അസ്ഥിദൃഢത
കുറയുമ്പോൾ

‘‘സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികളുടെ ദൃഢത കുറഞ്ഞ് അവ പൊട്ടാൻ എളുപ്പമാവുകയും ചെയ്യുന്ന അവസ്ഥയാണിത്. പലപ്പോഴും ആദ്യമായി അറിയുന്നത് ഒരു ചെറിയ വീഴ്ചയ്ക്കുശേഷം അസ്ഥി പൊട്ടുമ്പോഴാണ്’’- ‘IMA നമ്മു​ടെ ആരോഗ്യം’ മാസികയിൽ ഡോ. കെ. സന്ധ്യ കുറുപ്പ് എഴുതിയ ലേഖനം.

എന്താണ് ഓസ്റ്റിയോപൊറോസിസ്?

സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് ഓസ്റ്റിയോപൊറോസിസ് (Osteoporosis). അസ്ഥികളുടെ ദൃഢത കുറയുകയും അവ പൊട്ടാൻ എളുപ്പമാവുകയും ചെയ്യുന്ന അവസ്ഥയാണിത്. ലക്ഷണങ്ങളൊന്നുമില്ലാതെ വർഷങ്ങളോളം മുന്നേറുന്നതിനാലാണ് നിശ്ശബ്ദ രോഗം എന്ന് ഇതിനെ വിളിക്കുന്നത്. പലപ്പോഴും ആദ്യമായി അറിയുന്നത് ഒരു ചെറിയ വീഴ്ചയ്ക്കുശേഷം അസ്ഥി പൊട്ടുമ്പോഴാണ്.

അസ്ഥികൾ സജീവമായ ജീവകണങ്ങളാൽ നിർമ്മിതമാണ്. അവ സ്ഥിരമായി പുനർനിർമാണം ചെയ്യപ്പെടുന്നു. ചെറുപ്പക്കാരിൽ പുതിയ അസ്ഥി നിർമ്മാണം കൂടുതലായിരിക്കും. എന്നാൽ 35- 40 വയസ്സിന് ശേഷം അസ്ഥിനാശം ക്രമേണ വർധിക്കുകയും അസ്ഥിദൃഢത കുറയുകയും ചെയ്യുന്നു. ഈ നഷ്ടം വളരെ കൂടുതലാകുമ്പോൾ അതിനെ ഓസ്റ്റിയോപൊറോസിസ് എന്നു വിളിക്കുന്നു.

ഓസ്റ്റിയോപൊറോസിസ്
സ്ത്രീകളിൽ കൂടുതലായി
കാണപ്പെടുന്നതെന്തുകൊണ്ട്?

സ്ത്രീകളിൽ ഈ രോഗം പുരുഷന്മാരേക്കാൾ 2–3 മടങ്ങ് കൂടുതലാണ്. ഇതിന് പ്രധാന കാരണം, ആർത്തവ വിരാമം (Menopause) ആകുമ്പോൾ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് ശരീരത്തിൽ കുറയുന്നു എന്നതാണ്. ശരീരഭാരം കുറവ്, കാൽസ്യം, വിറ്റാമിൻ ഡി കുറവ്, വ്യായാമക്കുറവ്, പാരമ്പര്യ ഘടകങ്ങൾ, തൈറോയ്ഡ്, സ്റ്റിറോയ്ഡ് മരുന്നുകളുടെ ദീർഘകാല ഉപയോഗം എന്നിവയാണ് മറ്റു കാരണങ്ങൾ.

ആർത്തവവിരാമത്തിന് ശേഷം 5–10 വർഷത്തിനുള്ളിൽ അസ്ഥിനാശം വേഗത്തിൽ സംഭവിക്കുന്നു. അതിനാൽ 50 വയസ്സിന് മുകളിലുള്ള സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

എന്താണ് ലക്ഷണങ്ങൾ?

ഓസ്റ്റിയോപൊറോസിസ് പലപ്പോഴും ലക്ഷണങ്ങളില്ലാതെ തുടരുന്നു. എന്നാൽ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങൾ ഇതൊക്കെയാണ്:

ചെറിയ വീഴ്ചയിൽ പോലും അസ്ഥിപൊട്ടൽ, നടുവേദന, പുറംവേദന, ഉയരം കുറയൽ, മുതുക് വളവ്, കാൽമുട്ട്, ഇടുപ്പ്, നട്ടെല്ല്, മുട്ട് ഭാഗങ്ങളിൽ പൊട്ടൽ, പ്രത്യേകിച്ച് ഇടുപ്പ് പൊട്ടൽ, ജീവൻപോലും അപകടത്തിലാക്കാം. പ്രായമായ സ്ത്രീകളിൽ ഇത്തരം പൊട്ടലുകൾക്ക് ശേഷമുള്ള മരണനിരക്ക് കൂടുതലാണ്.

സാമൂഹികവും കുടുംബപരവുമായ പ്രത്യാഘാതങ്ങൾ വളരെ യേറെയാണ്. കുടുംബത്തിന്റെ നെടുംതൂണായ സ്ത്രീ പെട്ടെന്ന് കിടപ്പിലാവുമ്പോൾ എല്ലാം തകിടം മറിയുന്നു. ഓസ്റ്റിയോപൊറോസിസ് ഒരു വ്യക്തിയുടെ ആരോഗ്യപ്രശ്നം മാത്രമല്ല; ഇത് ഒരു സാമൂഹികപ്രശ്നവുമാണ്.

പൊട്ടലിനുശേഷം പലർക്കും സ്വതന്ത്രമായി നടക്കാനാകില്ല. സ്വയംപര്യാപ്തത നഷ്ടപ്പെടുന്നു. ദീർഘകാലത്തെ കിടപ്പ് ബെഡ്‌ സോർ, ന്യൂമോണിയ, ഡിപ്രഷൻ എന്നിവയ്ക്ക് വഴി തെളിയിക്കുന്നു.

പരിചരണച്ചെലവും, ആശുപത്രിവാസവും ശസ്ത്രക്രിയകളും കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു- ചികിത്സയും പുനരധിവാസവും ചെലവേറിയതാണ്. ഇതൊക്കെ മാനസികാഘാതത്തിനും കാരണമാകുന്നു. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ആയുർദൈർഘ്യം കൂടുതലായതിനാൽ പ്രായമായ സ്ത്രീകളുടെ എണ്ണം കൂടുകയാണ്. അതിനാൽ ഓസ്റ്റിയോപൊറോസിസ് ഗൗരവമേറിയ പൊതുജനാരോഗ്യപ്രശ്നമാണ്.

ഓസ്റ്റിയോപൊറോസിസ് എങ്ങനെ കണ്ടുപിടിക്കാം?

ഓസ്റ്റിയോപൊറോസിസ് തിരിച്ചറിയാൻ ഏറ്റവും വിശ്വാസ്യതയുള്ള പരിശോധനയാണ് DEXA സ്കാൻ (Bone Mineral Density test). 65 വയസിന് മുകളിലുള്ള സ്ത്രീകൾക്ക് സ്ക്രീനിംഗ് നിർബന്ധമാണ്. 50 വയസിനുശേഷം എല്ലുപൊട്ടൽ ഉണ്ടായാൽ ഉടൻ പരിശോധന വേണം.

50 വയസിന് മുകളിലുള്ള സ്ത്രീകൾ, പ്രത്യേകിച്ച് മെനോപോസിന് ശേഷം, ഡോക്ടറുടെ നിർദ്ദേശപ്രകാരം ഈ പരിശോധന നടത്തുന്നത് ഉചിതമാണ്.

എങ്ങനെ പ്രതിരോധിക്കാം?

ഓസ്റ്റിയോപൊറോസിസ് ഒരു പരിധിവരെ തടയാനാകുന്ന രോഗമാണ്. ജീവിതശൈലീമാറ്റങ്ങൾ ഇതിന് വളരെയധികം സഹായിക്കുന്നു.

1. ശരിയായ ആഹാരം:

  • പാലും പാലുൽപ്പന്നങ്ങളും, ചെറുമീൻ (മത്തി തുടങ്ങിയവ), ഇലക്കറികൾ, എള്ള്, ബദാം.

  • കാൽസ്യം, വിറ്റാമിൻ ഡി സമൃദ്ധമായ ഭക്ഷണം.

2. സൂര്യപ്രകാശം:

  • രാവിലെ 15–20 മിനിറ്റ് സൂര്യപ്രകാശം വിറ്റാമിൻ ഡി ഉൽപാദനത്തിന് സഹായിക്കുന്നു.

3. വ്യായാമം:

  • വേഗനടത്തവും, ലഘുവായ വ്യായാമങ്ങളും അസ്ഥിദൃഢത മെച്ചപ്പെടുത്തും.

4. പുകവലി, മദ്യപാനം ഒഴിവാക്കുക:

എന്താണ് ചികിത്സാമാർഗങ്ങൾ?

ഓസ്റ്റിയോപൊറോസിസ് സ്ഥിരീകരിച്ചാൽ ചികിത്സ ആവശ്യമാണ്. ചികിത്സ രോഗത്തിന്റെ കാഠിന്യം അനുസരിച്ച് തീരുമാനിക്കുന്നു.

1. കാൽസ്യം + വിറ്റാമിൻ D സപ്ലിമെന്റുകൾ:

  • അടിസ്ഥാന ചികിത്സയായി ഇവ എല്ലാവർക്കും ആവശ്യമാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ എടുക്കാവൂ. ഓസ്റ്റിയോപൊറോസിസ് തടയാൻ 1200 എം.ജി കാൽസ്യവും 800 യൂണിറ്റ് വിറ്റാമിൻ ഡി യും നാം എല്ലാ ദിവസവും കഴിക്കണം. പാൽ, പച്ചക്കറികൾ, മത്സ്യമാംസാദികളിലൊക്കെ കാൽസ്യം ധാരാളമായി ഉണ്ട്.

2. ബിസ്‌ഫോസ്ഫോണേറ്റ് മരുന്നുകൾ:

  • ഉദാ: Alendronate, Risedronate അസ്ഥിദ്രവ്യം കുറയുന്നത് തടയുന്നു. ആഴ്ചയിൽ / മാസത്തിൽ ഒരിക്കൽ നൽകാം. വയറുവേദന പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാം.

3. ഡിനോസുമാബ്:

  • ആറുമാസത്തിലൊരിക്കൽ ഇഞ്ചക്ഷൻ ആയി കൊടുക്കുന്നു. ഗുരുതര ഓസ്റ്റിയോപൊറോസിസിൽ ഉപയോഗിക്കുന്നു.

4.ഹോർമോൺ ചികിത്സ (HRT):

  • ആർത്തവം നിലച്ചതിനുശേഷമുണ്ടാകുന്ന അസ്ഥിക്ഷയത്തിന് ഉപയോഗിക്കുന്നു. എന്നാൽ എല്ലാ ആളുകൾക്കും അനുയോജ്യമല്ല.

5. ടെറിപെരറ്റൈഡ് (Teriparatide):

  • ഗുരുതരമായ (നട്ടെല്ല്, ഇടുപ്പ്)എല്ല് പൊട്ടലിന് സാധ്യതയുള്ളവർക്കായി അസ്ഥി നിർമ്മാണ ത്തിന് ഈ മരുന്ന് സഹായിക്കുന്നു.

ചികിത്സ എത്രകാലം വേണം?

സാധാരണ 3–5 വർഷം വരെ മരുന്ന് ആവശ്യമായിവരാം. ഇടയ്ക്കിടെ ബി.എം.ഡി (BMD -Bone Mineral density) പരിശോധന നടത്തി പുരോഗതി വിലയിരുത്തണം. ഡോക്ടറുടെ മേൽനോട്ടം അനിവാര്യമാണ്. ചികിത്സ ദീർഘകാലമാണ്. സ്വമേധയാ മരുന്ന് നിർത്തരുത്.

എങ്ങനെ പ്രതിരോധിക്കാം?

വീഴ്ചകൾ ഒഴിവാക്കാൻ വീടുകളിൽ വഴുതുന്ന നിലങ്ങൾ ഒഴിവാക്കുക. നല്ല വെളിച്ചം ഉറപ്പാക്കുക. ബാത്ത്റൂമിൽ കൈവരികൾ സ്ഥാപിക്കുക, ശരിയായ ചെരിപ്പ് ഉപയോഗിക്കുക.

ഓസ്റ്റിയോപൊറോസിസ് സ്ത്രീകളുടെ ജീവിതഗുണമേന്മയെ ഗൗരവമായി ബാധിക്കുന്ന നിശ്ശബ്ദ രോഗമാണ്. എന്നാൽ ഇത് തിരിച്ചറിയുകയും മുൻകരുതലുകൾ എടുക്കുകയും ചെയ്താൽ വലിയ അളവിൽ നിയന്ത്രിക്കാനാകും. ആർത്തവവിരാമത്തിന് ശേഷം ആരോഗ്യപരിശോധനകൾ നടത്തുക, ശരിയായ ഭക്ഷണവും വ്യായാമവും പാലിക്കുക, ഡോക്ടറുടെ ഉപദേശം തേടുക.

“അസ്ഥികൾ ശക്തമായാൽ ജീവിതവും ശക്തമാകും’’- സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ അടിസ്ഥാനമാണെന്നത് മറക്കരുത്.

READ: സൾഫൈറ്റുകൾ;
അലർജിയിലെ
അദൃശ്യ വില്ലൻമാർ

ആർദ്രമായ
ആ കണ്ണുകൾ

മൃഗങ്ങളുടെ
കടിയേറ്റാൽ;
പ്രഥമശുശ്രൂഷയും
തുടർനടപടികളും

മോഹാലസ്യം

Stroke
മസ്തിഷ്കാഘാതം

ആത്മഹത്യാ
പ്രതിരോധം

പ്രഥമശുശ്രൂഷയും അബോധാവസ്ഥയിലുള്ള
രോഗിയെ കിടത്തുന്ന രീതിയും

ആഘാത പ്രതിരോധം
എന്ന ജീവിതസംസ്കാരം

ഗർഭിണികളിലെ
സി.പി.ആർ

തൊണ്ടയിൽ
ഭക്ഷണം കുടുങ്ങിയാൽ

നെഞ്ചിലുണ്ട്
ഒരു ജീവൻ,
അതിനെ രക്ഷിക്കാം

കുട്ടികളുടെ
ജീവൻ രക്ഷിക്കാൻ…, ആരോഗ്യപ്രവർത്തകർ
അറിയേണ്ടത്

പരിക്കേറ്റവരെ
ആശുപത്രിയിൽ
എത്തിക്കുമ്പോൾ

‘ട്രയാജ്’:
അപകടങ്ങളിൽ
ജീവൻ രക്ഷിക്കാനുള്ള
ലളിത മാർഗം

അപകടത്തിൽ
പെടുന്നവരെ
എങ്ങനെ
സഹായിക്കാം?

അടിയന്തര ഘട്ടങ്ങളിൽ
ജീവൻ രക്ഷിക്കാൻ
എന്തു ചെയ്യണം?

യുദ്ധവും
പ്രവാസികളുടെ
ആരോഗ്യ ആശങ്കകളും

പാമ്പുകടി
ഏൽക്കാതിരിക്കാൻ,
കടിയേറ്റാൽ
എന്തു ചെയ്യണം?

പൊള്ളിപ്പടർന്ന
സ്വപ്നങ്ങൾ

സർക്കാർ
ഡോക്ടർമാ​ർക്കെതിരായ അക്രമം
സിസ്റ്റം തകരാറോ?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments