റേഡിയോളജിസ്റ്റുകളെ
ക്രൂശിക്കുകയാണോ
PNDT നിയമം

റേഡിയോളജിസ്റ്റുകൾ സ്‌കാൻ ചെയ്ത് ലിംഗനിർണ്ണയം നടത്തി പെൺഭ്രൂണഹത്യ നടത്തുന്നതുമൂലമാണ് പെൺകുഞ്ഞുങ്ങൾ കുറയുന്നത് എന്ന തികച്ചും തെറ്റിദ്ധാരണജനകമായ മുൻവിധിയിലാണ് Prenatal diagnostic technique act ഇപ്പോൾ മുന്നോട്ട് പോകുന്നത്- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ‘വായനക്കാരുടെ ചോദ്യം ഡോക്ടറുടെ ഉത്തരം’ എന്ന പംക്തിയിൽ ഡോ. സുരേഷ്ബാബു എം.പി നൽകിയ മറുപടി.

ന്ത്യയിൽ ആൺകുട്ടികളുടെ എണ്ണത്തെ അപേക്ഷിച്ച് പെൺകുട്ടികളുടെ എണ്ണത്തിൽ കുറവുണ്ട് എന്ന സെൻസസ് വിവരങ്ങൾ പുറത്തുവരുന്നത് 1970- കൾക്കുശേഷമാണ്. ചില സംഘടനകളും വ്യക്തികളും ഇക്കാര്യം പൊതു സമൂഹത്തിൽ ഉയർത്തിക്കൊണ്ടുവരികയും സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. പല മാർഗ്ഗങ്ങളും ഉപയോഗിച്ച് ഭ്രൂണത്തിന്റെ ലിംഗനിർണ്ണയം നടത്തി പെൺഭ്രൂണഹത്യ ചെയ്യുന്നുണ്ടോ എന്ന് ചില സംശയങ്ങളും ഉയർന്നിരുന്നു. പ്രസവശേഷം പെൺകുട്ടികളെ കൊല്ലുന്നതും നിയമവിരുദ്ധവും നിയമപരവുമായ മാർഗ്ഗങ്ങളിലൂടെ ഗർഭച്ഛിദ്രം നടത്തുന്നതും ആ കാലങ്ങളിലും അപൂർവമായിരുന്നില്ലെന്ന് ഓർക്കണം.

1988-ൽ മഹാരാഷ്ട്ര സർക്കാറാണ് പെൺഭ്രൂണഹത്യ തടയാനുള്ള ശ്രമങ്ങൾ തുടങ്ങിയതും നിയമനിർമ്മാണം നടത്തിയതും. പക്ഷേ വലിയ പ്രയോജനമുണ്ടായില്ല. ഈ അവസരത്തിലാണ് ഒഡിഷ, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലെ പല ആശുപത്രികളുടേയും പരിസരങ്ങളിൽനിന്ന് പെൺകുഞ്ഞുങ്ങളുടേതെന്ന് സംശയിക്കുന്ന ധാരാളം ഭ്രൂണങ്ങൾ കണ്ടെടുത്തത്. ഈ സംഭവത്തിൽ വലിയ തോതിലുള്ള അന്വേഷണങ്ങൾ നടക്കുകയും ചെയ്തു.

ഇതേ തുടർന്ന് പല സംഘടനകളും, അൾട്രാസൗണ്ട് സ്‌കാൻ ചെയ്ത് ലിംഗനിർണ്ണയം നടത്തിയാണ് ഭ്രൂണഹത്യ നടത്തിയത് എന്ന് ആരോപിക്കാൻ തുടങ്ങി. ഡൽഹിയിലെ ഒരു ആശുപത്രിയിൽ ഭ്രൂണഹത്യക്കു വേണ്ടിയുള്ള സർജറിയെ തുടർന്ന് ആറു മാസം ഗർഭിണിയായ യുവതി മരിച്ചതിനെതുടർന്ന് ഭർത്താവ് പോലീസിൽ കൊടുത്ത പരാതിയിൽ അന്വേഷണം നടത്തുകയും ആശുപത്രി ഉടമ സ്‌കാൻ ചെയ്ത ശേഷമാണ് ഗർഭച്ഛിദ്രം നടത്തിയത് എന്ന് കണ്ടുപിടിക്കുകയും ചെയ്തു. പക്ഷേ ഇവരൊന്നും റേഡിയോളജിസ്റ്റുകൾ ആയിരുന്നില്ല. ഈ സംഭവത്തെ തുടർന്ന് വലിയ തോതിലുള്ള മുറവിളികളുണ്ടാവുകയും അൾട്രാസൗണ്ട് സ്‌കാനിംഗ് പ്രതികൂട്ടിലാവുകയും ചെയ്തു.

ഇതേതുടർന്ന് കേന്ദ്രസർക്കാർ ഇക്കാര്യം പരിശോധിക്കുകയും സ്‌കാനിംഗ് മെഷീനുകളെ നിയന്ത്രിക്കാനും പെൺഭ്രൂണഹത്യ തടയാനും PNDT (Prenatal diagnostic technique act) എന്ന പേരിൽ 1992-94 കാലഘട്ടത്തിൽ നിയമനിർമ്മാണം നടത്തുകയും ചെയ്തു.

നിയമനിർമ്മാണം നടത്തിയെങ്കിലും അത് ഫലപ്രദമായി നടപ്പാക്കാനുള്ള ശ്രമങ്ങളൊന്നും സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഇതേ തുടർന്ന് പല സംഘടനകളും മലയാളികൾ ഉൾപ്പടെയുള്ള ചില വ്യക്തികളും പൊതുതാൽപര്യ ഹർജികളുമായി സുപ്രീംകോടതിയെ സമീപിച്ചു. ഇതേ തുടർന്ന് നിയമം ഫലപ്രദമായി നടപ്പാക്കാനുള്ള പല ഉത്തരവുകളും കോടതി പുറപ്പെടുവിച്ചു. പക്ഷേ എന്നിട്ടും സർക്കാറിന്റെ ഭാഗത്തുനിന്നും കാര്യമായ നടപടികളൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് ഈ നിയമം നടപ്പാക്കാനുള്ള ചുമതല സുപ്രീംകോടതി ഏറ്റെടുത്തു. പലതരത്തിലുള്ള നിരീക്ഷണ കമ്മിറ്റികളും മറ്റു പല നിർദ്ദേശങ്ങളും സുപ്രീംകോടതിയുടെ നേതൃത്വത്തിൽ ഉണ്ടാക്കി.

സ്‌കാനിംഗ് സെന്ററുകൾക്ക് രജിസ്‌ട്രേഷൻ ഏർപ്പെടുത്തൽ, രജിസ്‌ട്രേഷൻ ഉള്ളവർക്കും നിശ്ചിത യോഗ്യതയുള്ളവർക്കും മാത്രമായി മെഷീൻ വിൽക്കണമെന്ന് കമ്പനികൾക്കുള്ള നിർദ്ദേശം, ഗർഭിണികളെകുറിച്ചുള്ള പൂർണ്ണവിവരങ്ങൾ രേഖപ്പെടുത്തി ജില്ലാ മെഡിക്കൽ അധികാരിക്ക് മാസാമാസം റിപ്പോർട്ട് സമർപ്പിക്കൽ, ഒരു സ്‌കാനിംഗ് സ്‌പെഷലിസ്റ്റിന് രണ്ട് സ്ഥലത്ത് മാത്രം ജോലി ചെയ്യാൻ അനുമതി, ചെറിയ തെറ്റുകൾക്ക് പോലും കഠിനശിക്ഷ എന്നിവ സുപ്രീംകോടതി മാർഗ്ഗനിർദ്ദേശത്തിലുണ്ടായിരുന്നു. കാലാകാലങ്ങളിൽ സ്‌കാനിംഗ് സെന്ററുകളിൽ മിന്നൽ പരിശോധനകളും ഇതിന്റെ ഭാഗമായി വന്നു. ഇതുൾപ്പെടുത്തി 2003- ൽ ഈ നിയമം PCPNDT (Pre conception & Prenatal diagnostic technique act) ആക്ട് എന്നാക്കി ഭേദഗതി ചെയ്തു.

