡോക്ടറെ കാണിക്കേണ്ടത് എപ്പോൾ?

പലപ്പോഴും നവജാത ശിശുക്കളുടെ മാതാപിതാക്കൾ പങ്കുവെക്കുന്ന ഒരു ആശങ്കയാണിത്. ജനിച്ച ഉടനെ ഒരു കുഞ്ഞിനും മുതിർന്നവരെപ്പോലെ വ്യക്തമായ കാഴ്ചയുണ്ടാകില്ല എന്നതാണ് വാസ്തവം - എന്തെന്നാൽ പടിപടിയായി വർഷങ്ങളിലൂടെയാണ് പൂർണമായ കാഴ്ച വികസിക്കുന്നത്. എന്നാൽ നിങ്ങളുടെ കുഞ്ഞിന് പ്രായാനുസൃതമായ കാഴ്ചയുണ്ടോ എന്ന് വീട്ടിൽ തന്നെ എളുപ്പത്തിൽ മനസ്സിലാക്കാൻ ചില വഴികളുണ്ട്.

നിങ്ങൾ ചെയ്യേണ്ടത്

ആദ്യത്തെ മാസം:

ശക്തമായ വെളിച്ചം അടിക്കുമ്പോൾ കുഞ്ഞ് കണ്ണുകൾ ഇറുക്കി അടക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.

2-3 മാസങ്ങൾ

നിങ്ങളുടെ മുഖത്തേക്കും തിളക്കമുള്ള വസ്തുക്കളിലേക്കും നോക്കുകയും, അവ ചലിക്കുന്നതിനനുസരിച്ച് കണ്ണുകളാൽ പിന്തുടരുകയും (Tracking) ചെയ്യണം. കുഞ്ഞ് നിങ്ങളെ നോക്കി ചിരിച്ചു തുടങ്ങുന്നതും ഈ പ്രായത്തിലാണ്.

4-6 മാസങ്ങൾ

കൈകൾ നീട്ടി കളിപ്പാട്ടങ്ങൾ പിടിക്കാൻ ശ്രമിക്കണം. ഈ സമയം മുതൽ രണ്ട് കണ്ണുകളും ഒരുമിച്ച് ഒരേ ദിശയിലേക്ക് നീങ്ങാൻ തുടങ്ങണം

ഡോക്ടറെ കാണേണ്ടത് എപ്പോൾ?

  • പ്രായാനുസൃതമായ കാഴ്ച ഇല്ല എന്ന് സംശയം തോന്നുക.

  • കോങ്കണ്ണ് (Squint) ശ്രദ്ധയിൽപെടുക.

  • കൃഷ്ണമണിക്ക് പിന്നിൽ, കണ്ണിന്റെ ഉള്ളിൽ, നടുക്കായി വെള്ള നിറം (White reflex/Leukocoria) കാണുക (ഇത് തിമിരം മുതൽ കണ്ണിലെ cancer വരെയുള്ള ഗുരുതരമായപ്രശ്നങ്ങളാകാം).

  • കണ്ണിൽ നിന്ന് എപ്പോഴും വെള്ളം ചാടുക.

  • സാധാരണ വെളിച്ചം കണ്ടാൽ കൂടി കുഞ്ഞ് കണ്ണ് അടയ്ക്കുക.

  • എപ്പോഴും കണ്ണിറുക്കി, ക്രമാതീതമായി വിരൽ കൊണ്ട് കണ്ണിൽ ഉരക്കുക.

അലർജി / ‘കണ്ണുകടി’: എന്തെങ്കിലും പരിഹാരമുണ്ടോ?

അലർജി ഒരാളുടെ ദേഹപ്രകൃതം കൂടി ആകയാൽ ശാശ്വതമായ പരിഹാരം ബുദ്ധിമുട്ടാണ്. എങ്കിലും കണ്ണിന് ചൊറിച്ചിലും അലർജിയും അധികമാകാതെ സൂക്ഷിക്കാൻ, തക്കതായ ജീവിത ശൈലിയും താഴെ പറയുന്ന മുൻ കരുതലുകളും കൃത്യമായ ചികിത്സയും ഒരു പരിധി വരെ സഹായിക്കും.

