കലാലയ ജീവിതം ത്രസിപ്പിക്കുന്ന കാലിഡോസ്കോപ്പിക് കാഴ്ചകളുടെ അത്ഭുത ലോകമാണ്. വർണ്ണങ്ങളുടെ ഉത്സവവും പുതുമകളുടെ ഉന്മാദവും യുവത്വത്തിന്റെ ഉണർവ്വുമാണ് അതിന്റെ അനാദിയായ വിരലടയാളങ്ങൾ. ആ അപാരമായ ജീവിതത്തിന്റെ തരിപ്പിക്കുന്ന ഓർമ്മകൾ ഏതൊരു പൂർവ കലാലയ വിദ്യാർത്ഥിയുടേയും ജീവിതത്തിൽ മറക്കാനും മായ്ക്കാനുമാവാത്ത ഇന്ദ്രചാപലാസ്യവും ലാവണ്യവുമായി രൂപാന്തരം കൊള്ളുന്നുണ്ട്. അത്തരമൊരു മെറ്റാമോർഫോസിസ് അവന്റെ / അവളുടെ, ഉയിരെടുക്കുന്ന വരുംകാല ജീവിതത്തിന്റെ സി. പി. യു ആയിത്തീരുന്നു എന്ന നിർണ്ണായക ജ്ഞാനമുഹൂർത്തത്തിലാണ് ആ ഹ്രസ്വ ജീവിതം ഏറ്റവും മൂല്യവത്തായിരുന്നു എന്ന് ഗൃഹാതുരത്വത്തോടെ അവർ തിരിച്ചറിയുന്നത്.
സൗഹൃദത്തിന്റെ ശീതള ശാദ്വലങ്ങൾ, പ്രണയത്തിന്റെ അവ്യാഖേയങ്ങളായ രോമാഞ്ചങ്ങൾ, സർഗ്ഗാത്മകതയുടെ സുഗന്ധം പ്രസരിക്കുന്ന വിടർച്ചകൾ, രാഷ്ട്രീയ ഭൂമികയുടെ തെന്നുന്ന നിലത്തേക്കുള്ള ഇടറുന്ന ചുവടുവെപ്പുകൾ, സാമൂഹിക ജീവിതത്തിന്റെ പൊളിറ്റിക്കൽ കറക്റ്റ്നസ്സിനെക്കുറിച്ചുള്ള ഗൗരവമേറിയ ആദ്യ പാഠങ്ങൾ, ജീവിത വിജയത്തിലേക്കുള്ള ഓപ്പൻ സെസാമി മന്ത്രമായി സമൂഹം സ്വപ്നം കാണുന്ന അക്കാഡമിക് പരീക്ഷകളിലെ വിജയമന്ത്രങ്ങൾ, ഇവയെല്ലാം ഗാഢമായി അറിയുകയും അനുഭവിക്കുകയും ചെയ്താണ് അവൻ / അവൾ കലാലയത്തെ സ്വന്തം ആത്മാവിന്റെ ഭാഗമാക്കുന്നത്. ആ കൂടു വിട്ടു കൂടു മാറലാവട്ടെ ടെറിട്ടോറിയൽ ഇൻസ്റ്റിങ്സ്റ്റ് എന്ന ജനിതക രഹസ്യത്തിനപ്പുറത്ത് കാക്കനാടന്റെ അജ്ഞതയുടെ താഴ് വരയിലെന്നപോലെ നിങ്ങളെ ആ ലഹരിയുടെ ഉപാസകനാക്കുന്നു. കലാലയം നിങ്ങളുടെ ഡി.എൻ എയുടെ അടിസ്ഥാന രേഖയായി ഇതാ പരിണമിച്ചു കഴിഞ്ഞിരിക്കുന്നു.
ഏതു പാറപ്പുറത്തു വിതച്ചാലും പൊട്ടിമുളക്കുന്ന കലാപത്തിന്റെ സൂക്ഷ്മവിത്തുകളുടെ സാക്ഷാത്കാരമാണ് എഴുത്ത് എന്ന സർഗപ്രക്രിയ. വിധ്വംസകമായ ജനിതകം പേറുന്ന എഴുത്ത് എന്ന ക്രിയയിലേക്ക് ഉന്മുഖനാവുന്ന എഴുത്തുകാരുടെ പരഭാഗശോഭ മാത്രമായിത്തീരുന്നു അവരുടെ സാമൂഹികാസ്തിത്വം. നവീനമായ ഒന്നിനെ സൃഷ്ടിക്കുന്നത് അന്നുവരെയുള്ളതിന്റെ നിഷേധമാവുമ്പോൾ തന്നെ എണ്ണിയാലൊടു ങ്ങാത്ത പിൻതലമുറകളിലേക്ക് ആഴ്ന്നു നിലക്കുന്ന അവരുടെ വേരുകൾ എഴുത്തുകാരുടെ വർത്തമാന കാല അസ്തിത്വത്തെ, അവരുടെ സൃഷ്ടിയെ ചോദ്യ ചിഹ്നമാക്കുന്നു. ഈ ഗോർഡിയൻ നോട്ടിൽ നിന്ന് കുതറി മാറാനായുന്ന അവരുടെ ആക്രന്ദനമാണ് എഴുത്ത് എന്ന കല. രഘുവംശകാരൻ പറഞ്ഞു വെച്ച രുദിരാനുസാരീ കവി എന്ന വചനം ഈ മുഹൂർത്തത്തിൽ മറ്റൊരു തരത്തിൽ കൂടി സാർത്ഥകമാവുന്നുണ്ട്.
മലയാള കഥ കടന്നുപോന്ന നാൾവഴികൾ സാഹിത്യ വിദ്യാർത്ഥിയുടെ സർഗ്ഗാത്മക ഖനിയാണ്. സ്ഥൂലമായ സംഭവവിവരണങ്ങളും ആൾക്കൂട്ടത്തിന്റെ ശബ്ദവുമാണ് കഥ എന്നു സ്വയം വിശ്വസിച്ച ശുദ്ധാത്മാക്കളിൽ നിന്ന് പതുക്കെ കഥ ഒറ്റയൊറ്റ മനുഷ്യരുടെ മനസ്സുകളിലേക്കെത്തുകയും അവിടെനിന്ന് അവന്റെ അസ്തിത്വത്തിേന്റയും നിലനിൽപ്പിേന്റയും ഗാഥയായി പരിണമിക്കുകയും വീണ്ടും കാതങ്ങൾ താണ്ടി മിഥ്യയുടേയും യാഥാർത്ഥ്യത്തിന്റെയും വിളുമ്പിലൂടെ കപ്പൽച്ചേതസ്മരണകളിൽ സ്വയം നൊന്ത് അജ്ഞാതപഥയാനം തുടരുകയുമാണ് എന്ന ഒറ്റ വാക്യ സംഗ്രഹം കഥാചരിത്രത്തോട് എത്ര മാത്രം നീതി പുലർത്തുന്നു എന്നറിയില്ല. ക്രാഫ്റ്റിലാവട്ടെ മുതലനായാട്ടിലേയും വെള്ളപ്പൊക്കത്തിലേയും സ്ഥൂലമായ കഥാഗാത്രം സ്വയംവരത്തിന്റെയും മഖൻസിംഗിന്റെയും സൂചിമുനത്തുമ്പിന്റെ സൂക്ഷ്മത കൈയാളുന്ന ക്രിയാംശമായി മാറുന്നതും പിന്നീട് അ എന്ന വേട്ടക്കാരനിലും അവർ പാടുന്നുവിലും ക്രിസ്തുമസ് മരത്തിന്റെ വേരുകളിലും പാറകളിലുമെന്നപോലെ ബിംബങ്ങളിലേക്കും ശ്ലഥബിംബങ്ങളിലേക്കും രൂപാന്തരം കൊള്ളുകയും അവിടെ നിന്ന് ലോർക്ക പറഞ്ഞതു പോലെ ചിരിക്കണോ കരയണോ എന്ന തീരുമാനിക്കാനാവാത്ത, ഭാഷയുടെ രജ്ജുസർപ്പ മായ കൊണ്ട് മറയ്ക്കപ്പെടുന്ന അദൃശ്യതയായി മാറുകയും ചെയ്യുന്നത് തികച്ചും ജൈവമായ കലാപോന്മുഖമായ ആ ധാരയുടെ പ്രത്യക്ഷങ്ങൾ മാത്രമാണ്.

സൂലത്തിൽനിന്ന് സൂക്ഷ്മത്തിലേക്കും പിന്നീട് മൗലികകണങ്ങളിലേക്കും അവിടെ നിന്ന് ഗോചരേതരമായ ഊർജ്ജപാതങ്ങളിലേക്കുമുള്ള കഥാഗാത്രത്തിന്റെ ഈ പരിണാമം ആദ്യകാല കഥകളിൽ നിന്ന് ആധുനികോത്തര കഥകളിലേക്കുള്ള വ്യഥിത യാനങ്ങളുടെ കാൽപ്പാടുകളായി മാറുന്നുണ്ട്.
ഈയൊരു പശ്ചാത്തലത്തിലാണ് എഴുപതുകൾ മുതൽ മടപ്പള്ളി കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ നിരവധി തലമുറകളെ പ്രതിനിധീകരിക്കുന്ന 21 കഥാകൃത്തുക്കളുടെ കഥകൾ, കഥാവീട്, പി.ഒ മടപ്പള്ളി കോളേജ് എന്ന പേരിൽ സമാഹരിക്കപ്പെടുന്ന ഗ്രന്ഥം നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത്. ഇ.വി .ശ്രീധരൻ മുതൽ രാജേന്ദ്രൻ എടത്തുംകര വരെയുള്ള കഥാകൃത്തുക്കളാണ് ഈ അസാധാരണ സമാഹാരത്തിലെ എഴുത്തുകാർ.
പല കാലങ്ങളിൽ പല രീതികളിൽ ജീവിച്ച തികച്ചും വ്യത്യസ്തരായ ഈ കഥാകൃത്തുക്കളെ മൃണാള തന്തുവിൽ ഇണക്കുന്നത് മടപ്പള്ളി കോളേജ് എന്ന നിതാന്ത ഗൃഹാതുരത്വമാണ്. എഴുപതുകളുടെ ആദ്യ പകുതി മുതൽ തൊണ്ണൂറുകൾ വരെയുള്ള കാലയളവിൽ മടപ്പള്ളി കോളേ ജിൽ നിന്നു പഠിച്ചിറങ്ങിയവരാണിവർ. പുതിയ നൂറ്റാണ്ടിലെ ജെൻ-സി എഴുത്തുകാരെ കൂടി പരിഗണിക്കണമെന്ന ആഗ്രഹം പുസ്തകത്തിന്റെ ബൃഹദ് രൂപം വായനക്കാർക്ക് ഒട്ടും പഥ്യമാവില്ല എന്ന യാഥാർഥ്യത്തിലാണ് തട്ടിതകർന്നുപോയത്. ആ സ്വപ്നം മറ്റൊരിക്കൽ സഫലമാവട്ടെ.

വ്യത്യസ്ത കാലത്തേയും അനുഭവങ്ങളേയും തലമുറകളേയും ചൂഴ്ന്നുനിൽക്കുന്ന സമാഹാരത്തിന്റെ എല്ലാ പ്രത്യേകതകളും, മലയാള കഥയുടെ പരിണാമഘട്ടങ്ങളോടൊപ്പം വായനക്കാരന് ഈ പുസ്തകത്തിൽ നിന്ന് കണ്ടെടുക്കാനാവും. വളരെ മുമ്പ് എഴുതപ്പെട്ടതാണെങ്കിലും പോസ്റ്റ്മോഡേൺ കഥകളുടെ രഹസ്യം പേറുന്ന ലാളിത്യത്തിന്റെ മുഖം മൂടിയണിഞ്ഞ കിരാതം, വ്യക്തികളുടെ നന്മ സമൂഹത്തിന്റെ തിന്മയാവുന്നതിന്റെ പോസ്റ്റ് -ട്രൂത്ത് ആഖ്യാനമാണ്. അതാണോ ഇതാണോ ഏതാണ് സത്യം എന്ന് കാഴ്ച മറയ്ക്കുന്ന പുകമഞ്ഞിന്റെ 'ട്രാൻസ് ലൂസൻസി’യിലൂടെ വിഭ്രമിപ്പിക്കുന്ന കഥയാണ് മടക്കയാത്ര. ഒരു നടുക്കം പോലെ എന്റെ കാഴ്ചകളിൽ അയാൾ നഷ്ടപ്പെട്ടു. ട്രെയിൻ ഒരു ഇരുണ്ട തുരങ്കത്തിലൂടെ കടന്നുപോവാൻ തുടങ്ങി എന്നെഴുതി പേനത്തുമ്പ് കുത്തിയൊടിച്ച് എഴുത്തുകാരൻ അപ്രത്യക്ഷനാവുമ്പോൾ, എൻ.ടി ബാലചന്ദ്രന്റെ തീവണ്ടിയിലെ കള്ളനെ പോലെ വായനക്കാർ സ്തംഭിച്ചുനിൽക്കുന്നു. രാഷ്ട്രീയ സമസ്യകൾ നിനച്ചിരിക്കാതെ കഥാകേന്ദ്രത്തിലേക്ക് ഓടിക്കയറി, കഥാപശ്ചാത്തലത്തെ തന്നെ സൂക്ഷ്മമായി തകിടം മറിക്കുകയാണ് അപരിചിതത്വത്തിന്റെ കണ്ണാടിച്ചില്ലുകൾ എന്ന കഥയിൽ. കലുഷമായ പരിഹാസത്തിൽ രവി ചിരിക്കുന്നതിനു തൊട്ടു മുമ്പ് പനങ്കാട്ടിൽ മാധവൻ നായരോടൊപ്പം രവിയുടെ നേരം തെറ്റിയുള്ള ബാങ്കുവിളിയെ ഓർമ്മിപ്പിക്കുന്നു മരണത്തിനിപ്പുറത്തെ അന്ത്രൂട്ടിയുടെ അന്തമെഴാത്ത വേദനകളുടെ ഇതിഹാസമായ വിചിത്രമായ ബാങ്കുവിളി. അമ്പലമുക്കിലെ കച്ചവടക്കാരും പരിസരവാസികളുമെന്ന പോലെ വായനക്കാർക്കും ഓടിയെത്താതിരിക്കാനാവില്ലല്ലോ. ആധുനിക ജീവിതത്തിന്റെ കരൾ പറിക്കുന്ന സ്പീഡും അതിരകന്ന വ്യാമോഹങ്ങളും ട്രക്കിന്റെ കൂറ്റൻ ചക്രങ്ങൾ സുമേഷിന്റെ വേപഥുകളത്രയും ഭംഗിയായി കോരിയെടുത്ത് അടുത്തുള്ള കുപ്പത്തൊട്ടിയുടെ പാർശ്വങ്ങളിലേക്കെറിഞ്ഞ് അതിനെ കാത്തു നിന്നിരുന്ന സമസ്യകളെ പൂരിപ്പിക്കാൻ ഓടി പ്പോയി എന്ന ഒറ്റവരിയിൽ സംഗ്ര ഹിക്കുന്നു പറക്കും യുവാവിന്റെ കഥ. സ്വപ്നങ്ങൾ ഓരോന്നോരോന്നായി കടലെടുക്കുമ്പോഴും മഴ യത്ത് നിർത്തിയ ഉണ്ണിയുടെ പൊള്ളുന്ന ഓർമ്മകളുടെ ആർ ത്തനാദമാണ് പൊളിഞ്ഞു വീണ ചുവരുകളിൽ കേൾക്കുന്നത്.
ബഹുരൂപിയായ മനുഷ്യജീവിതത്തിന്റെ അതീത യാഥാർത്ഥ്യങ്ങളാണ് ഏതു കാലത്തെ കഥാകാരേയുമെന്ന പോലെ കഥാവീട്ടിലെ എഴുത്തു കാരേയും പ്രചോദിപ്പിക്കുന്നത്. ആൽമാ മാറ്റർ എന്ന ഒരൊറ്റ നിലപാടു തറയിൽ നിന്നാണ് ഇവരെല്ലാം ജീവിതമെന്ന അപാര സമസ്യയെ ഡിസൈഫർ ചെയ്യാൻ ശ്രമിക്കുന്നത് എന്ന വസ്തുതയാണ് ഈ സമഹാരത്തിന്റെ മാജിക്കൽ കോഡ്. ഇരുപത്തിയൊന്നു കഥകളിലും നൂലോടുന്ന ആ തത്മയീഭാവം സുശിക്ഷിതനായ ഓരോ വായനക്കാരനും തൊട്ടറിയാനാവും.
ഓരോ കഥാകൃത്തിന്റെയും യൗവനമാണ് ഈ കഥകളുടെയെല്ലാം പശ്ചാത്തലത്തിലെ കാലം. അക്കിത്തത്തിന്റെ കവിതയിലെന്നപോലെ വജ്രം തുളച്ചിരിക്കുന്ന രത്നങ്ങൾക്കുള്ളിലൂടെ ഈ എഴുത്തുകാരെല്ലാം കടന്നുപോന്നോ എന്ന ചോദ്യത്തിന് ഭാഗ്യം എന്ന മേലാപ്പിൽ ഉത്തരം ഒളിച്ചു വെക്കുന്നുണ്ട് കവി . അതുകൊണ്ടുതന്നെ മറ്റെല്ലാ പരിഗണനകൾക്കുമപ്പുറത്ത്, എഴുതപ്പെട്ട ഈ ഓരോ കഥയുമാണ് അവരുടെ സാഫല്യം. സാക്ഷാത്കാരം. സത്യം.
READ: ഉപേന്ദ്രനാഥ് ബ്രഹ്മചാരി: വിസ്മരിക്കപ്പെട്ട ജീവരക്ഷകൻ
നട്ടെല്ല്
ശസ്ത്രക്രിയയും
നവീകരണവും
സൾഫൈറ്റുകൾ;
അലർജിയിലെ
അദൃശ്യ വില്ലൻമാർ
മൃഗങ്ങളുടെ
കടിയേറ്റാൽ;
പ്രഥമശുശ്രൂഷയും
തുടർനടപടികളും
പ്രഥമശുശ്രൂഷയും അബോധാവസ്ഥയിലുള്ള
രോഗിയെ കിടത്തുന്ന രീതിയും
ആഘാത പ്രതിരോധം
എന്ന ജീവിതസംസ്കാരം
നെഞ്ചിലുണ്ട്
ഒരു ജീവൻ,
അതിനെ രക്ഷിക്കാം
കുട്ടികളുടെ
ജീവൻ രക്ഷിക്കാൻ…, ആരോഗ്യപ്രവർത്തകർ
അറിയേണ്ടത്
പരിക്കേറ്റവരെ
ആശുപത്രിയിൽ
എത്തിക്കുമ്പോൾ
‘ട്രയാജ്’:
അപകടങ്ങളിൽ
ജീവൻ രക്ഷിക്കാനുള്ള
ലളിത മാർഗം
അപകടത്തിൽ
പെടുന്നവരെ
എങ്ങനെ
സഹായിക്കാം?
അടിയന്തര ഘട്ടങ്ങളിൽ
ജീവൻ രക്ഷിക്കാൻ
എന്തു ചെയ്യണം?
യുദ്ധവും
പ്രവാസികളുടെ
ആരോഗ്യ ആശങ്കകളും
പാമ്പുകടി
ഏൽക്കാതിരിക്കാൻ,
കടിയേറ്റാൽ
എന്തു ചെയ്യണം?
സർക്കാർ
ഡോക്ടർമാർക്കെതിരായ അക്രമം
സിസ്റ്റം തകരാറോ?
സൾഫൈറ്റുകൾ;
അലർജിയിലെ
അദൃശ്യ വില്ലൻമാർ
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

