എയ്ഡ്സുമായി ബന്ധപ്പെട്ട നിരവധി ശാസ്ത്രമുന്നേറ്റങ്ങൾക്ക് നേതൃത്വം കൊടുക്കുകയും അർഹമായ നോബൽസമ്മാനം കൈവിട്ടുപോകയും ചെയ്ത അമേരിക്കൻ ബയോമെഡിക്കൽ ഗവേഷകനാണ് റോബർഡ് ഗാലോ (Robert Charles Gallo: 1937).
ഇറ്റലിയിൽനിന്ന് അമേരിക്കയിൽ കുടിയേറിയ ഒരു തൊഴിലാളികുടുംബത്തിലാണ് ഗാലോ ജനിച്ചത്. ജഫേഴ്സൺ മെഡിക്കൽ കോളേജിൽനിന്ന് വൈദ്യശാസ്ത്രത്തിൽ ഉപരിപഠനം പൂർത്തിയാക്കിയ ഗാലോ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷകനായി ചേർന്നു. തന്റെ അനിയത്തി 13- മത്തെ വയസ്സിൽ രക്താർബുദം ബാധിച്ച് മരണമടഞ്ഞതിനെ തുടർന്നാണ് ഗാലോ കാൻസർ ഗവേഷണത്തിൽ താത്പര്യമെടുത്തത്. കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ റ്റ്യൂമർസെൽ ബയോളജി ലാബ റട്ടറിയുടെ മേധാവിയായിട്ടാണ് ഗാലോ ഗവേഷണപ്രവർത്തനം ആരംഭിച്ചത്. രക്തത്തിലെ ടി ലിംഫോസൈറ്റ് കോശങ്ങളെ (T-Lymphocyte) കേന്ദ്രീ കരിച്ച് ഗാലോയും സഹപ്രവർത്തകരും നടത്തിയ ഗവേഷണഫലങ്ങളിൽ നിന്നും രോഗപ്രതിരോധം (Immunity), കാൻസർ തുടങ്ങിയ മേഖലകളിലെ പിൽക്കാലപഠനങ്ങൾക്ക് സഹായകരമായ ഒട്ടനവധി നിഗമനങ്ങളിൽ എത്തിച്ചേരാൻ കഴിഞ്ഞു. ടി ലിംഫോസൈറ്റുകളുടെ വളർച്ചാഘടകത്തെ പറ്റിയുള്ള (Growth Factor) ഗവേഷണങ്ങളിൽ നിന്നാണ് രോഗപ്രതിരോധവ്യവസ്ഥയിൽ പ്രധാന പങ്കുവഹിക്കുന്ന ഇന്റർലൂക്കിൻ -2 (Interleukin-2) ഗാലോയും സഹപ്രവർത്തകരും കണ്ടെത്തിയത്. ഇതോടെ ടി ലിംഫോസൈറ്റുകളെ കൾച്ചർ മാധ്യമങ്ങളിൽ വളർത്തിയെടുത്ത് രോഗപ്രതിരോധവുമായി ബന്ധപ്പെട്ട നിരവധി ഗവേഷണങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിഞ്ഞു.

ഗാലോ പിന്നീട് അപൂർവമായി കണ്ടുവരുന്ന രക്താർബുദമായ ടി കോശ ലുക്കീമിയക്ക് (T-Cell Leukemia) കാരണമായ വൈറസിനെ വേർതിരിച്ചെടുത്തു. ഹൂമൻ ടി സെൽ ലിംഫോട്രോപിക്ക് വൈറസ് (Human T-Cell lymphotropic Virus: HTLV) എന്ന് നാമകരണം ചെയ്യപ്പെട്ട ഈ വൈറസാണ് മനുഷ്യശരീരത്തിൽ ആദ്യമായി കണ്ടെത്തിയ റിട്രോവൈറസ് വിഭാഗത്തിൽ പെട്ട വൈറസ്. 1982- ൽ പ്രസ്തുത വൈറസ് കണ്ടുപിടിച്ചതിന് ഗാലോക്ക് 1982- ലെ അമേരിക്കൻ നോബൽ എന്നറിയപ്പെടുന്ന വൈദ്യശാസ്ത്രത്തിലെ മൗലിക ഗവേഷകർക്കുള്ള ലാസ്ക്കർ അവാർഡ് (Lasker Award) ലഭിച്ചു. ലുക്കീമിയക്ക് കാരണമെന്ന് ഗാലോയും സഹപ്രവർത്തകരും കരുതിയ എച്ച് ടി എൽ വി -111 (HTLV-III) വൈറസ് പിന്നീട് എയ്ഡ്സ് രോഗികളുടെ രക്തത്തിൽ കണ്ടതോടെ എയ്ഡ്സിന് കാരണമായ വൈറസ് ഇതാണെന്ന് ഗാലോയും കൂട്ടരും തിരിച്ചറിഞ്ഞു. ഗാലോ സയൻസ് എന്ന വിശ്രുത വൈദ്യശാസ്ത്ര ജേർണലിൽ 1984 മെയ് മാസത്തിൽ എയ്ഡ്സ് വൈറസു കണ്ടെത്തിയതായി നാലു പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. ഇതിനുമുൻപ് തന്നെ പാരീസിലെ പാസ്ച്ചർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ ലക് മൊണ്ടാഗ്നിയരുടെ നേതൃത്വത്തിൽ എയ്ഡ്സ് രോഗികളുടെ ശരീരത്തിൽനിന്ന് വേർതിരിച്ചെടുത്ത എൽ എ വി വൈറസാണ് (LAV:lymphadenopathy Associated Virus), എയ്ഡ്സിന് കാരണമെന്ന് കാണിച്ച് സയൻസ് മാസികയിൽ 1983-ൽ പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് രണ്ട് വൈറസുകളും ഒന്നാണെന്ന് കണ്ട് എയ്ഡ്സിന് കാരണമായ വൈറസിന് ഹ്യൂമൻ ഇമ്യൂണോഡഫിഷൻസി വൈറസ് (Human Immuno deficiency Virus: HIV) എന്ന് പേരിടുകയും ചെയ്തു.
എയ്ഡ്സ് വൈറസ് പേറ്റന്റ് ചെയ്യേണ്ട ഘട്ടത്തിൽ ആരാണ് ആദ്യമായി വൈറസ് കണ്ടെത്തിയത് എന്നതുമായി ബന്ധപ്പെട്ട് ഗവേഷണം നടന്ന അമേരിക്കൻ- ഫ്രഞ്ച് സ്ഥാപനങ്ങളായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തും പാസ്ച്ചർ ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ വലിയ തർക്കമുണ്ടായെങ്കിലും ഒടുവിൽ ഒത്തുതീർപ്പിനെ തുടർന്ന് 1987- ൽ വൈറസിന്റെ പേറ്റന്റ് ഇരുസ്ഥാപനങ്ങളും ചേർന്ന് പങ്കിടുകയും ചെയ്തു. അതിനിടെ നിർഭാഗ്യവശാൽ പാസ്ച്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ച രക്തസാമ്പിളിൽ നിന്നും എയ്ഡ്സ് വൈറസ് ഗാലോ മോഷ്ടിച്ചെടുത്തു എന്ന ആരോപണം ഉയർത്തപ്പെട്ടു. പിന്നീട് വിവിധ ഏജൻസികളുടെ ആഭിമുഖ്യത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം ഗാലോക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് കണ്ട് തള്ളിക്കളയുകയുണ്ടായി.

1986- ൽ എയ്ഡ്സ് വൈറസ് ഗവേഷണത്തിന് ഗാലോക്ക് രണ്ടാമത്തെ ലാസ്ക്കർ അവർഡ് ലഭിച്ചു. രണ്ട് തവണ ലാസ്കർ അവാർഡ് ലഭിച്ച ഏക ശാസ്ത്രജ്ഞനാണ് ഗാലോ. ലാസ്ക്കർ അവാർഡ് ജേതാക്കൾക്കാണ് പിന്നീട് നോബൽ സമ്മാനം കിട്ടാറുള്ളതെങ്കിലും എയ്ഡ്സ് വൈറസ് കണ്ടെത്തിയതിനുള്ള നോബൽ സമ്മാനം 2008 ൽ പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകരായ ലക് മൊണ്ടാഗ്നിയർക്കും (Luc Antoine Montagnier: 1932) ഫ്രങ്കോയിസ് സിനൊസ്സിക്കുമാണ് (Françoise Barré-Sinoussi: 1947-) നൽകിയത്. സയൻസ് മാസികയുടെ 2002 നവംബർ 29- ലെ ലക്കത്തിലും ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിന്റെ ഡിസംബർ 11, 2003 ലക്കത്തിലും ഗാലോയും മൊണ്ടാഗ്നിയറും ചേർന്ന് എയ്ഡ്സ് വൈറസ് കണ്ടെത്തുന്നതിൽ ഇരുവരും നടത്തിയ ഗവേഷണങ്ങളെ സംബന്ധിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതോടെ ഇരുവരും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ അവസാനിച്ചു.
നോബൽ സമ്മാനം നിഷേധിക്കപ്പെട്ടത് ഗൗരവമായെടുക്കാതെ ഗാലോ ഗവേഷണപ്രവർത്തനങ്ങൾ കൂടുതൽ ഊർജ്വസ്വലതയോടെ തുടർന്നുവരികയാണ്. എയ്ഡ്സ് രോഗനിർണ്ണയത്തിനും സ്ക്രീനിംഗിനുമുള്ള ആന്റിബോഡി ടെസ്റ്റ് ഗാലോയും സുഹൃത്തു ക്കളും ചേർന്ന് രൂപകല്പന ചെയ്തത് എയ്ഡ്സ് പ്രതിരോധത്തിന് വലിയ ഉത്തേജനമാണ് നൽകിയത്. 1995- ൽ ഗാലോയും സഹപ്രവർത്തകരും ചേർന്ന്, എച്ച് ഐ വി വൈറസിനെ തടസ്സപ്പെടുത്തുന്ന പ്രകൃത്യാ ശരീരത്തിലുള്ള കീമൊകൈൻസ് കണ്ടെത്തിയത് എയ്ഡ്സ് ചികിത്സക്കുള്ള പ്രത്യേകതരം ആന്റിവൈറലുകൾ നിർമ്മിക്കുന്നതിന് സഹായകരമായി, 1996 ൽ ഗാലോ ബാൽറ്റിമൂർ മേരിലാൻഡ് സർവകലാശാലയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹുമൻ വൈറോളജി (Institute of Human Virology) സ്ഥാപിച്ച് പ്രധാനമായും എയ്ഡ്സുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ തുടർന്നു.

ഗവേഷണങ്ങൾക്ക് പുറമേ എയ്ഡ്സ് രോഗികൾക്ക് ചികിത്സയും മറ്റ് സേവനങ്ങളും ലഭ്യമാക്കുന്നതിനും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ശ്രമിച്ചു വരുന്നുണ്ട്. ഇതിനകം, ബാൽറ്റിമൂറിൽ 5000 രോഗികൾക്ക് ചികിത്സ നൽകിയതിനു പുറമേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ സ്ഥാപിച്ചിട്ടുള്ള ക്ലിനിക്കുകൾ വഴി ആഫ്രിക്കയിലും കരീബിയൻ പ്രദേശത്തുമായി 50,000 രോഗികൾക്കും ചികിത്സ നൽകി കഴിഞ്ഞിട്ടുണ്ട്.
ഹൂമൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇപ്പോൾ എയ്ഡ്സ് പ്രതിരോധിക്കാനുള്ള വാക്സിൻ കണ്ടെത്താനുള്ള ഗവേഷണമാണ് നടക്കുന്നത്. വാക്സിൻ ഗവേഷണത്തിന് ബിൽ ആന്റ് മെലിൻഡ ഗെയ്റ്റ്സ് ഫൌണ്ടേഷൻ (Bill and Melinda Gates Foundation), അമേരിക്കൻ സൈന്യത്തിന്റെ എച്ച് ഐ വി ഗവേഷണപ്രോഗ്രാം (U.S. Army's Military HIV Research Program), യു.എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ഹെൽത്ത് തുടങ്ങിയ ഏജൻസികൾ സാമ്പത്തിക സഹായം നൽകുന്നുണ്ട്.
2005- ൽ ഗാലോ പ്രൊഫെക്റ്റസ് ബയോസയൻസ് (Profectus BioSciences) എന്ന പേരിൽ ഒരു ബയോടെക്നോളജി കമ്പനി ആരംഭിച്ചു. എയ്ഡ്സ് അടക്കമുള്ള വൈറസ് രോഗങ്ങളുണ്ടാക്കുന്ന രോഗാതുരതയും മരണവും കുറക്കാനുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. പ്രസിദ്ധ മൈക്രോബയോളജിസ്റ്റ്, ഡബ്ലിൻ സർവകലാശാലയിലെ വില്ല്യം ഹാളുമായി (William W. Hall) ചേർന്ന് ഗാലോ 2011 മാർച്ചിൽ ഗ്ലോബൽ വൈറൽ നെറ്റ് വർക്ക് (Global Viral Network) സ്ഥാപിച്ചു. വൈറസ് ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ കൂട്ടായ പ്രവർത്തനം ശക്തിപ്പെടുത്തുക, വൈറോളജി പരിശീലന പരിപാടികൾ വിപുലീകരിക്കുക, പകർച്ചവ്യാധി വ്യാപനത്തിന്റെ ആരംഭഘട്ടത്തിൽ അനുഭവപ്പെടുന്ന ഗവേഷണ ന്യൂനതകൾ പരിഹരിക്കുക തുടങ്ങിയവയാണ് ഗ്ലോബൽ വൈറൽ നെറ്റ് വർക്കിന്റെ ലക്ഷ്യങ്ങൾ. കേരളത്തിൽ തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് വേണ്ട ഉപദേശ നിർദ്ദേശങ്ങൾ ഗാലോ നൽകുന്നുണ്ട്.

READ: പകർച്ചവ്യാധികളുടെ മടിത്തട്ടാകുന്ന കേരളം;
വേണം, ജലജാഗ്രത
ആർത്തവ
വിരാമശേഷമുള്ള രക്തസ്രാവം:
അറിഞ്ഞിരിക്കേണ്ട
വസ്തുതകൾ
PCOS എന്ന അസുഖം, കോസ്മെറ്റിക് ഗൈനക്കോളജി
കൺപോളക്കുരു:
കാരണവും ചികിത്സയും
ആഘോഷമാകട്ടെ
നമ്മുടെ വാർദ്ധക്യം
ഡോക്ടറെ തല്ലിയാൽ
സിസ്റ്റം ശരിയാകുമോ?
കൗമാരത്തിലെ
പ്രതിരോധ
കുത്തിവെപ്പുകൾ
അത്യാഹിതങ്ങളിൽ
എങ്ങനെ ജീവൻരക്ഷാ പ്രവർത്തനം നടത്തണം?
ഡയബെറ്റിസ്:
ആരോഗ്യകരമായ
ഭക്ഷണക്രമത്തിന്റെ
പ്രാധാന്യം
റിവേർസ് ഡയബറ്റിസ്
എന്ത്, എങ്ങനെ?
ഇൻസുലിൻ,
പ്രമേഹരോഗിയുടെ
നിതാന്ത സുഹൃത്ത്
പ്രമേഹ ചികിത്സയിൽ
സ്വയം ഗ്ലൂക്കോസ് പരിശോധിക്കുന്നതിന്റെ പ്രസക്തി
കുട്ടികൾക്കും
പ്രമേഹം ഉണ്ടാകുമോ?
‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

