തന്റെ സ്വപ്നം മറ്റൊരാൾക്ക് വ്യക്തമാക്കി കൊടുക്കാൻ ശ്രമിക്കുന്നതു പോലെയാണ്, ഒരാൾ അനുഭവിച്ച വേദന മറ്റൊരാൾക്കു മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കുന്നത്. അവിടെ വാക്കുകൾ അപൂർണ്ണമാകുന്നു. പ്രസവവേദനയുടെ കാഠിന്യം മറ്റൊരാൾക്ക് എങ്ങനെ പറഞ്ഞു കൊടുക്കും?
ഫ്രഡറിക് നീത്ഷെ മൈഗ്രയിൻ രോഗിയായിരുന്നു. ചെന്നിക്കുത്ത് എന്നു പറയുന്ന അതികഠിനമായ തലവേദന. അദ്ദേഹം തന്റെ വേദനക്ക് ഒരു പേരു കൊടുത്തിട്ടുണ്ട്; നായ. ഒരു വളർത്തുനായയെ പോലെ എവിടെയും, ഏതു സമയത്തും കയറി വരുന്ന വേദന. ഒരു നായയെ പോലെ സമർത്ഥയും കൗശലക്കാരിയും. കൂടാതെ ശല്യക്കാരിയും. വേദനകൾ പല തരത്തിലുണ്ടല്ലോ. കടിച്ചുപറിക്കുന്ന പോലെ, തുളച്ചു കയറുന്ന പോലെ, പിടിച്ചുവലിക്കുന്ന പോലെ, പൊള്ളുന്ന പോലെ, അസഹനീയമായ, ശല്യപ്പെടുത്തുന്ന, ചെകിട്ടത്ത് അടി കിട്ടുമ്പോൾ ചിലപ്പോൾ കണ്ണിൽ നിന്നും പൊന്നീച്ച പറക്കുന്ന പോലെയുള്ള വേദന അങ്ങനെയങ്ങനെ പലതും.

എല്ലൊടിയുമ്പൊഴുണ്ടാകുന്ന വേദന ഉടനടി ഉണ്ടാകുന്ന വേദനയാണ്. അതായത് അക്യൂട്ട് (acute). എന്നാൽ റൂമറ്റോയിഡ് ആർത്രൈറ്റിസ് എന്ന സന്ധിരോഗത്തിന്റെ വേദന ചിരസ്ഥായിയാണ്-ക്രോണിക് (Chronic). നാഡീഞരമ്പുകളെ ബാധിക്കുന്ന 'സയാറ്റിക്ക' (Sciatica) പോലുള്ള രോഗങ്ങളിൽ വേദനയെ ന്യൂറോപതിക് (Neuropathic) എന്നു വിശേഷിപ്പിക്കും. നാഡികളല്ലാതെ മറ്റു ഭാഗങ്ങൾ- ഉദാഹരണത്തിന് കാറിന്റെ ഡോറിൽ പെട്ട് വിരൽ ചതയുമ്പോഴൊക്കെയുണ്ടാകുന്ന വേദനക്ക് നോസിസെപ്റ്റീവ് എന്നാണ് പറയുന്നത്. പിന്നെ കാൻസറിന്റെ വേദന എന്നത് ഒരു പ്രത്യേകതരം വേദനയാണ്. സാധാരണ വേദനസംഹാരികൾക്ക് അതീതമായ ഒന്ന് എന്നു പറയാം.
വേദന നമ്മുടെ ശത്രുവല്ല. വേദനയെ സഹനീയമാക്കുക എന്നതാണ് ലക്ഷ്യം. നമ്മുടെ ശരീരം കൊണ്ട് എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്തുകൂടാ എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നത് വേദനയാണ്. ദൈനംദിന ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രണത്തിലാക്കി സുഗമമായി മുന്നോട്ടുപോകാൻ നമ്മെ സഹായിക്കുന്നതും.