ബോംബെ ഹൈക്കോടതി ജഡ്ജിയായിരിക്കെ മുൻചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇക്കാര്യത്തിൽ പ്രത്യേകം താൽപര്യമെടുക്കുകയുണ്ടായി. യുനൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് ഇക്കാര്യത്തിൽ പലസഹായങ്ങളും നൽകി.

പക്ഷേ, വളരെ നല്ല ലക്ഷ്യത്തോടെ ആരംഭിച്ച ഈ നിയമം പിന്നീട് റേഡിയോളജിസ്റ്റുകൾക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലേക്ക് മാറി. റേഡിയോളജി സിലബസിലുണ്ടായിരുന്ന സ്‌കാനിംഗ് രീതികളിൽ അൾട്രാസൗണ്ട് സ്‌കാനിംഗ് മാത്രം വേർതിരിച്ച്, അത് ആർക്കുവേണമെങ്കിലും ആറ് മാസത്തെ ട്രെയിനിംഗുണ്ടെങ്കിൽ മെഷീൻ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യാമെന്ന് നിയമത്തിലുൾപ്പെടുത്തി. ഇതിൽ കമ്പനികളുടെ ഇടപെടലുകളുണ്ടായി എന്ന് സംശയിക്കണം.

രണ്ടു മുതൽ മൂന്ന് വർഷം വരെ പഠിച്ചിറങ്ങുന്ന റേഡിയോളജിസ്റ്റുകൾക്കു പകരം വെറും ആറു മാസത്തെ ട്രെയിനിംഗ് സർട്ടിഫിക്കറ്റുള്ള ആർക്കും സ്‌കാൻ ചെയ്യാൻ അനുവാദം നൽകി. റേഡിയോളജിസ്റ്റുകളുടെ കുറവുണ്ടെന്നാണ് ന്യായം. ഒരു MBBS ഡോക്ടറുടെ സേവനം ലഭിക്കണമെങ്കിൽ എത്രയോ കിലോമീറററുകൾ സഞ്ചരിക്കേണ്ട ഗതികേടുള്ള ജനങ്ങൾ താമസിക്കുന്ന രാജ്യമാണ് നമ്മുടേത്. കേരളത്തിൽ പോലും ഭൂരിഭാഗം ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടർമാരില്ല. റേഡിയോളജിസ്റ്റുകളുടെ കുറവ് നികത്തുന്നതിന് കണ്ടുപിടിച്ച ഇതേ മാർഗ്ഗം മറ്റു സ്‌പെഷ്യാലിറ്റികളിലും സ്വീകരിക്കാനാവുമോ?. നിശ്ചിതകാലം ട്രെയിനിംഗ് നൽകി MBBS ഡോക്ടർമാരെ ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്‌സ് തുടങ്ങിയ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ പ്രാക്ടീസ് ചെയ്യാൻ അനുവദിക്കണം. സർജൻമാരെ 6 മാസം ട്രെയിനിംഗ് നൽകി കാർഡിയോ തൊറാസിക്ക്, യൂറോളജി, ന്യൂറോ സർജൻമാരാക്കാം. ഫിസിഷ്യൻമാരെ ന്യൂറോളജി്സ്റ്റ്, നെഫ്രോളജിസ്റ്റ്, ഗാസ്‌ട്രോ എന്ററോളജിസ്റ്റ് തുടങ്ങിയവരാക്കി മാറ്റാമല്ലോ.

ഗർഭച്ഛിദ്രകാര്യത്തിൽ റേഡിയോളജിസ്റ്റുകൾക്ക് യാതൊരു പങ്കുമില്ല. ഇന്ത്യയിലെ നിയമപ്രകാരം 13 ആഴ്ച വരെയുള്ള ഗർഭഛിദ്രത്തിന് ഒരു കാരണവും ആരേയും ബോധ്യപ്പെടുത്തേണ്ടതില്ല. അതുകൊണ്ട് ഈ പ്രായത്തിലുള്ള ഗർഭച്ഛിദ്രം നിർബാധം നടക്കുന്നു. 13-20 ആഴ്ച വരെയുള്ള ഗർഭച്ഛിദ്രത്തിന് ഒരു ഡോക്ടറും 20-24 വരെ രണ്ട് ഡോക്ടറും അതിന് മുകളിൽ മെഡിക്കൽ ബോർഡും തീരുമാനിക്കണം. 13 ആഴ്ച വരെയുള്ള സ്‌കാനിംഗിൽ ഭ്രൂണം ഗർഭപാത്രത്തിനകത്താണോ പുറത്താണോ, പ്രായമെത്രയായിട്ടുണ്ട് എന്നിവ തീരുമാനിക്കുകയാണ് റേഡിയോളജിസ്റ്റിന്റെ ജോലി. ഗർഭച്ഛിദ്രം നടന്നാൽ അത് പൂർണ്ണമായോ എന്നറിയാനും.
13 ആഴ്ചയ്ക്ക് ശേഷമുള്ള ഗർഭച്ഛിദ്രത്തിന് വ്യക്തമായ കാരണം ഉണ്ടായിരിക്കണം. ഈ കാലയളവിൽ ഗർഭസ്ഥശിശുവിന് വൈകല്യങ്ങളുണ്ടോ എന്ന പരിശോധന മാത്രമാണ് റേഡിയോളജിസ്റ്റ് ചെയ്യുന്നത്.

റേഡിയോളജിസ്റ്റുകൾ സ്‌കാൻ ചെയ്ത് ലിംഗനിർണ്ണയം നടത്തി പെൺഭ്രൂണഹത്യ നടത്തുന്നത് മൂലമാണ് പെൺകുഞ്ഞുങ്ങൾ കുറയുന്നത് എന്ന തികച്ചും തെറ്റിദ്ധാരണജനകമായ മുൻവിധിയിലാണ് ഈ നിയമം ഇപ്പോൾ മുന്നോട്ട് പോകുന്നത്. ഈ നിയമപ്രകാരം ഗൈനക്കോളജിസ്റ്റുകൾ, ശിശു ചികിത്സാ വിദഗ്ധർ, ട്രെയിനിംഗ് കിട്ടിയ മെഡിക്കൽ ബിരുദധാരികൾ എന്നിവർക്ക് സ്‌കാനിംഗ് നടത്താം. പുകവലി നിരോധനനിയമത്തിനുമുമ്പ് ഏത് പ്രായത്തിലുള്ളവർക്കും പുകയില ഉൽപ്പന്നങ്ങൾ ലഭിക്കുമായിരുന്നു. എന്നാൽ പുകയില നിരോധനനിയമം വന്നപ്പോൾ 18 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കാൻ പാടില്ല. അതായത് നിയമം കർശനമാക്കുകയാണുണ്ടായത്.

നിയമമുണ്ടാകുന്നതിന് മുമ്പ് റേഡിയോളജിസ്റ്റുകൾ മാത്രം ഉപയോഗിച്ചിരുന്ന മെഷീൻ, നിയമം വന്നപ്പോൾ ആർക്കും ഉപയോഗിക്കാമെന്ന സ്ഥിതിയായി. ഇത് ശരിയാണോ? ഗർഭകാലയളവിൽ ചെയ്യുന്ന സ്‌കാനിംഗുകളിൽ കുറഞ്ഞത് രണ്ടു തവണയെങ്കിലും റേഡിയോളജിസ്റ്റുകൾ ചെയ്യണമെന്ന കാര്യം നിയമത്തിലുൾപ്പെടുത്തണം.

മെഡിക്കൽ കൗൺസിൽ നിബന്ധനകൾക്കനുസരിച്ച് ബിരുദം നേടിയ ഒരു ഡോക്ടർക്ക് ഇന്ത്യയിലെവിടെയും എത്ര സ്ഥലത്ത് വേണമെങ്കിലും ജോലി ചെയ്യാം. എന്നാൽ റേഡിയോളജി ബിരുദം നേടിയ ഡോക്ടർക്ക് വെറും രണ്ടു സ്ഥലത്ത് മാത്രമേ ജോലി ചെയ്യാൻ പാടുള്ളൂ എന്ന തീരുമാനം റേഡിയോളജിസ്റ്റിനുമേൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്നു. രണ്ടിലധികം സ്ഥലങ്ങളിൽ ജോലി ചെയ്താൽ എങ്ങനെയാണ് പെൺകുഞ്ഞുങ്ങളുടെ എണ്ണം കുറയുന്നത്? ഇത് കൊടിയ അനീതിയല്ലേ? ഗർഭസ്ഥശിശുവിനെ നശിപ്പിക്കണമോ പ്രസവിക്കണമോ എന്ന കാര്യം തീരുമാനിക്കുന്നത് ഗർഭിണികളും അവരുടെ ഭർത്താവുമാണ്. ഗർഭിണികളെ ചികിത്സിക്കുകയോ ഗർഭച്ഛിദ്രം നടത്തുകയോ ചെയ്യാത്ത റേഡിയോളജിസ്റ്റ് എങ്ങനെയാണ് ഗർഭച്ഛിദ്രത്തിന് കാരണമാകുന്നത്? പെൺകുഞ്ഞുങ്ങളുടെ എണ്ണം കുറയുന്നു എന്ന പേരിൽ കഠിനശിക്ഷകളാണ് റേഡിയോളജിസ്റ്റുകൾ അഭിമുഖീകരിക്കുന്നത്.

ഗർഭകാല ചികിൽസയിൽ പ്രധാന പങ്ക് വഹിക്കുന്നത് ഗൈനക്കോളജി ഡോക്ടർമാരാണ്. അവർക്ക് ഗർഭച്ഛിദ്രത്തിന് അനുവാദവും നിയമപരിരക്ഷയുമുണ്ട്. അതുകൊണ്ടുതന്നെ ആറു മാസത്തെ ട്രെയിനിംഗുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ അവർക്ക് സ്‌കാൻ മെഷീൻ വാങ്ങാനും സ്‌കാൻ ചെയ്യാനും അനുവാദം നൽകിയത് ശരിയാണോ?

ഗർഭസ്ഥശിശുവിന് എന്ത് സംഭവിച്ചുവെന്നറിയാൻ ഗർഭിണിയെ നിരീക്ഷിക്കുകയല്ലേ വേണ്ടത്.? എല്ലാ ഗർഭിണികളുടേയും രജിസ്‌ട്രേഷൻ നിർബന്ധമാക്കുകയും പ്രസവകാലാവധി വരെ നിരീക്ഷിക്കുകയും ചെയ്യുകയാണ് അഭികാമ്യം. അക്കൗണ്ട് നമ്പറും പാൻകാർഡും ബന്ധിപ്പിച്ചതുപോലെ ഒരു രജിസ്‌ട്രേഷൻ നമ്പർ ഉണ്ടായാൽ സ്‌കാൻ സെന്ററുകൾക്കും ആശുപത്രികൾക്കും ഗർഭിണികളുടെ വിവരങ്ങൾ അതിൽ രേഖപ്പെടുത്താവുന്നതേയുള്ളൂ. ഇതല്ലേ എളുപ്പമുള്ള മാർഗ്ഗം?

MACT അഥവാ Mother and Child Tracking System എന്ന പേരിൽ ഒരു സംവിധാനം ഇന്ത്യയിലുണ്ട്. ഗർഭിണികൾക്ക് ആനുകൂല്യങ്ങൾ നൽകാനും ശിശുസംരക്ഷണത്തിനുമാണ് ഇത് ഉപയോ ഗിക്കുന്നത്. ഈ മാർഗ്ഗമുപയോഗിച്ചും ഗർഭസ്ഥ ശിശുവിന് എന്ത് സംഭവിച്ചു എന്ന് മനസ്സിലാക്കാം.

ഗർഭിണികളെക്കുറിച്ച് എല്ലാ വിവരങ്ങളും ലഭിക്കാൻ ആശാ വർക്കർ മുതലുള്ള എത്രയോ സംവി ധാനങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ഇതുവഴിയും നമുക്കാവശ്യമായ എല്ലാ വിവരങ്ങളും ലഭ്യമാക്കാം.

നമ്മുടെ നാട്ടിൽ ഗർഭച്ഛിദ്രം നിർബാധം നടക്കുന്നുണ്ട്. യാതൊരു നിയന്ത്രണവുമില്ല. ഗർഭമുണ്ടോ എന്ന് അറിയാനുള്ള കിറ്റ് നിർമ്മിക്കുന്നവർ, വിൽക്കുന്നവർ, ഗർഭച്ഛിദ്രം നടത്താനുള്ള മരുന്ന് നിർമ്മിക്കുന്നവർ, വിൽക്കുന്നവർ, ഗർഭിണികൾ, ഗർഭച്ഛിദ്രം നടത്താൻ സഹായിക്കുന്ന ഡോക്ടർമാർ എന്നിവരെ നിയമത്തിലുൾപ്പെടുത്തേണ്ടതല്ലേ? എളുപ്പത്തിൽ ഗർഭച്ഛിദ്രം നടത്താവുന്ന 13 ആഴ്ച വരെയുള്ള സമയത്ത് ഗർഭസ്ഥശിശുവിന് അവയവങ്ങൾ ഭൂരിഭാഗവും ഉണ്ടാവില്ല. പിന്നെ എങ്ങനെയാണ് ലിംഗനിർണ്ണയം നടത്തുന്നത്? ലിംഗനിർണ്ണയം സാധ്യമാകുന്ന പ്രായമാകുമ്പോഴേക്കും സാധാരണ രീതിയിലുള്ള ഗർഭച്ഛിദ്രം സാധ്യവുമല്ല.

ഭ്രൂണം ജീവിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഗർഭിണിയാണെന്നിരിക്കെ അവരെ നിയമത്തിലുൾപ്പെടുത്താതിരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? ഗർഭിണികൾ ലിംഗനിർണ്ണയം ആവശ്യപ്പെടുന്നതും ഗർഭച്ഛിദ്രം നടത്തുന്നതും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാവാമെന്നതുകൊണ്ട് ഗർഭച്ഛിദ്രം നടത്തിയാൽ ഗർഭിണിയെ ശിക്ഷിക്കരുത് എന്നാണ് നിയമത്തിൽ പറയുന്നത്.

റേഡിയോളജിസ്റ്റുകൾ എല്ലാ രേഖകളും സൂക്ഷിച്ചതുകൊണ്ടോ അത് മാസാമാസം ജില്ലാ മെഡിക്കലോഫീസിൽ അയച്ചതുകൊണ്ടോ മിന്നൽ പരിശോധന നടത്തി രജിസ്‌ട്രേഷനിലെ നിസ്സാര തെറ്റുകൾക്ക് പോലും റേഡിയോളജിസ്റ്റുകളെ ശിക്ഷിച്ചതുകൊണ്ടോ പെൺകുഞ്ഞുങ്ങളുടെ എണ്ണം വർദ്ധിക്കാൻ പോകുന്നില്ല.

ആൺകുട്ടികളെ പോലെ തന്നെ പെൺകുട്ടികൾക്കും ഈ ഭൂമിയിൽ എല്ലാ അവകാശങ്ങളുമുണ്ട്. അത് നിഷേധിച്ച് വെളിച്ചം കാണുന്നതിനു മുമ്പേ അവരെ ഇല്ലാതാക്കുന്നവരെ കഠിനമായി ശിക്ഷിക്കുക തന്നെ വേണം. ലിംഗനിർണ്ണയം നടത്തുന്നവരെയും സ്‌കാൻ മെഷീൻ ദുരുപയോഗം ചെയ്യുന്നവരെയും ശരിയായ തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഈ നിയമത്തിൽ ഗർഭിണികൾക്ക് പ്രാധാന്യം നൽകുകയും പ്രസവ കാലം വരെ ഗർഭസ്ഥശിശുവിനെ നിരീക്ഷിക്കാനുള്ള സംവിധാനം ഉണ്ടാക്കുകയും ഗർഭച്ഛിദ്രത്തിന് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തുകയും ചെയ്യാതെ റേഡിയോളജിസ്റ്റുകളെ ബുദ്ധിമുട്ടിക്കാൻ മാത്രമുതകുന്ന ഈ നിയമം സാമൂഹിക വിചാരണ ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

READ : പ്രതിരോധ റേഡിയോളജി; ആരോഗ്യത്തിന് മികച്ച നിക്ഷേപം

‘സംരക്ഷൺ’:
സുരക്ഷിത മാതൃത്വത്തിന്റെ
ആദ്യ പടി

കുട്ടികളിലെ
ഇമേജിംഗ്

മുഴയും വീക്കവും
സ്‌കാനിംഗിന്റെ
അകക്കണ്ണിലൂടെ

നേരത്തെ കണ്ടെത്താം, സ്തനാർബുദം

ബ്രസ്റ്റ് കാൻസർ
നേരത്തെ കണ്ടുപിടിക്കാം; സ്‍ക്രീനിങ് മാമോഗ്രാമും
ഡയഗ്നോസ്റ്റിക് മാമോഗ്രാമും

കീഹോളിൽനിന്ന് പിൻഹോളിലേക്ക്;​
ഇന്റർവെൻഷനൽ
റേഡിയോളജി

എം.ആർ.ഐ സ്‌കാൻ
എന്ത്, എങ്ങനെ, എപ്പോൾ?

ഫീറ്റൽ റേഡിയോളജി: ഗർഭത്തിലെ കുഞ്ഞുമായി ബന്ധിപ്പിക്കുന്ന വിശ്വസനീയ സഹായി

പ്രമേഹവും കണ്ണും

വേദനിപ്പിക്കുന്ന
ഒരു റഫറലിന്റെ ഓർമ്മ

ലഹരിയിൽ ഉലയുന്ന
കൗമാര മനസ്സും ശരീരവും; വസ്തുതകളും പ്രതിരോധവും

കുഞ്ഞുങ്ങൾക്ക്
മരുന്നു കൊടുക്കുമ്പോൾ

ഉയരക്കുറവ് എന്തുകൊണ്ട്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു ഫാമിലി
ഫുഡ് വ്ലോഗ്

എന്തുകൊണ്ട് എന്റെ കുട്ടി
ഇങ്ങനെ പെരുമാറുന്നു?

കുട്ടികളിലെ
ആവർത്തിച്ചുള്ള പനി;
കാരണങ്ങൾ, പ്രതിവിധികൾ

ഡിജിറ്റൽ മീഡിയ ഉപയോഗം: എങ്ങനെ നമ്മുടെ കുട്ടിയെ നല്ല ഡിജിറ്റൽ സിറ്റിസൺ ആക്കാം?

നവജാതശിശുക്കളുടെ
സ്‌ക്രീനിംഗ്

ഒരിക്കലും അധികപ്പറ്റല്ല
ഈ വാക്സിനുകൾ

സാൽക്കും സബിനും:
ശാസ്ത്രം സമൂഹത്തിനു വേണ്ടി

കടവുൾ
അവതാരം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments