അർബുദ പ്രതിരോധ പരിശോധന, അതിജീവനത്തിന്റെ ആദ്യ പടി

‘‘40 ശതമാനം കാൻസറെങ്കിലും തടയാവുന്നതാണ്. അല്ലെങ്കിൽ തുടക്കത്തിൽ തന്നെ കണ്ടുപിടിച്ച് ഭേദമാക്കാം. ഇക്കാര്യം ജനങ്ങളിൽ എത്തിയാൽ പകുതി വിജയിച്ചു’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. അരുൺ മോഹൻ പി.വി, ഡോ. പി.സി. സുധീർ കുമാർ എന്നിവർ എഴുതിയ ലേഖനം.

‘വന്നേൻ കിഴക്കേൻ ദിക്കിൽ
അർക്കനുദിച്ച പോലെ
കരത്തിനാൽ
കനിവൊടുവില്ലും
നൽ ചുരികയും താൻ
വേട്ടക്കും ഹിതം ചെയ്യും
നാട്ടിന്നും ഹിതം ചെയ്യും’.
- വേട്ടക്കൊരുമകൻ തോറ്റം

ഒരു പ്രവാസിയുടെ ശരാശരി ആഗ്രഹങ്ങളിൽ മുഖ്യമാണ് നാട്ടിലെ ആഘോഷങ്ങളിൽ പങ്കെടുക്കുകയെന്നത്. ഇത്തവണയും പതിവ് തെറ്റിയില്ല. മൂവാണ്ട് മുപ്പത്താറ് മാസം കഴിഞ്ഞ് കളിയാട്ടം നടക്കുന്ന വേട്ടക്കൊരുമകൻ കാവിന്റെ ആലിൻചോട്ടിലിരുന്ന്, സൂര്യന് താഴെയുള്ള സകലമാന കാര്യങ്ങളെപ്പറ്റിയുള്ള ചർച്ച പൊടിപൊടിക്കുമ്പോഴേക്കും സാമാന്യം നല്ലൊരു ആൾക്കൂട്ടമായി. എല്ലാ രോഗങ്ങളും ചികിത്സിക്കുന്ന ഫിസിഷ്യൻ ജനറലായ വൈദ്യനാഥന്റെ (വേട്ടക്കൊരു മകൻ ദേവന്മാരിലെ ഭിഷഗ്വരനാണെന്ന് സങ്കല്പം) സന്നിധിയിൽ, വിഷയം ആരോഗ്യത്തിലേക്ക് പെട്ടെന്ന് കടന്നു. സ്​ഥിരം വില്ലനായ കാൻസറിനെ കുറിച്ചാണ് കൂടുതലും സംശയങ്ങൾ.

‘സുധീ, നിങ്ങളാട ഏതേല്ലാം കാൻസറപ്പാ ജാസ്​തി?’ എം.പി.സി തുടങ്ങി. ഗൾഫിൽ ഇത് നേരത്തെ കണ്ടുപിടിക്കാൻ ഏതൊക്കെ വഴികളാണ്, ഏത് പ്രായത്തിലും കാൻസർ വരുമോ, സ്വയം കത്തൊൻ മാർഗ്ഗങ്ങൾ ഉണ്ടോ- തുരുതുരാ ചോദ്യങ്ങൾ വന്നപ്പോൾ വെറുമൊരു ‘ഞരമ്പ്’ രോഗവിദഗ്ധനായ ഈയുള്ളവൻ ഞെളിപിരി കൊണ്ടു. ആപദി കിം കരണീയം സ്​മരണീയം.... അപ്പോൾ തന്നെ മോഹനേട്ടന്റെ മോൻ അരുണിനെ വിളിച്ചു. മൂപ്പര് ഉയർന്നു വരുന്ന ഓങ്കോളജിസ്റ്റാണ്, മണ്ണിന്റെ മകൻ. ഭാഗ്യത്തിന് വാരാന്ത്യമായതിനാൽ നാട്ടിലുണ്ട്.

‘ഞാൻ ഇദാ ക്ഷണം ബരാം ഏട്ടാ’, അരുൺ ഫോണിന്റെ മറുതലക്കൽ. പത്ത് മിനിറ്റിൽ മൂപ്പര് റെഡി. ചോദ്യങ്ങളുമായി നാട്ടുകാരും.

സ്​ഥലത്തെ പ്രധാന ദിവ്യനായ പണിക്കർ തന്റെപൊതുവിജ്ഞാനം പ്രദർശിപ്പിക്കാൻ ബാറ്റിംഗ് ആരംഭിച്ചു.
‘ഏ അരുണേ, നമ്മക്ക് സത്യത്തില് കാൻസറിനെ തൊരത്താൻ പറ്റ്വോടോ?’
‘നല്ല ചോദ്യം ഏട്ടാ’, ഒരു ഇരുത്തം വന്ന ഭിഷഗ്വരെൻ്റ ശരീരഭാഷയിൽ പ്രവീൺ സംസാരിച്ചു തുടങ്ങി.
‘‘40 ശതമാനം കാൻസറെങ്കിലും നമ്മക്ക് തടയാം അല്ലേങ്കിൽ തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാം. ഇക്കാര്യം ജനങ്ങളിൽ എത്തിയാൽ നമ്മൾ പകുതി വിജയിച്ചു ഏട്ടാ. യഥാർത്ഥത്തിൽ യാതൊരു വിധത്തിലുള്ള ലക്ഷണങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാത്ത ആരോഗ്യവാന്മാരെന്ന് നമ്മ കരുതുന്ന വ്യക്തികളിൽ നടത്തുന്ന പരിശോധനയാണ് സ്​ക്രീനിംഗ്’’.

‘അരുണേ, മൊലക്ക് ബരുന്ന (സ്​തനാർബുദം) കേൻസറിനപ്പറ്റി പറയിപ്പ’, ചേന്ദ്രട്ടൻ ചോദിച്ചു. മൂപ്പരുടെ ഭാര്യയുടെ ചികിത്സ കഴിഞ്ഞത് രണ്ടു വർഷം മുമ്പാണ്.
‘പറയാലോ’ അരുൺ തുടർന്നു.
‘ഇന്ത്യയിലെ സ്​ത്രീകളിൽ ഏറ്റവും കൂടുതൽ കാണുന്ന കാൻസറാണ് സ്​തനാർബുദം. വിദേശരാജ്യങ്ങളിൽ സ്​തനാർബുദം ബാധിച്ചുള്ള മരണനിരക്ക് ഇന്ത്യയെ അപേക്ഷിച്ച് വളരെ കുറവാണ്. ഇവിടെയാണ് സ്​ക്രീനിംഗിന്റെ പ്രാധാന്യം. സ്​തനാർബുദ നിർണയത്തിന് പ്രധാനമായും ഉപയോഗിക്കുന്നത് മാമോഗ്രാം പരിശോധന ആണ്. നാല്പത് വയസ്സ് തൊട്ട് എഴുപത് വയസ്സ് വരെ ഒന്നോ രണ്ടോ വർഷത്തിന്റെ ഇടവേളയിൽ മാമോഗ്രാം സ്​ക്രീനിംഗ് വേണമെന്നാണ് വിവിധ കാൻസർ സൊസൈറ്റികളുടെ മാർഗ്ഗരേഖകളിൽ പറയുന്നത്. സ്​തനങ്ങളിൽ വരുന്ന അസ്വാഭാവികമായ മാറ്റങ്ങൾ സ്വയം സ്​തന പരിശോധനയിലൂടെ കണ്ടെത്താവുന്നതാണ്’.
പണിക്കർ ഇടയിൽ ചാടിക്കയറി, ‘ഈ മൊലക്കാൻസറ് ബരാനില്ല കാര്യങ്ങള് എന്ത്ന്നെല്ലാന്ന്പ്പാ?’
തന്റെ ചിന്തകളെ ഏകാഗ്രമാക്കിക്കൊണ്ട് അരുൺ തുടർന്നു.
‘കുടുംബത്തിൽ സ്​തനാർബുദം ഉള്ളവർ, നെഞ്ചിനു റേഡിയേഷൻ ചികിത്സയെടുത്തവർ, BRCA പോലെയുള്ള ജനിതക മ്യൂട്ടേഷനുകൾ ഉള്ള സ്​ത്രീകൾ. ഇവർക്ക് രോഗനിർണയത്തിനായി M.R, മാമോഗ്രാം പോലെയുള്ള ആധുനിക സ്​ക്രീനിംഗ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്താം. മാമോഗ്രാം സ്​ക്രീനിംഗ് ചെയ്യുന്നത് വഴി സ്​തനാർബുദ കാൻസർ മൂലമുള്ള മരണനിരക്ക് 20 ശതമാനം വരെ കുറയ്ക്കാൻ കഴിയും. അസുഖം പ്രാരംഭഘട്ടത്തിൽ കണ്ടെത്തുമ്പോൾ പലർക്കും കീമോതെറാപ്പി ഒഴിവാക്കാനും പറ്റിയേക്കും’.

സദസ്സ് ഏകാഗ്രമായി അരുണിനെ കേട്ടുകൊണ്ടിരിക്കുകയാണ്. മോഹനേട്ടെൻ്റ മോൻ തന്നോളമായത് ആസ്വദിച്ചു കൊണ്ട് ഈയുള്ളവനും.
‘ഇനി ഞാൻ ഗർഭാശയഗള കാൻസറിനെ കുറച്ചു പറയാം. ഇതിന്റെ പ്രധാന കാരണം എന്താണെന്നറിയാമോ?’
കോൻ ബനേഗാ ക്രോർപതി ചോദ്യകർത്താവായി അരുൺ.
‘ഹ്യൂമൻ പാപ്പിലോമാ വൈറസ് അഥവാ എച്ച്.പി.വി. (HPV). ഈ അണുബാധ സ്​ത്രീകളിൽ കാൻസറായി മാറാൻ പത്ത് വർഷമെങ്കിലും എടുക്കും. അതിനുമുമ്പായി കണ്ടെത്തിയാൽ പൂർണ്ണമായും ഭേദപ്പെടുത്താവുന്നതാണ്. പാപ്സ്​മിയർ എന്ന ലഘുപരിശോധന വഴി സ്​ക്രീനിംഗ് നടത്താം. 21 വയസ്സ് മുതൽ 30 വയസ്സുവരെ 3 വർഷംതോറും പാപ്സ്​മിയർ ചെയ്യാം. 30 വയസ്സു മുതൽ 65 വയസ്സ് വരെ മൂന്ന് വർഷംതോറും പാപ്സ്​മിയർ അല്ലെങ്കിൽ, അഞ്ചുവർഷം കൂടുമ്പോൾ പാപ്സ്​മിയറും HPV കോ DNA ടെസ്റ്റും ചെയ്യാവുന്നതാണ്’.

‘നിങ്ങൾക്ക് ഒരു ചരിത്രം കേക്കണോ’ ആവേശഭരിതനായി അരുൺ തുടർന്നു.
‘2018 മെയ് മാസം ലോകാരോഗ്യ സംഘടന ഗർഭാശയഗള കാൻസർ നിർമ്മാർജനം ചെയ്യാനായുള്ള ആശയം മുന്നോട്ട് വെച്ചു. അങ്ങനെ 2020- ൽ 194 രാജ്യങ്ങൾ ചരിത്രത്തിൽ ആദ്യമായി ഒരു കാൻസർ ഇല്ലാതാക്കാനുള്ള തീരുമാനം കൈക്കൊണ്ടു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി സ്​ക്രീനിംഗിനും ചികിത്സയ്ക്കും പുറമേ, വാക്സിനേഷനും സമന്വയപ്പെടുത്തി ആഗോളതന്ത്രം രൂപീകരിച്ചു. ഇപ്പോൾ വാക്സിനുകളും ലഭ്യമാണ്. 9 വയസ്സ് മുതൽ 26 വയസ്സുവരെയുള്ള പെൺകുട്ടികളിലാണ് നൽകാവുന്നത്. സാധാരണയായി ആറ് മാസത്തെ ഇടവേളയിൽ രണ്ടു ഡോസുകൾ. WHO ഇപ്പോൾ 9 വയസ്സു മുതൽ 26 വയസ്സ് വരെയുള്ള ആൺകുട്ടികളിലും HPV വാക്സിനേഷൻ നിർദ്ദേശിക്കുന്നു. രണ്ടു മുതൽ 9 വൈറസ് സ്ട്രെയിനുകൾ വരെ പ്രതിരോധിക്കുന്ന കാൻസർ വാക്സിനുകൾ ഇന്ന് ലഭ്യമാണ്. ഈ വാക്സിനേഷൻ വഴി മലദ്വാര കാൻസർ, യോനി കാൻസർ, പുരുഷലിംഗ കാൻസർ, വായ/അന്നനാള കാൻസർ എന്നിവയും പ്രതിരോധിക്കാം. പക്ഷേ ശ്രദ്ധിക്കേണ്ട കാര്യം, എച്ച്.പി.വി.ക്കെതിരെ വാക്സിൻ എടുത്തവരും അവരുടെ പ്രായത്തിന് അനുസൃതമായ സ്​ക്രീനിംഗ് പരിശോധനകൾ തുടരണം’.

സദസ്സ് പൂർണമായും അരുണിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഒഴുക്ക് മുറിയാതിരിക്കാനായി ഞാൻ ചോദിച്ചു, ‘വായിലെ കാൻസറിനെക്കുറിച്ച് പറയുമോ അരുണേ?’
‘അതിനെന്താ സുധിയേട്ടാ, പറയാലോ.’
‘ഇന്ത്യയിൽ പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കാണുന്നത് വായിലെ കാൻസർ ആണ്. പുകയില, പാൻമസാല, മദ്യം എന്നിവയുടെ ഉപയോഗമാണ് പ്രധാന കാരണം. നിങ്ങൾക്ക് കേൾക്കണോ’, അരുൺ തുടർന്നു:
‘തിരുവനന്തപുരം ജില്ലയിൽ 1996 മുതൽ 2004 വരെ 35 വയസ്സിനു മുകളിലുളള ആരോഗ്യവാന്മാരായ ആളുകളിൽ ഒരു പഠനം നടത്തി. ഇത് പ്രകാരം വായിലെ കാൻസർ സ്​ക്രീനിംഗ് ചെയ്താൽ പ്രാരംഭഘട്ടത്തിൽ തിരിച്ചറിയാനാകുമെന്നും 10 വർഷത്തേക്ക് 3 വർഷത്തെ ഇടവേളയിൽ നടത്തുന്ന സ്​ക്രീനിങ്ങിലൂടെ പ്രസ്​തുത കാൻസർ മൂലമുള്ള മരണനിരക്ക് 30 ശതമാനം കുറയ്ക്കാ നാകുമെന്നും കണ്ടെത്തുകയുമുണ്ടായി. ഡോക്ടർ നടത്തുന്ന വായ്ക്കുള്ളിലെ സൂക്ഷ്മപരിശോധന ആണ് പ്രധാനം.വായിൽ കാണപ്പെടുന്ന പൂർവ്വാർബുദ അവസ്​ഥകളായ ല്യൂകോപ്ലാകിയ (വെള്ളപ്പാട്), എറിേത്രാപ്ലാകിയ (ചുവന്ന പാട്) തുടങ്ങിയവ എളുപ്പ ത്തിൽ പരിശോധനയിലൂടെ കത്തൊവുന്നതാണ്. പ്രാരംഭഘട്ടത്തിൽ സർജറി കൊണ്ടുമാത്രം അസുഖം ഭേദപ്പെടുത്താനാകും’.
‘ഇനിയെന്തെങ്കിലും അറിയണോപ്പാ’, അരുൺ ഒരു നിമിഷം നിശ്ശബ്ദനായി.
പശ്ചാത്തലത്തിൽ ചെണ്ട മുറുക്കുന്ന ശബ്ദം മാത്രം.
‘അരുണേട്ടാ, ഈ വൻകൊടല് മലാശയ കാൻസർ ഇല്ലേ, അദോ?‘ ശബ്ദം കേട്ട് ഭാഗത്തേക്ക് നോക്കിയപ്പോൾ യുവാക്കളുടെ പ്രതിനിധി സുനിൽ. ‘ബെറുദേയല്ല, ഓൻറച്ഛന് അവസാനകാലം, ഈ സൂക്കേടോ് ബല്ലാത്ത പ്രശ്നേനു’, പണിക്കരുടെ ഉച്ചത്തിലുള്ള ആത്മഗതം.

‘പറയാലോ’, സന്ദർഭത്തിന്റെ ഗൗരവം ഒട്ടും ചോരാതെ അരുൺ തുടർന്നു. ‘പൊണ്ണത്തടി, മാറിവരുന്ന ജീവിതശൈലി, ഫാസ്റ്റ് ഫുഡ് സംസ്​കാരം, ചുവന്ന മാംസത്തിന്റെ അമിത ഉപയോഗം എന്നിവ പ്രധാന കാരണങ്ങളാണ്. അതോടൊപ്പം ഭക്ഷണത്തിൽ ഇലക്കറികൾ, പഴങ്ങൾ, നാരുകൾ എന്നിവയുടെ അഭാവം ഈ കാൻസർ കൂടിവരാൻ കാരണമായി. ഇതിന്റെ പൂർവ്വാർബുദ അവസ്​ഥയായ അഡിനോമ, കാൻസറായി രൂപാന്തരപ്പെടാൻ 10- 15 വർഷമെങ്കിലും എടുക്കും. ഇന്ന് പല രാജ്യങ്ങളിലും 50 വയസ്സ് കഴിഞ്ഞാൽ വൻകുടൽ മലാശയ കാൻസർ സ്​ക്രീനിംഗ് ചെയ്യാൻ നിർദ്ദേശിക്കുന്നുണ്ട്. 5 വർഷം കൂടുമ്പോഴുള്ള സിഗ്മോയി ഡോസ്​കോപ്പി അല്ലെങ്കിൽ 10 വർഷത്തെ ഇടവേളയിൽ ചെയ്യുന്ന കോളോണോ സ്​കോപ്പി എന്നിവയാണ് പ്രധാന സ്​ക്രീനിംഗ് രീതികൾ. 75 വയസ്സു വരെ സ്​ക്രീനിംഗ് തുടരാവുന്നതാണ്. കൂടാതെ മലത്തിൽ രകതാംശമുണ്ടോ എന്നറിയാനുള്ള പരിശോധന വർഷം തോറും ചെയ്യാവുന്നതാണ്. ഫീക്കൽ ഇമ്മുണോ കെമിക്കൽ ടെസ്റ്റ് (FIT) മൂന്ന് വർഷത്തിൽ ഒരിക്കൽ മതി. മലത്തിൽ ചെയ്യുന്ന DNA ടെസ്റ്റും പുതിയ മാർഗ്ഗമാണ്.’

‘ഞാനിനി പ്രോസ്റ്റേറ്റ് കാൻസറിനെ കുറിച്ച് പറയാം’ വാച്ച് നോക്കി അരുൺ തുടർന്നു. ആൾക്കാർക്ക് ബോറടിക്കുന്നില്ലെന്ന് ഒളികണ്ണാൽ ഉറപ്പുവരുത്തി.

‘ഇത് പ്രായവുമായി ശക്തമായ ബന്ധമുള്ള കാൻസറുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. സാധാരണയായി 40 വയസ്സിന് മുമ്പ് അപൂർവമാണ്, എന്നാൽ 65 മുതൽ 74 വയസ്സിനിടയിൽ ഉയർന്നതോതിൽ കാണപ്പെടുന്നു. ഈ കാൻസർ സ്​ക്രീനിംഗ് ചെയ്യുന്നതിന് രണ്ട് മാർഗ്ഗങ്ങൾ ഉണ്ട്. ആദ്യത്തേത് ഡോക്ടർ ചെയ്യുന്ന മലദ്വാര പരിശോധനയാണ്. രകതത്തിൽ പ്രോസ്റ്റേറ്റ് സ്​പെസിഫിക് ആൻറിജന്റെ (PSA) അളവ് നോക്കുകയാണ് രണ്ടാമത്തേത്. ബയോപ്സി ടെസ്റ്റിനു ശേഷം മാത്രമേ കാൻസർ ഉണ്ടെന്ന് ഉറപ്പിക്കാനാകൂ. പ്രാരംഭഘട്ടത്തിലുള്ള പല പ്രോസ്റ്റേറ്റ് കാൻസറിനും ചികിത്സ വേണ്ടിവരണമെന്നില്ല. പക്ഷെ മുടങ്ങാതെയുള്ള ഹോസ്​പിറ്റൽ സന്ദർശനവുംPSA അടക്കം ആവശ്യമുള്ള ടെസ്റ്റുകളും ചെയ്യണമെന്നു മാത്രം.’

‘അവസാനമായി ഞാൻ ശ്വാസകോശ അർബുദത്തെ കുറിച്ച് പറയാം.’ അരുൺ തന്റെ ‘ചായ് പേ ചർച്ച’യുടെ അന്തിമഘട്ടത്തിലേക്ക് നീങ്ങി.
‘2022 ഗ്ലേബോകാൻ ഡാറ്റ പ്രകാരം ഏറ്റവും കൂടുതൽ മരണനിരക്കുള്ള ക്യാൻസറാണ് ശ്വാസകോശ അർബുദം. പുകവലി, അന്തരീക്ഷ മലിനീ കരണം, കെട്ടിടത്തിന്റെ ഉള്ളിൽ നിന്നു വരുന്ന റഡോൺ ഗ്യാസ്​, ആസ്​ബെസ്റ്റോസുമായുള്ള സമ്പർക്കം തുടങ്ങിയവയാണ് പ്രധാന വില്ലന്മാർ. പ്രതിദിനം ഒരു പാക്കറ്റ് (20 സിഗരറ്റ്) ഒരു വർഷം വലിക്കുന്നതിനെയാണ് ഒരു പാക്ക് വർഷം എന്നു പറയുന്നത്. നിലവിൽ പുകവലിക്കുകയോ അല്ലെങ്കിൽ മുൻപ് പുകവലിക്കുകയോ ചെയ്ത വ്യക്തിയ്ക്ക് (15 വർഷ കാലയളവിനുള്ളിൽ) ഇരുപത് പാക്ക് വർഷത്തെ ചരിത്രം ഉണ്ടെങ്കിൽ അത് ശ്വാസകോശാർബുദത്തിലേക്ക് നയിക്കാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. ഞാനിപ്പോൾ പറഞ്ഞ കാര്യങ്ങളുള്ള 55 വയസ്സിനും 75 വയസ്സിനിയുമിടയിലുള്ളവർക്ക് ലോ ഡോസ് ഹെലിക്കൽ സി.ടി. സ്​കാൻ ചെയ്യാം. ഇക്കാലത്ത് ശ്വാസകോശ അർബുദവും പ്രാരംഭഘട്ടത്തിൽ കണ്ടെത്തിയാൽ മരണനിരക്ക് കുറയ്ക്കാം’.

ഇത്രയുമായപ്പോഴേക്കും പഞ്ചായത്ത് മെമ്പർ ബാബു കടന്നുവന്നു. വിഷയം കാൻസർ ആണെന്ന് മനസ്സിലായപ്പോൾ മൂപ്പരിടപെട്ടു, ‘ഏ ഡോക്ടറെ പഞ്ചായത്തില് ഈനെടക്ക് ബന്ന പുതിയ പദ്ധതികളപ്പറ്റി പറയട്ടാ’.
‘നിങോ പറയിപ്പ’, അരുൺ പതുക്കെ എഴുന്നേറ്റു. ബാബുവിന് സെൻ്റർ സ്റ്റേജ് കിട്ടിയപ്പോൾ ആവേശമായി. ‘കേരള സർക്കാറിന്റെ കാൻസർ പ്രതിരോധ ജനകീയ ക്യാമ്പെയിനാന്ന് ആരോഗ്യം ആനന്ദം; അകറ്റാം അർബുദം. 2025 ഫെബ്രുവരീലാന്ന് തൊടങ്ങിയദ്. ഇതില് മുപ്പത് കയിഞ്ഞ പെണ്ണ്ങക്ക് മൊല പരിശോധന, പാപ്പ് പരിശോധന എല്ലാമുണ്ടോലും’.
അപ്പോഴേക്കും അരുണിന്റെ പാസ്സിങ് ഷോട്ട് വന്നു; ‘പ്രതിരോധമാണ് ചികിത്സയേക്കാൾ നല്ലത് എന്ന ആശയം തന്നെയാണ് ഈടെയും പ്രസകതമാകുന്നത്’.

അപ്പോഴേക്കും വെള്ളാട്ടത്തിന്റെ തോറ്റം കൊട്ട് തുടങ്ങി. നാട്ടുകാർ ഓരോരുത്തരായി അരുണിന്റെ പുറത്ത് നന്ദി സൂചകമായി തട്ടിക്കൊണ്ട് നടന്നുനീങ്ങി. അവരുടെ കൂടെ ഞങ്ങളും.

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

READ ALSO

കിടപ്പുരോഗികളുടെ
ശാസ്ത്രീയ പരിചരണം

വസൂരി നിർമ്മാർജ്ജനം:
ജാനറ്റ് പാർക്കറിന്റെ
അറിയപ്പെടാത്ത കഥ

കോഴിക്കോട് മെഡി. കോളേജിന്റെ കഥ;
ഒപ്പം, എ.ആർ. മേനോന്റെയും
ഡോ. കെ.എൻ. പിഷാരടിയുടെയും

ശസ്ത്രക്രിയ,
സ്തനാർബുദ ചികിത്സയിൽ

എന്താണ് സ്ട്രോക്ക്
അഥവാ പക്ഷാഘാതം?

കൈകളുടെ
സഹായ ഉപകരണങ്ങൾ വഴി
പരാശ്രയ ജീവിതത്തോട് വിട

ചിക്കൻ പോക്സ്

ആർത്തവ വിരാമം
ഒരു പൂർണ വിരാമമല്ല

പാലക്കാടൻ വിഭവങ്ങളുടെ ആരോഗ്യ ഗരിമ

കോവിഡ് മഹാമാരിയ്ക്കു ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ

കണ്ണിലൂടെ
മനസ്സിലേക്ക് നടത്തിയ
ഒരു യാത്രയുടെ കഥ

സുഷുമ്നാനാഡീക്ഷതം;
പുനരധിവാസ ചികിത്സ

സെറിബ്രൽ പാൾസി

കാൻസറും
പൊരുത്ത ചികിത്സയും

കാൽമുട്ടുകളുടെ തേയ്മാന ചികിത്സ

പുനരധിവാസ ചികിത്സയെക്കുറിച്ച്
ചെറുതും വലുതുമായ ചില ചിന്തകൾ

മാനസികാരോഗ്യ പുനരധിവാസം: വെല്ലുവിളികളും സാധ്യതകളും

ഗാർഹിക പ്രസവവും
മരത്തണലിലെ കാറും

ചാമ്പയ്ക്ക മണമുള്ള പനിക്കാലം

വീട്ടിലെ പ്രസവം
ദുരന്തത്തിലേയ്ക്കുള്ള
പടിവാതിൽ

Comments