മനഃശാസ്ത്രത്തിലെ അമ്പരപ്പിക്കുന്ന ഒരു പ്രതിഭാസമായിട്ടാണ് വേദനയെ റൊണാൾഡ് മെൽസാക് വിലയിരുത്തുന്നത്. മനുഷ്യമനസ്സ് സ്വന്തം മാന്ത്രികസിദ്ധി കൊണ്ട് വേദനയുടെ സൂചനകളെ പോലും നിയന്ത്രണ വിധേയമാക്കുന്നു എന്ന് ഉദാഹരണസഹിതം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു ഫുട്ബാൾ കളിക്കാരൻ കളിയ്ക്കിടയിൽ പറ്റിയ കാലിലെ മുറിവിന്റെ വേദനയെ പൂർണ്ണമായും മറന്ന് കളി പൂർത്തിയാക്കി തിരിച്ച് വിശ്രമമുറിയിലെത്തി കാലുറ മാറ്റി ചോര കാണുമ്പോൾ മാത്രം വേദനയെ വീണ്ടെ ടുക്കുന്നത് മനസ്സിന്റെ അവ്യാഖ്യേയതയല്ലെങ്കിൽ മറ്റെന്ത് എന്ന് മെൽസാക്ക് തന്റെ "The Puzzle of Pain" എന്ന പുസ്തകത്തിൽ ചോദിക്കുന്നുണ്ട്. മെൽസാക് ചില്ലറക്കാരനല്ല. വാക്കുകൾക്കതീതമായ വേദനാനുഭവത്തിന് സാക്ഷ്യം കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ശ്രമമാണ് MPQ എന്ന ചോദ്യാവലി, McGill Pain Questionnaire. സ്ഥിരമായും, ഇടക്കിടെയായും, വല്ലപ്പോഴുമൊരിക്കലും വരുന്ന വേദനയുടെ, സമയ-കാല ബന്ധങ്ങളെ വില യിരുത്താനായി ഇരുപതു ഗ്രൂപ്പുകളിലായി 78 വാക്കുകൾ ഉൾപ്പെടുന്ന ചോദ്യാവലി. 1971 മുതൽ ഇത് പ്രാബല്യത്തിലുണ്ട്.

വേദനയുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ചില വാക്കുകൾക്ക് അതിന്റെ അടിസ്ഥാനമായ കാരണങ്ങളുമായും ബന്ധമുണ്ടാകാം. വേദനയുടെ വ്യത്യസ്തമായ കാരണങ്ങൾ അതിൽ നിന്നു മുക്തി നേടാൻ വ്യത്യസ്തമായ സമീപനങ്ങൾക്കും കാരണമാകാം. ചെറിയ തലവേദനക്ക് പാരസിറ്റമോൾ (Paracetamol) മതി. സാധാരണ വയറുവേദനക്ക് ചൂടുവെള്ളം നിറച്ച ഹോട്ട്ബാഗ് ആവാം. ഇരുണ്ട ഒരു മുറി മൈഗ്രയിൻ രോഗിക്ക് സുഖം നൽകാം. ചില സന്ധിവേദനകൾക്ക് സ്റ്റിറോയിഡ് ഇഞ്ചക്ഷൻ ഫലപ്രദമാകാം.
വേദനാസംഹാരികളുടെ കഥ തുടങ്ങുന്നത് നാട്ടു മരുന്നുകളിൽ നിന്നും, നാട്ടറിവുകളിൽ നിന്നും ആണല്ലോ. നീത്ഷേ തന്റെ മൈഗ്രയിൻ രോഗത്തിന് കണ്ടുപിടിച്ച ചികിത്സ ചെവിയിൽ കുളയട്ടകളെ കടിപ്പിക്കുകയായിരുന്നത്രേ.
പത്തൊൻപതാം നൂറ്റാ ണ്ടിൽ പനിക്കും വേദനയ്ക്കും സോഡിയം സാലിസിലേറ്റ് ഉപയോഗിച്ചിരുന്നു. അതിന്റെ ദൂഷ്യഫലങ്ങളെ തുടർന്ന് പിന്നീട് ബേയർ കമ്പനി അതിന്റെ തന്നെ മറ്റൊരു രൂപമായ അസറ്റൈൽ സാലിസിലിക് ആസിഡ് കൊണ്ടുവന്നു. അതാണ് ഇന്നും പ്രസിദ്ധമായ ആസ്പിരിൻ ഗുളിക. തുടർന്ന് അസറ്റമിനോഫെൻ (പാരാസെറ്റമോൾ) എന്ന ഗുളികയുടെ വരവായി. ഇബുപ്രൂഫൻ പോലെയുള്ള NSAID മരുന്നുകൾ നീർക്കെട്ടുമായി (Inflammation) ബന്ധപ്പെട്ട വേദന കുറക്കാനാണ് ഫലപ്രദം.

വേദനയും, വേദനസംഹാരികളും തമ്മിൽ പൊരുത്തപ്പെടാതെ വരുമ്പോഴാണ് ചികിത്സ ഫലിക്കാതെ പോകുന്നത്. വേദന കുറക്കാൻ കാലാകാലങ്ങളായി ഉപയോഗത്തിലുള്ള മരുന്നാണ് ഓപ്പിയം (കറപ്പ്). അതിന്റെ മറ്റു രൂപങ്ങളും, ഉദാഹരണത്തിന് മോർഫിൻ. അതിന്റെ ഏറ്റവും വലിയ ന്യൂനത, അത് അമിത ഉപയോഗ ആസക്തിക്കും ലഹരിക്കും കാരണമാകും എന്നതാണ്. പക്ഷേ മികച്ച വേദനാസംഹാരിയാണ് ഓപ്പിയം. കാൻസർ രോഗികൾക്കും കിടപ്പു രോഗികൾക്കും ഒഴിച്ചു കൂടാനാവാത്ത വേദനാസംഹാരിയാണ് മോർഫിൻ. ഗുളിക രൂപത്തിൽ ഈ മരുന്ന് ലഭ്യമാകാനുള്ള നിയമകുരുക്കുകൾ നമ്മുടെ നാട്ടിൽ ഇപ്പോഴും നിരവധിയാണ്.
പത്തൊൻപതാം നൂറ്റാണ്ടിലെ എഴുത്തുകാരനായ തോമസ് ഡി ക്വിൻസി “Confessions of an English Opium-Eater” എന്ന കൃതിയിൽ തന്റെ ഓപ്പിയം ആസക്തിയെ കുറിച്ച് വിവരിക്കുന്നുണ്ട്. ഒരദ്ധ്യായത്തിന്റെ തലക്കെട്ട് “The Pleasures of Opium” എന്നും മറ്റേത് "The Pains of Opium” എന്നതും. ഓപ്പിയം യുദ്ധങ്ങളെ കുറിച്ചുള്ള ചരിത്രവും നമ്മുടെ ഓർമ്മകളിലുണ്ട്. കറുപ്പ് ശീലം (ദുഃശീലമോ) ആക്കിയിരുന്ന ഒരു തലമുറയെ മറക്കാനാവുമോ?. പാറപ്പുറത്തിന്റെ കുഞ്ഞേനാച്ചനും, എം. മുകുന്ദന്റെ കറമ്പിയമ്മയും ഇവിടെയൊക്കെ തന്നെയുണ്ട്.
ഓപ്പിയത്തിന്റെ ദൂഷ്യഫലങ്ങളില്ലാത്ത, എന്നാൽ അത്രയും തന്നെ ഫലപ്രദമായ ഒരു മരുന്നിനെ തേടിയുള്ള അന്വേഷണങ്ങൾ കഴിഞ്ഞ ഇരുപതിലേറെ വർഷങ്ങളായി തുടരുകയാണ്. ഓപ്പിയം നേരിട്ട് മസ്തിഷ്കത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ വേദനയുടെ സൂചനകൾ ഉത്ഭവിക്കുന്ന ന്യൂറൽകോശങ്ങളിൽ തന്നെ പ്രവർത്തിക്കുന്ന മരുന്നാണ് വേണ്ടത്.
റേഡിയോയിലും കംപ്യൂട്ടറിലും മറ്റും വൈദ്യുതി പ്രസരിക്കുന്നത് ഇലക്ട്രോണുകളിൽ കൂടിയാണ്. എന്നാൽ ജൈവവ്യവസ്ഥകളിൽ ഇത് സംഭവിക്കുന്നത് കോശങ്ങളിലെ അയണുകളിൽ (Ion) കൂടിയും അയൺ ചാനലുകളിൽ (ion channels) കൂടിയും ആണ്. അഞ്ചു തരം അയണുകൾക്കുവേണ്ടി അഞ്ച് അയൺ ചാനലുകൾ ഉണ്ട്. സോഡിയം, പൊട്ടാസിയം, കാൽസിയം, ക്ളോറൈഡ്, ഹൈഡ്രജൻ ഇങ്ങനെ. ഇവ ന്യൂറൽ കോശങ്ങളിലും, നാഡികളിലും വൈദ്യുത സിഗനലുകൾ പുറപ്പെടുവിക്കുന്നു.
ഇതിൽ സോഡിയം അയോൺ ചാനലുകളുടെയും, അവയെ നിയന്ത്രിക്കുന്ന ജീനുകളുടെയും പഠനങ്ങളാണ് പ്രാധാന്യമർഹിക്കുന്നത്. (SCN9A ജീനുകൾ). ഈ ജീനുകളിലെ വ്യതിയാനങ്ങൾ രണ്ടു തരം രോഗങ്ങൾക്കു കാരണമാകുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്. ജൻമനാ തന്നെ വേദന അനുഭവപ്പെടാതിരിക്കുന്ന (Insensitivity to Pain) അവസ്ഥ.
രണ്ടാമത് തീവ്രവേദന ഉണ്ടാകുന്ന അവസ്ഥ. (Inherited Erythromelalgia). ന്യൂറൽ കോശങ്ങളിലെ സോഡിയം ചാനലുകളെ ഈ ജീനുകൾ സ്വാധീനിക്കുന്നുണ്ട്. അങ്ങനെയാണ് സോഡിയം ചാനൽ ബ്ളോക്കു ചെയ്യുന്ന ഒരു വേദനാസംഹാരിക്കുള്ള തെരച്ചിൽ തുടങ്ങുന്നത്. സോഡിയം ചാനലായ Na V1.8. നെ കുറിച്ച് പഠനം നടത്തുന്ന സെൽ ബയോളജിസ്റ്റായ പോൾ നെഗുൽസെ പറയുന്നു, ‘‘ഓരോ സോഡിയം ചാനലും വ്യത്യസ്തമാണ്. ഓരോന്നും തുറക്കുന്നത് വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത വോൾട്ടേജുകളിലാണ്. ഒരു സെക്കന്റിൽ ഇരുപതു തവണയെങ്കിലും തുറക്കു കയും അടക്കുകയും ചെയ്യും, ഇതിനിടക്ക് വേണം നമുക്കവയെ പിടിക്കാൻ". ഇതിനൊക്കെ വളരെ മുമ്പു തന്നെ സോഡിയം ചാനൽ വഴി പ്രവർത്തിക്കുന്ന ലിഡോകെയിൻ എന്ന അനസ്തെറ്റിക് മരുന്നു കണ്ടത്തിയിരുന്നു.

ദന്തചികിത്സയിൽ വിപുലമായി ഉപയോഗിക്കുന്ന ലോക്കൽ അനസ്തറ്റിക് ആണ് ലിഡോകെയിൻ. അതിന്റെ പ്രവർത്തനരീതി ഇതാണ് എന്ന് അന്നറിഞ്ഞിരുന്നില്ല.
ഇപ്പോൾ Suzetrigine എന്ന ഫലപ്രദമായ ഒരു സോഡിയം ചാനൽ ബ്ളോക്കർ വിജയകരമായ മൂന്നാം ഘട്ട ക്ളിനിക്കൽ ട്രയൽ പൂർത്തിയാക്കി Journavx എന്ന പേരിൽ FDA അംഗീകാരം നേടിയിരിക്കുകയാണ്. 20 വർഷത്തിനിടക്ക് അംഗീകാരം നേടുന്ന ആദ്യ ഓപ്പിയംരഹിത വേദനാസംഹാരി.
വേദന ആത്യന്തികമായി ഒരു ന്യൂറൽ സന്ദേശത്തിൽ തന്നെ ഉത്ഭവിക്കണമെന്നില്ല.
"വേദന വേദന ലഹരി പിടിക്കും വേദന
ഞാനതിൽ മുഴുകട്ടെ
മുഴുകട്ടെ, മമ ജീവനിൽ നിന്നൊരു മുരളീ- മൃദുരവമൊഴുകട്ടെ"
എന്ന് ചങ്ങമ്പുഴ പാടുമ്പോൾ, വൈകാരികവും, മാനസികവുമായ വേദനകളെ ഏത് അളവുകോലിൽ നാം ഒതുക്കും, എല്ലാ വേദനകളെയും വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നത് ഒരേ ഭാഷയാണെങ്കിലും.
"More Die of Heart break” എന്നത് സോൾബെല്ലോയുടെ ഒരു നോവലിന്റെ പേരു മാത്രമല്ല.
READ: നോബൽ സമ്മാനം
ലഭിക്കാതെ പോയ ഒരാൾ
പകർച്ചവ്യാധികളുടെ മടിത്തട്ടാകുന്ന കേരളം;
വേണം, ജലജാഗ്രത
ആർത്തവ
വിരാമശേഷമുള്ള രക്തസ്രാവം:
അറിഞ്ഞിരിക്കേണ്ട
വസ്തുതകൾ
PCOS എന്ന അസുഖം, കോസ്മെറ്റിക് ഗൈനക്കോളജി
കൺപോളക്കുരു:
കാരണവും ചികിത്സയും
ആഘോഷമാകട്ടെ
നമ്മുടെ വാർദ്ധക്യം
ഡോക്ടറെ തല്ലിയാൽ
സിസ്റ്റം ശരിയാകുമോ?
കൗമാരത്തിലെ
പ്രതിരോധ
കുത്തിവെപ്പുകൾ
അത്യാഹിതങ്ങളിൽ
എങ്ങനെ ജീവൻരക്ഷാ പ്രവർത്തനം നടത്തണം?
ഡയബെറ്റിസ്:
ആരോഗ്യകരമായ
ഭക്ഷണക്രമത്തിന്റെ
പ്രാധാന്യം
റിവേർസ് ഡയബറ്റിസ്
എന്ത്, എങ്ങനെ?
ഇൻസുലിൻ,
പ്രമേഹരോഗിയുടെ
നിതാന്ത സുഹൃത്ത്
പ്രമേഹ ചികിത്സയിൽ
സ്വയം ഗ്ലൂക്കോസ് പരിശോധിക്കുന്നതിന്റെ പ്രസക്തി
കുട്ടികൾക്കും
പ്രമേഹം ഉണ്ടാകുമോ?
‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