നിങ്ങൾ ചെയ്യേണ്ടത്

  • പൊടിപടലങ്ങൾ ഉള്ള ഇടങ്ങൾ കഴിവതും ഒഴിവാക്കുക

  • യാത്ര ചെയ്യുമ്പോൾ കണ്ണട ധരിക്കുക; കാറ്റ് നേരിട്ട് തട്ടാതെ ഉൾ സീറ്റിൽ ഇരിക്കുക.

  • കണ്ണ് തിരുമ്മരുത്. തിരുമ്മുന്നത് മൂലം കൃഷ്ണമണിയിലെ പോറൽ, കണ്ണിൽ നീര്, വേദന എന്നിവ ഉണ്ടാകാം. എന്ന് മാത്രമല്ല, ചില സന്ദർഭങ്ങളിൽ കൃഷ്ണമണിയുടെ ആകൃതി പോലും മാറാൻ (Keratoconus) ശക്തിയായ തിരുമ്മൽ കാരണമാകും. ഇത് കാഴ്ചയെ സാരമായി ബാധിക്കുന്ന അവസ്ഥയാണ്.

  • സഹിക്കവയ്യാത്ത കണ്ണ് ചൊറിച്ചിൽ തുടങ്ങുമ്പോൾ തന്നെ തണുത്ത തുണിയോ ഐസ് പാക്കോ പോളകൾക്ക് മുകളിൽ വെച്ച് കണ്ണിനു കുളിർമയും ആശ്വാസവും പകരാം.

കാഴ്ചക്കുറവില്ലാത്തവർ ‘വെറുതെ’ എന്തിന് കണ്ണ് ഡോക്ടറെ കാണണം?

കാഴ്ചയ്ക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്നു കരുതി നേത്രപരിശോധന ഒഴിവാക്കുന്നത് പലപ്പോഴും അപകടമാണ്. ഗ്ലോക്കോമ (Glaucoma) പോലെയുള്ള രോഗങ്ങൾ കാഴ്ച പൂർണ്ണമായും നഷ്ടപ്പെടുന്നതുവരെ യാതൊരു ലക്ഷണങ്ങളും കാണിക്കില്ല. ഇങ്ങനെയുള്ള "കാഴ്ചയുടെ നിശബ്ദനായ കള്ളൻ”മാരെ കണ്ടെത്തണമെങ്കിൽ, നാം മുൻകൂട്ടി നേത്ര പരിശോധന നട ത്തി, തക്കതായ മുൻകരുതൽ/ ചികിത്സ സ്വീകരിക്കേണ്ടതാണ്.

കുട്ടികൾ:

ജനിക്കുമ്പോൾ പീഡിയാട്രീഷ്യനും, പിന്നീട് കുട്ടി സ്കൂളിൽ പോകുന്നതിന് മുൻപായി (3-4 വയസ്സിൽ) ഒരു നേത്രരോഗവിദഗ്ദ്ധനും നിർബന്ധമായും പരിശോധിച്ചിരിക്കണം.

40 വയസ്സിന് മുകളിൽ:

കണ്ണിനു തകരാറൊന്നും അനുഭവപ്പെടുന്നില്ലെങ്കിൽ കൂടി ഒരു പ്രാഥമിക നേത്രപരിശോധന ഈ പ്രായത്തിൽ അഭികാമ്യം. വെള്ളെഴുത്ത് കടന്നു വരുന്ന ഈ ഘട്ടത്തിൽ കാഴ്ച, കണ്ണട പരിശോധന, കണ്ണിലെ പ്രഷർ റെക്കോർഡിങ് എന്നിവ പല പ്പോഴും കണ്ണിനെ സംരക്ഷിക്കുക മാത്രമല്ല, കൂടുതൽ വ്യക്തമായ കാഴ്ചക്ക് വഴി തെളിക്കുകയും ചെയ്യും.

പ്രമേഹം, രക്താതിമർദ്ദം (BP) എന്നീ രോഗങ്ങൾ ഉള്ളവർക്ക് കൃഷ്ണമണി വികസിപ്പിച്ചുള്ള റെറ്റിന പരിശോധന എല്ലാ വർഷവും നിർബന്ധമായും ഉറപ്പാക്കണം. കൂടാതെ പ്രായമായവരിൽ തിമിരനിർണയത്തിനും ഈ പരിശോധന ഉപകരിക്കും.

കണ്ണിന് ചൊറിച്ചിലും അലർജിയും അധികമാകാതെ സൂക്ഷിക്കാൻ, തക്കതായ ജീവിത ശൈലിയും താഴെ പറയുന്ന മുൻ കരുതലുകളും കൃത്യമായ ചികിത്സയും ഒരു പരിധി വരെ സഹായിക്കും.
കണ്ണിന് ചൊറിച്ചിലും അലർജിയും അധികമാകാതെ സൂക്ഷിക്കാൻ, തക്കതായ ജീവിത ശൈലിയും താഴെ പറയുന്ന മുൻ കരുതലുകളും കൃത്യമായ ചികിത്സയും ഒരു പരിധി വരെ സഹായിക്കും.

തുള്ളിമരുന്നുകൾ ഉപയോഗിക്കുമ്പോൾ:

സ്വയം ചികിത്സ:
വേണ്ടേ വേണ്ട. കണ്ണിന് ചുവപ്പോ ചൊറിച്ചിലോ വന്നാൽ നേരെ മെഡിക്കൽ ഷോപ്പിൽ പോയി മരുന്ന് വാങ്ങുന്ന ശീലം മലയാളികൾക്ക് കൂടുതലാണ്. ഇത് കണ്ണിന് അപകടം ക്ഷണിച്ചു വരുത്തും.കുറുപ്പടിയില്ലാതെ മരുന്നുകൾ കൊടുക്കുന്നതും വാങ്ങുന്നതും കാരണം മരുന്നുകളുടെ ദുരുപയോഗം മൂലമുള്ള പല പ്രശ്നങ്ങളും കണ്ണിനു സംഭവിക്കാം- സ്റ്റിറോയ്ഡ് അടങ്ങിയ തുള്ളിമരുന്നുകളാണെങ്കിൽ പ്രത്യേകിച്ചും. ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഇവ തുടർച്ചയായി ഉപയോഗിച്ചാൽ കൃഷ്ണമണിയിലെ വ്രണങ്ങൾ, ഗ്ലോക്കോമ, തിമിരം തുടങ്ങിയവക്ക് അത് കാരണമാകും. ഏതെങ്കിലും സന്ദർഭത്തിൽ ഡോക്ടർ കുറിച്ച തുള്ളിമരുന്ന് പുതിയൊരു പ്രശ്നത്തിന് വീണ്ടും സ്വയം ഉപയോഗിക്കുന്നതും അപകടം. എന്തെന്നാൽ കണ്ണിൽ ചുവപ്പുകൾ പലവിധം. ഓരോന്നിനും അതിന്റേതായ ചികിത്സ ആവശ്യമാണ്.

ഒരു കുപ്പി തുള്ളിമരുന്ന് എത്ര നാൾ?

എക്സ്പൈറി തീയതി കഴിഞ്ഞ മരുന്നുകൾ ഉപേക്ഷിക്കുക. എക്സ്പൈറി ആയിട്ടിലെങ്കിൽ കൂടി, പൊട്ടിച്ച് ഒരു മാസം കഴിഞ്ഞാൽ ആ മരുന്നിലെ പ്രിസർവേറ്റീവ് നശിക്കുകയും, അതിൽ അണുക്കൾ വളരുകയും ചെയ്യാം. അതിനാൽ പൊട്ടിച്ച മരുന്നുകൾ ഒരു മാസത്തിനപ്പുറം ഉപയോഗിക്കാതെ ശ്രദ്ധിക്കുക.

തുള്ളിമരുന്ന് ഒഴിക്കേണ്ടതെങ്ങനെ?

കൈകൾ കഴുകി ശുചിയാക്കിയിട്ടു വേണം മരുന്ന് എടുക്കാൻ. ഒരു തുള്ളിയിൽ കൂടുതൽ ഒരു മരുന്നും കണ്ണിൽ തങ്ങുകയില്ല - ബാക്കി വെറുതെ ഒഴുകി പോകുകയേ ഉള്ളു. അതിനാൽ താടി അല്പം മേലോട്ട് പൊക്കി, കീഴ്പോള താഴ്ത്തി, കണ്ണിന്റെ വെള്ളയിൽ കൃത്യം ഒരു തുള്ളി മാത്രം എന്ന വിധമാണ് തുള്ളിമരുന്നുകൾ ഒഴിക്കേണ്ടത്. ഒഴിച്ച് കഴിഞ്ഞാൽ അടപ്പു മുറുക്കി, വെയിൽ ഏൽക്കാതെ കുളിർമ യുള്ള ഷെൽഫിൽ പ്രത്യേകം സൂക്ഷിക്കുക. മിക്ക മരുന്നുകളും ഫ്രിഡ്ജിൽ വെക്കേണ്ട ആവശ്യം ഇല്ല.

കണ്ണഴകും ആരോഗ്യവും:
വെളുക്കാൻ തേച്ചത് പാണ്ടാകുമോ?

മയ്യെഴുതിയ മിഴികളുടെ കാന്തി വർണിക്കാത്ത കവികളുണ്ടോ! എന്നാൽ കണ്ണിന് ചന്ത മേകാൻ ഉപയോഗിക്കുന്ന ഐലൈനർ, കാജൽ, മസ്കാര എന്നിവയുടെ ദുരുപയോഗം നേത്രാരോഗ്യത്തെ ബാധിക്കാതെ ശ്രദ്ധിക്കുക. കൺപോളകളുടെ അരികിലുള്ള 'മൈബോമിയൻ ഗ്രന്ഥികൾ' അടഞ്ഞു പോകാനും, കണ്ണ് വരളാനും, അണുബാധകൾ ഉണ്ടാകാനും ഒക്കെ ആശ്രദ്ധമായ മേക്കപ്പ് കാരണമാകാം.

നിങ്ങൾ ചെയ്യേണ്ടത്:

  • ഗുണനിലവാരമുള്ള സൗന്ദര്യ വർദ്ധക ബ്രാൻഡുകൾ മാത്രം കണ്ണിൽ ഉപയോഗിക്കുക.

  • കൺപീലികളുടെ ഉൾഭാഗത്തായി, ഗ്രന്ഥികൾ അനവധിയുള്ള, പോളയുടെ വാട്ടർലൈനിൽ (Waterline) കണ്മഷി എഴുതരുത്. പോള കണ്ണുമായി ചേർന്ന് കിടക്കു ന്ന ഭാഗത്ത് ഐലൈനറോ കാജലോ ഉപയോഗിക്കരുത്. ഇത് നേരിട്ട് കണ്ണിലേക്ക് രാസ വസ്തുക്കൾ എത്തുന്നതിനും കൺപോളയിലെ ഗ്രന്ഥികൾ അടയുന്നതിനും കാരണമാകും. കൺപീലികൾക്ക് പുറത്ത് (Lash line) മാത്രം മഷി എഴുതുക.

  • കണ്ണിൽ ഉപയോഗിക്കുന്ന സൗന്ദര്യവർദ്ധക സാമഗ്രികൾ മറ്റൊരാളുമായി പങ്കുവെക്കരുത്.

  • ഉറങ്ങുന്നതിനു മുൻപ് മേക്കപ്പ് പൂർണ്ണമായും നീക്കംചെയ്യുക.വെളിച്ചെണ്ണ നല്ലൊരു പ്രകൃതി ദത്ത മേക്കപ്പ് റിമൂവർ ആണ്.

കണ്ണിലെ പൊടി - ചില പൊടിക്കൈകൾ:

കണ്ണിൽ കരട് വീഴുക സാധാരണമാണ്. ഉടനടി സ്വയം ചെയ്യാവുന്ന നടപടികൾ ചുവടെ.

നിങ്ങൾ ചെയ്യേണ്ടത്:

  • ശുദ്ധമായ വെള്ളം (തിളപ്പിച്ചാറിയതോ കുടിവെള്ളമോ ഉത്തമം) ഉപയോഗിച്ച് കണ്ണ് നന്നായി കഴുകുക.

  • രാസവസ്തുക്കളാണ് (ആസിഡ്, ആൽക്കലി) കണ്ണിൽ വീണതെങ്കിൽ, ഒഴുകുന്ന വെള്ളത്തിൽ 15-20 മിനിറ്റ് തുടർച്ചയായി കണ്ണ് കഴുകിയ ശേഷം ഉടൻ തന്നെ ആശുപത്രിയിൽ എത്തുക.

അരുത്

  • ഒരു കാരണവശാലും കണ്ണ് തിരുമ്മരുത്.

  • തുണി, സേഫ്റ്റി പിൻ, ഇയർ ബഡ് എന്നിവ ഉപയോഗിച്ച് കരട് എടുക്കാൻ ശ്രമിക്കരുത്. എത്ര കഴുകിയിട്ടും കരട് പോകുന്നില്ലെങ്കിൽ നേത്രരോഗവിദഗ്ദ്ധനെ തന്നെ കാണുക.

വളരെ പ്രായോഗികവും ശാസ്ത്രീയവും ലളിതവുമായ ഈ നേത്രപരിരക്ഷാമാർഗ്ഗങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാക്കുക. കാഴ്ച എന്ന അത്ഭുതത്തെ നമ്മുടെ അനുഭവവും അനുഗ്രഹവും ആക്കി മാറ്റുന്ന കണ്ണുകളെ കരുതലോടെ സ്നേഹിക്കുക - അതു വഴി, സ്വന്തം കാഴ്ചക്ക് സ്വയം കാവലാകുവാൻ നമുക്ക് സാധിക്കട്ടെ.

READ: കാൻസർ വേദനയിൽ
നിന്നുള്ള മോചനം
ഔദാര്യമല്ല, അവകാശമാണ്

സ്തനാർബുദം;
അറിയാം ചില വസ്തുതകൾ

ചർമ്മത്തിലെ
ഫംഗസ് ബാധകൾ

ശിശുക്കളുടെ
പോഷണവും ഭക്ഷണവും
എങ്ങനെയായിരിക്കണം?

പെട്ടെന്നുണ്ടാകുന്ന കേൾവിക്കുറവ്,
എന്തു​ ചെയ്യണം?

പ്രസവാനന്തരം
ആറാഴ്ച
അതിപ്രധാനം

ആശുപത്രി ശുചിത്വവും അണുബാധ നിയന്ത്രണവും ഉറപ്പുവരുത്താൻ…

ഡോക്ടർ
ജനപ്രതിനിധി
ആയപ്പോൾ

ജനസംഖ്യ കുറയുന്ന
കേരളം; നാളെയുടെ
വെല്ലുവിളി

മരണത്തിന്റെ വക്കിൽ
സഞ്ചരിക്കുന്നവരോട്
ഒരു സൈക്യാട്രിസ്റ്റിന്
പറയാനുള്ളത്…

കുട്ടികളിൽനിന്ന്
തട്ടിയെടുക്കരുത്,
അവരുടെ
കുട്ടിക്കളികളെ…

കേൾവിക്കുറവ്
ഒരു നിശ്ശബ്ദ പ്രതിസന്ധി

‘ആദ്യം
ചികിത്സിക്കപ്പെടേണ്ടത് ...’,
ഒരു മെഡിക്കൽ വിദ്യാർത്ഥി
എഴുതുന്നു

ചെറിയ ആരോഗ്യ സ്ഥാപനങ്ങൾ
നേരിടുന്ന പ്രതിസന്ധികൾ

ആർത്തവ വിരാമത്തിലേക്ക് എത്തുമ്പോൾ

സ്ത്രീമനസ്സിന്റെ
പ്രശ്നങ്ങൾ

അമ്മയ്ക്കും കുഞ്ഞിനും
ഒരുപോലെ പ്രധാനം,
ഗർഭകാലത്തെ
വായയുടെ ആരോഗ്യം

ആർത്തവപൂർവ
പ്രശ്നങ്ങൾ,
സങ്കീർണതകൾ,
കരുതലുകൾ

കൈവിട്ടത്
തിരിച്ചെടുത്തു തന്നവർ

ഒരു മെഡിക്കൽ കോളേജ്
വനിതാ പ്രിൻസിപ്പലിന്റെ ആത്മഗതം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments