മലയാളത്തിന്റെ സ്വന്തം എം.ടി വാസുദേവൻ നായർക്ക് സ്നേഹാദരങ്ങളോടെ വിടനൽകുകയാണ് ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 211. എൻ.ഇ. സുധീർ, എം.കെ. മുനീർ, എതിരൻ കതിരവൻ, ഇ.പി. രാജഗോപാലൻ, തനൂജ ഭട്ടതിരി, എം. ശശിധരൻ, ബി. ഉണ്ണികൃഷ്ണൻ, ഷാജഹാൻ മാടമ്പാട്ട്, പ്രമോദ് പുഴങ്കര, പി. മുസ്തഫ, ജോയ് മാത്യു, ശിഹാബുദ്ദീൻ പൊയ്ത്തുംക്കടവ്, മധുപാൽ, കരുണാകരൻ, മൈന ഉമൈബാൻ ,എം. ജയരാജ്, കെ.ടി. കുഞ്ഞിക്കണ്ണൻ, ജിസ ജോസ്, കെ. കണ്ണൻ, എം.എസ്. ബനേഷ്, പി.പി. ഷാനവാസ്, ദീപ പി.എം, കെ.വി. മണികണ്ഠൻ, ഡോ. പ്രസന്നൻ പി.എ, ഷിജു. ആർ, പ്രശോഭ് സാകല്യം എന്നിവരുടെ ലേഖനങ്ങളും എം.ടി എഴുതിയ കുറിപ്പുകളുമാണ് വെബ്സീനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സാഹിത്യമാണ് ഞങ്ങളെ അടുപ്പിച്ചത്; സ്നേഹിതരാക്കിയത്. എംടിയുടെ സ്നേഹിതൻ എന്നതിനെക്കാൾ എന്തംഗീകാരമാണ് ഒരു വായനക്കാരനെന്ന നിലയിൽ എനിക്ക് കിട്ടാനുള്ളത് ! വല്ലാത്തൊരു കരുതലും അടുപ്പവും വാസുവേട്ടൻ എനിക്കു തന്നു. ഒരിക്കൽ എന്താണ് സാഹിത്യം എന്ന് ഞാനദ്ദേഹത്തോട് ചോദിച്ചു. എംടി കുറച്ചു നേരമിങ്ങനെ ആലോചിച്ചിരുന്ന ശേഷം പറഞ്ഞു. “സാഹിത്യം എന്താണ് എന്ന് ചോദിച്ചാൽ അത് ജീവിതത്തെ ബാധിക്കുന്ന ശക്തികളിലൊന്നാണ്. നമ്മളെ സ്വാധീനിക്കാൻ കഴിയുന്ന എന്തോ ഒരു ശക്തി. നിയന്ത്രിക്കുന്ന ഒന്ന് എന്നുതന്നെ പറയാം. മതം സമൂഹത്തിനെ നിയന്ത്രിക്കുന്നതു പോലെ, നീതിന്യായ വ്യവസ്ഥയെപ്പോലെ, നിയമത്തെപ്പോലെ… നമ്മൾ വ്യക്തികളുടെ ജീവിതത്തെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു ശക്തിയാണ് സാഹിത്യം.”
എം.ടി എഴുതാതെ പോയത്, പറയാതെ പോയത്…

ആ ബന്ധം സുദൃഢമായി തുടങ്ങി.
ആ ഇടയ്ക്ക് ഞാനൊരു പ്രസിദ്ധീകരണശാല ആരംഭിച്ചു. ഒലിവ് പബ്ലിക്കേഷൻസ്. അക്ബർ കക്കട്ടിൽ ഞങ്ങളുടെ ഓണററി എഡിറ്ററായി മാറി. ആദ്യ പുസ്തകം എം.ടിയിൽ നിന്ന് വാങ്ങാനാണ് തീരുമാനിച്ചത്. അദ്ദേഹത്തെ ഞങ്ങൾ സമീപിച്ചു. അങ്ങനെ ഒലിവ് പബ്ലിക്കേഷന് അദ്ദേഹം ആദ്യം നൽകിയ പുസ്തകമാണ്" "രമണീയം ഒരു കാലം." അന്ന് എല്ലാ പുസ്തകങ്ങളിലും ആദ്യത്തെ പേജിൽ എഴുത്തുകാരന്റെ കൈപ്പടയിൽ ഒരു കുറിപ്പ് പ്രസിദ്ധീകരിക്കുക എന്നുള്ളത് ഞങ്ങൾ ഒരു സ്റ്റൈലായി എടുത്തു. ആദ്യ പുസ്തകത്തിൽ തന്നെ എം.ടിയുടെ കൈപ്പടയിൽ ഒരു കുറിപ്പോടുകൂടിയാണ് പുസ്തകം ഇറക്കിയത്.
-901b.jpg)
കഥയെഴുത്തുകാരനോട് ‘കഥയുടെ ഡി. എൻ. എ’ എന്ന വിഷയം തന്നെ ചോദ്യമായി തുടക്കമിട്ടു. പെട്ടെന്ന് വാചാലനായ അദ്ദേഹം മനം തുറന്നു സംസാരിച്ചു തുടങ്ങി. കഥയുടെ ഉറവ്, കഥകളിലെ സ്ത്രീ സാന്നിദ്ധ്യം, സിനിമയുമായുള്ള ബന്ധം,, സ്ക്രിപ്റ്റ് എഴുത്ത്, അങ്ങനെ എന്റെ ചോദ്യങ്ങളുമായി സംഭാഷണം മുറുകി. ചുളുവിൽ അദ്ദേഹത്തിന്റെ പണ്ടത്തെ ചില ദുശ്ശീലങ്ങളെക്കുറിച്ച് ആരാഞ്ഞു. മദ്യപാനത്തെക്കുറിച്ച് തുറന്നു സംസാരിച്ചു. പതിനഞ്ചു മിനുട്ട് അനുവദിച്ചു തന്നിരുന്നത് ഒരു മണിക്കൂറ് ഇരുപതു മിനുട്ട് നീണ്ടു. ഇത് എന്റെ ചോദ്യങ്ങളുടെ രസം കൊണ്ടായിരുന്നു എന്ന് എന്റെ അഹങ്കാരം. അന്നു രാത്രിയിൽ ഉറക്കം വരാതിരുന്നത് സന്തോഷം കൊണ്ടു മാത്രമാണെന്നു ഞാൻ തിരിച്ചറിഞ്ഞു.
എം.ടിയും ഞാനും, എം.ടി കഥയുടെ ഡി.എൻ.എയും

നോവലിനെ രസനീയമായ കഥാഖ്യാനമോ വികാരഘടനയോ മാത്രമായി കാണാൻ എം.ടി. എന്ന വായനക്കാരൻ തയ്യാറല്ല. ജീവിതത്തെയും ഭാഷയെയും ആഖ്യാനത്തെയുമൊക്കെക്കുറിച്ചുള്ള തെന്റ സമീപനങ്ങളും മുൻഗണനകളും വായനയിൽ പങ്കെടുക്കുന്നു. വായിക്കുന്നയാൾ സ്വന്തമായി ഒന്നും ചെയ്യാത്ത, കൃതിയുടെ വിനീതവിധേയനായ, എഴുത്തുകാരെന്റ കീഴാളനായ പാവത്താനല്ല. അയാൾ സാമൂഹികജീവിയും സാംസ്കാരിക വ്യക്തിത്വവുമാണ്. വായനക്കാരനും സർഗാത്മകതയുണ്ട്. വായനയിലെ ജനാധിപത്യമെന്നത് ആവേശകരമായ ഒന്നാണ്. വായനക്കാരന്റെ സമഗ്ര വ്യക്തിത്വംതന്നെ വായനയിൽ പങ്കെടുക്കുന്നു.

"ഓഫീസിൽ വെച്ച് പരിചയപ്പെട്ടത് ഓർക്കുന്നുണ്ടായിരിക്കുമല്ലോ. പോകുന്നതിനു മുമ്പ് കാണണമെന്നും കൂടുതൽ സംസാരിക്കണം എന്നും ഉണ്ടായിരുന്നു സാധിച്ചില്ല. ഈ കത്ത് എഴുതുന്നത് പകുതി ഓഫീസ് കാര്യവും പകുതി സ്വന്തം കാര്യവും വെച്ചുകൊണ്ടാണ്. വരുന്ന ജനുവരി 26ന് മാതൃഭൂമിക്ക് ഒരു റിപ്പബ്ലിക് വിശേഷാൽ പ്രതിയുണ്ട്. അതിനൊരു കഥ തരണം എന്ന് സ്നേഹപൂർവ്വം നിർബന്ധിക്കുകയാണ് കത്തിന്റെ ഉദ്ദേശം. എന്ത് തിരക്കായാലും ഡിസംബർ 30ന് മുമ്പായി ഒരു കഥ അയച്ചു തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സുഖമെന്ന് കരുതുന്നു മറുപടിക്ക് ഒരു കത്ത് എഴുതുമോ?
സ്നേഹാദരങ്ങളോടെ,
എം ടി വാസുദേവൻ നായർ"
എം.ടി, ലളിതാംബിക അന്തർജ്ജനത്തിന് അയച്ച കത്തുകൾ

എഴുത്തുകാർ ഒരുപാടുണ്ടെങ്കിലും മനുഷ്യധർമം അനുഷ്ടിക്കുന്ന എഴുത്തുകാർ വളരെ ചുരുക്കമാണെന്ന് എം.ടിയുടെ ജീവിതം ഓർമിപ്പിക്കുന്നുണ്ട്. എഴുത്തുകാരൻ എന്നത് അസാമാന്യ പ്രതിഭയോ പദവിയോ ഉള്ളയാളല്ല. കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ എം.ടിയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. അന്ന് അദ്ദേഹം പിണറായി വിജയനോട് പലകാര്യങ്ങളും സംസാരിച്ചു. ഈ കാലത്ത് ജീവിക്കുന്ന മനുഷ്യൻ എന്ന നിലയിൽ സാഹിത്യത്തെയും കലയെയും എങ്ങനെയാണ് കാണേണ്ടത് എന്നായിരുന്നു അദ്ദേഹം അന്ന് സംസാരിച്ചത്. മനുഷ്യനോടുള്ള അദ്ദേഹത്തിന്റെ ദയാവായ്പ് മറ്റ് ഏത് നിലയിലുള്ള ആളുകളെക്കാളും ഉയർന്നു നിൽക്കുന്നുണ്ട്.
അസുരവിത്ത്, നിർമാല്യം, ഷെർലക്; എന്റെ എംടി വായനകൾ

എല്ലാ സമയത്തും ഏകാകിയായ മനുഷ്യന്റെ മനസ്സിന്റെ അകത്തുള്ള വിചാരധാരയിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്. അത്തരമൊരു വിചാരധാര ഖസാഖിൽ വായിച്ചെടുക്കൽ ബുദ്ധിമുട്ടാണ്. എന്നാൽ നിങ്ങൾക്ക് ആദ്യ പേജ് മുതൽ അവസാന പേജ് വരെ ഭീമന്റെ ബോധധാരയിലൂടെ സഞ്ചരിക്കാനാകും. ആ ഒരു ബോധധാരയിൽ നിന്ന് എം.ടി ഒരിക്കലും മാറി നടക്കുന്നില്ല. അതിൽ നിന്നും മാറിയൊരു ലോകം എം.ടിക്കില്ല. ആ ബോധധാര ഇടമുറിയാതെ പോകുന്നുണ്ട്. അതിന് ഒരു ആഖ്യാനഘടനയുണ്ട്. ആ തുടർച്ച തന്നെയാണ് എം. ടിയുടെ സിനിമകളും. ഇത് കൊണ്ടാണ് എം.ടി സിനിമയിലും വിജയിച്ചത്.
എം.ടിയോട് ചേർന്ന പോലെ മറ്റാരുടെ എഴുത്തിനോടും മലയാളി ഭാവുകത്വം ചേർന്ന് നിന്നിട്ടില്ല

തല ഉയർത്തി മാത്രം നിന്ന, നട്ടെല്ല് വളയാതെ മാത്രം നടന്ന, വിരൽത്തുമ്പിൽ നിന്ന് സർഗ്ഗമാന്ത്രികതയുടെ പുഴയൊഴുക്കിയ, ജീവിതസായാഹ്നത്തിലും തന്റെ നാട്ടിൽ ശക്തിപ്പെടുന്ന വർഗീയതയിലും സ്വേച്ഛാധിപത്യപ്രവണതകളിലും ആധികൊള്ളുകയും അത് ധീരമായി പ്രകടിപ്പിക്കുകയും ചെയ്ത മഹാമനീഷി. ഇങ്ങനെയൊരു മനുഷ്യൻ കടന്നുപോകുമ്പോൾ ആ മരണത്തോട് പോലും നാം നന്ദി പറയണം. വിഭാജകഭാവങ്ങളേതുമില്ലാതെ ദുഖിക്കാനും ഒരു ജനതയെന്ന നിലയ്ക്ക് ഒന്നടങ്കം വിലപിക്കാനും നമുക്കദ്ദേഹം സ്വന്തം മരണം പോലും തന്നില്ലേ? അതിലും കൂടുതൽ ഒരാൾക്ക് സ്വന്തം സംസ്കാരത്തിന് എന്ത് സമ്മാനമാണ് നല്കാനാവുക?
എം.ടി. എന്ന അമ്പത്തിരണ്ടക്ഷരങ്ങളുടെ ചുരുക്കെഴുത്ത്

ഭൂവുടമ ബന്ധങ്ങളും അതിന്റെ മൂല്യവിചാരങ്ങളും ഒഴിഞ്ഞ പത്തായം പോലെ കിടന്നു. ജന്മിത്വകാലത്തെ ഭരദേവതമാർ ആളൊഴിഞ്ഞ തറവാടുകളിൽ മച്ചിൽ നിന്നിറങ്ങി പരതാൻ തുടങ്ങി. പുറത്ത് പുതിയൊരു കാലം പുതിയ ഭാഷയിൽ സംസാരിക്കാൻ തുടങ്ങിയിരുന്നു. അകലങ്ങളിൽ നിന്നും മുദ്രാവാക്യങ്ങൾ അടുത്തുവന്നു. ലോകം വലുതായി. പുഴയ്ക്കപ്പുറം പുതിയ ലോകമുണ്ടായി. അതിനുമപ്പുറം അനുഭവങ്ങളുടെയും പുതിയ ജീവിതത്തിന്റെയും ഭൂഖണ്ഡങ്ങളിലേക്ക് മനുഷ്യർ കയറിപ്പോകാൻ തുടങ്ങി. നനഞ്ഞ വരമ്പുകളിൽ ചെളിപറ്റിയ കാലുകൾ അമർത്തിത്തുടച്ച് ബോംബെയിലേക്കും മദ്രാസിലേക്കും തങ്ങളെയറിയാത്ത അജ്ഞാതജീവിതത്തിന്റെ മഹാനഗരങ്ങളിലേക്കും ആളുകൾ കയറിപ്പോയി. അങ്ങനെ പോയ മനുഷ്യർ ചങ്ങമ്പുഴയേയും രമണനെയും കൂടെക്കൊണ്ടുപോയിരുന്നു. തകരുന്ന ജീർണ്ണഗൃഹങ്ങളുടെ തെക്കേപ്പറമ്പിൽനിന്നും സാക്ഷികളെപ്പോലെ എഴുതാൻ തുടങ്ങിയവരിൽ എം.ടിയുണ്ടായിരുന്നു.

ഇടയ്ക്ക് കാണാം എം.ടി. കുട്ടികൾക്കുള്ള പുസ്തകം എടുത്ത് വെച്ച് കൊച്ചുമകന് അതിലെ കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്കുന്നത്. അതിനിടയ്ക്ക് പയ്യൻ എം.ടിയുടെ മീശ പിടിച്ച് വലിക്കുന്നതും അടികൂടുന്നതും കാണാം. എം.ടിക്കപ്പോൾ ചമ്മലാവും, ഞാനിത് കണ്ട് പോയല്ലോ എന്നാലോചിച്ച്. എം.ടിയാണല്ലോ ഇത്. വേറൊരു രസമെന്താന്ന് വച്ചാൽ അശ്വതിയ്ക്കും ഇത് കണ്ട് അത്ഭുതമാണ്. രണ്ട് പേരും കൂടിയാവുമ്പോൾ മറ്റാർക്കും അങ്ങോട്ട് പ്രവേശനമില്ല. ഒരു ദിവസം അശ്വതി ചെന്ന് നോക്കുമ്പോൾ എം.ടിയുടെ പുറത്ത് കയറിയിരുന്ന് ആന കളിക്കുകയാണ് കൊച്ചുമകൻ. ഞാൻ തന്നെ ഒരിക്കൽ അത്തരമൊരു പടമെടുത്തിട്ടുണ്ട്. ഞാനും അജീബ് കോമാച്ചിയും ഒരിക്കൽ വീട്ടിൽ ചെന്നപ്പോൾ എം.ടിയുടെ തോളിൽ കയറിയിരുന്ന് കളിക്കുകയാണ് പയ്യൻ.

മലയാള ഭാഷ കൊണ്ട് മാത്രമാണ് അദ്ദേഹം ഈ ഖ്യാതിയും സമ്പത്തുമെല്ലാം ഉണ്ടാക്കിയത്. അങ്ങനെ മറ്റൊരാളുണ്ടാവില്ല. മറ്റ് ഭാഷകളിൽ കളിക്കുകയോ മറ്റ് രാജ്യങ്ങളിലേക്ക് പോവുകയോ ഒന്നും ചെയ്യാതെ ഇവിടെ നിന്ന്, ആവശ്യമുള്ളപ്പോഴെല്ലാം കൃത്യമായ നിലപാടെടുത്താണ് അദ്ദേഹം ജീവിച്ചത്. ഇങ്ങനെ അദ്ദേഹത്തിന്റെ അവസാനത്തെ പ്രതികരണം എന്നെ വല്ലാതെ ആരാധകനാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ വേദിയിൽ ഇരുത്തി അധികാരം ആധിപത്യമോ സർവ്വാധിപത്യമോ ആയി മാറിയെന്ന വിമർശനം ഉന്നയിക്കാൻ അദ്ദേഹം ധൈര്യം കാണിച്ചു. ആ ആർജ്ജവവും ചങ്കൂറ്റവും അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ കൂടി ഫലമായി വന്നിട്ടുള്ളതാണ്.
നോ പറഞ്ഞ എം.ടിയിൽ നിന്ന് സ്നേഹത്തോടെ യെസ് പറയുന്ന എം.ടിയിലേക്കുള്ള ദൂരം

ചങ്ങമ്പുഴയിലെന്നപോലെ, തന്നെ ബാധിച്ച പൂർവ്വസൂരി ബാധയെ സ്വയം തിരിച്ചറിഞ്ഞ് താൻ അവതരിപ്പിച്ച ഭാവുകത്വത്തെ പുതുക്കിപ്പണിത, എം.ടിയ്ക്ക് തൊട്ടുപിറകിലുള്ളവർ മാത്രം സാഹിത്യത്തിൽ രക്ഷപ്പെട്ടു! കാരണം എം.ടിക്ക് തുല്യമായി എം.ടി മാത്രമേ ഉണ്ടാവേണ്ടള്ളൂ. എം. ടി യുടെ എല്ലാ അഭിരുചികളും അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നും അനുഭവപരിസരത്ത് നിന്നും ഉരുവം കൊണ്ടതാണ്. അതിന് മറ്റ് ജീവിതങ്ങളുമായി സാദൃശ്യങ്ങളൊക്കെ കണ്ടേക്കാം. പക്ഷേ, എം.ടി. വേറെയാണ്. അത് കാലത്തിന്റെ സ്ഥലത്തിന്റെയും തിരഞ്ഞെടുപ്പാണ്. എഴുതുമ്പോൾ അദ്ദേഹം ഉപയോഗിച്ച വാക്കിനെക്കാൾ ഏറെ വാക്കുകൾ പദങ്ങൾക്കിടയിൽ അദ്ദേഹം സന്നിവേശിപ്പിച്ചു. സാഹിത്യത്തിലായാലും സിനിമയിലായാലും പ്രസംഗത്തിലായാലും നിത്യജീവിതത്തിലായാലും. അവയിൽ ചലിക്കുന്ന മൗനത്തെ അദ്ദേഹം നിർമ്മിച്ചെടുത്തു.
എംടി, ഭാവുകത്വ നിർമ്മിതിയുടെ യുഗപുരുഷൻ

സ്വപ്നങ്ങൾ യഥാർത്ഥമാകുന്ന ഒരു മനസ്സുണ്ടായപ്പോൾ ഞാൻ വായിച്ചതും അറിഞ്ഞതും അനുഭവിച്ചതുമായ ഒരെഴുത്തുകാരൻ എം.ടി വാസുദേവൻ നായരായിരുന്നു. കാലമായിരുന്നു ആദ്യം വായിച്ചത്. കാലത്തിലെ അന്തരീക്ഷം എനിക്ക് തീർത്തും പരിചതമായത്. പാടവും പത്തായപ്പുരയും അമ്പലവും വഴികളും മനുഷ്യരുടെ വേഷവും അവരുടെ വാക്കുകളും പറച്ചിലും ഞങ്ങൾ വീട്ടിൽ പറയുന്നത് പോലെ. സേതുവും സുമിത്രയും തങ്കമണിയുമൊക്കെ എന്റെ വീട്ടിൽ വന്നുപോകുന്നവരായിരുന്നു. കാരണം കാലം വായിക്കുമ്പോൾ ഞങ്ങൾ ജീവിച്ചത് പാലക്കാടായിരുന്നു. കോഴിക്കാട്ടേക്കും പാലക്കാട്ടേക്കുമായുള്ള തീവണ്ടി യാത്രകളിൽ എം.ടി മുഴുവനായിട്ടെനിക്ക് മനസ്സിലായി. നാലുകെട്ടും മഞ്ഞും പാതിരാവും പകൽ വെളിച്ചവും അസുരവിത്തും എന്റെ സഞ്ചാരപഥങ്ങളായി. സേതുവും ഗോവിന്ദൻ കുട്ടിയുമൊക്കെ പാർക്കുന്ന വീടുകൾ എനിക്കറിയാം.

എങ്കിലും, ആ ആൾക്കൂട്ടത്തിൻറെ തലകൾക്ക് മീതെ, സ്ഥലം ഉണ്ടാക്കി, എംടിയ്ക്ക് നേരെ, കൈയ്യിൽ കരുതിയിരുന്ന പുസ്തകം ഞാൻ നീട്ടി. അദ്ദേഹം അത് കണ്ടു, എന്റെ കൈയ്യിൽ നിന്നും പുസ്തകം വാങ്ങി, പുസ്തകം നോക്കി, ‘ഓ! ഹാവേൽ!” എന്ന് പറഞ്ഞ് എന്നെ നോക്കി – അത്രയുമായിരുന്നു ആ കൂടിക്കാഴ്ച്ച. പിന്നെ എംടിയെ ഞാൻ കണ്ടിട്ടില്ല. പരിചയപ്പെട്ടില്ല. അദ്ദേഹത്തിന്റെ രണ്ടാം വരവിലാണ് ‘മാതൃഭൂമി’യിൽ എൻറെ കഥകൾ ചിലത് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതെങ്കിലും.
അല്ലെങ്കിൽ, ചിലരെ നമ്മൾ ഒരിക്കൽ മാത്രം സന്ദർശ്ശിയ്ക്കുന്നു – അതിദീർഘമായ ഒരു നിമിഷമായി ആ കൂടിക്കാഴ്ച്ച നമ്മുടെ ആയുസ്സിലേക്കും പടരുന്നു. ഒരു പക്ഷെ, അങ്ങനെയുമാകാം സാഹിത്യം ഓർമ്മയുടെ കലയായത്.
എം.ടി, നീണ്ടു നിൽക്കുന്ന ഒരേയൊരു കൂടിക്കാഴ്ച

നാലുകെട്ടോ, ഫ്യൂഡൽ വ്യവസ്ഥിതിയോ, സവർണ്ണ ബിംബങ്ങളോ ഒന്നുമില്ലാത്ത ഒരിടമാണ് എന്റെ ജീവിത പരിസരമെങ്കിലും എം.ടിയെ ആ കൗമാരകാലത്ത് ആർത്തിയോടെ വായിച്ചു. കുടിയേറ്റക്കാരുടെ കഷ്ടതയും അദ്ധ്വാനവുമെല്ലാമാണ് ജീവിത പരിസരത്ത് കാണുന്നത്. വായനയിൽ മറ്റൊരു ലോകവും. വായന അറിഞ്ഞോ അറിയാതെയോ സ്വാധീനിക്കാം. ഞാൻ ഏകാകിയായ പെൺകുട്ടിയായിരുന്നു. അതുകൊണ്ടാവാം ദംഷ്ട്രകൾ ഒളിപ്പിച്ച് ചിരിക്കുന്ന കുഞ്ഞാത്തോലിനെ സ്വപ്നം കണ്ടു. കാട്ടുപൊന്തകൾക്കിടയിലെ സഞ്ചാരത്തിൽ കുഞ്ഞാത്തോലിനെ പ്രതീക്ഷിച്ചു. ചിലപ്പോഴൊക്കെ മനസിനോട് ചോദിച്ചു.
‘മഞ്ഞി’ൽ കോറിയിട്ടിരുന്ന മധുര പ്രണയത്തിന്റെ നഷ്ടസ്വപ്നങ്ങൾ

എഴുത്ത് ജീവിതവിജയത്തിലേക്കുള്ള പാതയിലെ പാഥേയമായി ആരും പരിഗണിച്ചിട്ടില്ലാതിരുന്ന കാലത്താണ് തെക്കേപ്പാട്ടെ വാസു എഴുത്തുകാരനാകണമെന്നു മോഹിച്ചുപോകുന്നത്. ചോരത്തിളപ്പിന്റെ ധിക്കാരമായി മാത്രമേ ഈ തീരുമാനത്തെ പൊതുസമൂഹം വീക്ഷിക്കുകയുള്ളൂ എന്ന യാഥാർത്ഥ്യം എം.ടിക്കുതന്നെ അറിയാമായിരുന്നു, അതായിരുന്നു കാലം. പക്ഷേ, ഒരു ജന്മനിയോഗം പോലെ എഴുത്തിനെ അദ്ദേഹം മനസ്സാ വരിക്കുകയായിരുന്നു. എഴുത്തിന്റെ കാര്യത്തിൽ എം.ടി. പ്രദർശിപ്പിച്ച ആ ‘ചങ്കൂറ്റം’ ആലീസ് കണ്ട അദ്ഭുതലോകം പോലെ മലയാള സാഹിത്യലോകത്തിന് അതുവരെ പരിചയമില്ലാത്ത പുതിയ ആസ്വാദനശീലത്തിലേക്കുള്ള കവാടം തുറന്നിടുകയായിരുന്നു.
ഒന്നാം സമ്മാനം, കഥ: വളർത്തുമൃഗങ്ങൾ, കാഥികൻ: എം.ടി. വാസുദേവൻ നായർ, കുറ്റിപ്പുറം വഴി, (തെക്കേ മലബാർ)

കേരളത്തിൽ ആണവ നിലയം സ്ഥാപിക്കുന്നതിനെതിരെ കോഴിക്കോട് ആർ.ഡി.ഒ ഓഫീസിലേക്ക് നടന്ന ബഹുജനമാർച്ച് നയിച്ചത് എം.ടിയായിരുന്നു. ഉദ്ഘാടനത്തിൽ, ആണവോർജ്ജം ഉപയോഗിക്കുന്നതിലുണ്ടായ പാളിച്ചകൾ മൂലമുണ്ടായ ദുരന്താനുഭവങ്ങളിലേക്ക് വിരൽചൂണ്ടി എം. ടി നടത്തിയ പ്രസംഗം, മുൻപിൻ ആലോചനയില്ലാത്ത വികസന കാഴ്ചപ്പാടുകൾക്കെതിരായ കുറ്റപത്രമായിരുന്നു.
ആണവ നിലയം സ്ഥാപിക്കുന്നതിനെതിരെ മാർച്ച് നയിച്ച എം.ടി

ഭാരതപ്പുഴയുടെ തീരത്തുള്ള ഗ്രാമത്തിലായിരുന്നു ഹൈസ്കൂൾ കാലത്ത് താമസിച്ചത്. അവിടെ ഒരു വായനശാലയുണ്ടായിരുന്നതാണ് ഏറ്റവും വലിയ ആകർഷണം. കവർ പേജുള്ള നാലുകെട്ട് അവിടെ നിന്നു കണ്ടെടുക്കാൻ കഴിഞ്ഞപ്പോൾ തോന്നിയ സന്തോഷത്തിന് അതിരില്ലാതായി. എം.ടി വാസുദേവൻ നായർ എന്ന പേരു മനസ്സിൽ തറഞ്ഞതും അപ്പോഴാവണം. നാലുകെട്ട് വീണ്ടും വായിച്ചു. കാലവും അസുരവിത്തും മഞ്ഞും എം.ടി യുടെ തിരക്കഥകളും തെരഞ്ഞെടുത്ത കഥകളുമൊക്കെ വായിച്ചത് ആ ലൈബ്രറിയിൽ നിന്നായിരുന്നു. പ്രിയപ്പെട്ട എഴുത്തുകാരനായി അദ്ദേഹം മാറി.
എഴുത്ത് ബാക്കിയാവുന്നു, അകലാനാവാത്ത വിധം…

‘നാലുകെട്ട്’ വായിക്കുന്നതിന് മുമ്പും പിമ്പും രണ്ട് കാലങ്ങൾ അങ്ങനെ എന്റെ ജീവിതത്തിലുണ്ടായി. ഒന്ന്, ‘നാലുകെട്ട്’ വായിക്കുന്നതിനുവേണ്ടി, അതിനുവേണ്ടിയാണെന്നറിയാതെ അതീതമായ ഏതോ കാരണങ്ങളാൽ ജീവൻ നിശ്ചയിക്കപ്പെട്ട കാലം. പിന്നെ ആ വായന നൽകിയ അപരത്വത്തെ കുടഞ്ഞുകളയാൻ ശ്രമിച്ച് വീണ്ടും വീണ്ടും പരാജിതനായി ഒരുതരം അപകർഷതയോടെ കഴിഞ്ഞ കാലം. പിന്നീടുവന്ന ജീവിതകാലങ്ങൾക്ക് ഈയൊരു തറക്കല്ലായിരുന്നു. എല്ലാം മുമ്പേ തീരുമാനിക്കപ്പെട്ടിരിക്കാം, അനിശ്ചിതത്വങ്ങളൊന്നുമില്ലാത്ത നിശ്ചയങ്ങളായിരിക്കാം, എല്ലാം...

കണിശവും നിസ്സംഗവും പരുഷവും തെല്ലു പുച്ഛരസപ്രധാനവുമായ ഏങ്കോണിപ്പിന്റെ മുഖഭാവത്തിലേക്ക് എംടി എങ്ങനെ സ്വന്തം പ്രത്യക്ഷഛായയെ സ്ഥിരീകരിച്ചു എന്ന ചോദ്യത്തിന് കൗമാരം മുതലുള്ള അദ്ദേഹത്തിന്റെ കുടുംബവ്യവസ്ഥാ വീക്ഷണവും ഒറ്റപ്പെടലും ഏകാന്തതാഭ്രമവും നാലുകെട്ട് എട്ടുകെട്ട് ഭൂപരിഷ്കരണ രാഷ്ട്രീയകാലങ്ങളും അനീതിയോടുള്ള അടക്കാനാകാത്ത എതിർപ്പും സ്നേഹാർദ്രതകളിലുള്ള വിശ്വാസങ്ങൾക്ക് ഏൽക്കുന്ന ഭംഗങ്ങളും വിശപ്പ്, പ്രണയം, രതി, വൃദ്ധത, സ്ത്രീമനോഘടനകൾ, അവസാനമില്ലാത്ത മനോപര്യവേഷണങ്ങളുമെല്ലാം കാരണമായിട്ടുണ്ടാവാം.
എംടി, ചിരിയെന്ന് തെറ്റിദ്ധരിച്ച ഏങ്കോണിപ്പുകൾ

മലയാളത്തിന്റെ ഫ്യൂഡൽ ഭൂതകാലങ്ങളെ 'രാഷ്ട്രീയ ശരികൾ' മാറ്റിമറിച്ചപ്പോൾ, പാലക്കാടൻ നെൽവയലുകളിലെ കാറ്റിനെയും, പൊന്നാനിയുടെ ജീവിത സമരങ്ങളുടെ സങ്കീർണതകളെയും, വള്ളുവനാടിന്റെ സാംസ്കാരിക അപരത്വത്തിന്റെ സവിശേഷതയെയും എം.ടി പുനഃസൃഷ്ടിക്കുകയും, രാഷ്ട്രീയമല്ലാത്ത ചില അർത്ഥങ്ങളിലേക്കും, രാഷ്ട്രീയ വ്യഗ്രതയുടെ പേരിൽ കയ്യൊഴിഞ്ഞു പോയേക്കാമായിരുന്ന ചില ‘നാട്ടുനന്മകളിലേക്കും’ നമ്മെ ഉണർത്തുകയും ചെയ്തു. ആ നിലയിൽ എംടിയുടെ എഴുത്തിന് പുനരുത്ഥാനത്തിന്റെ വെറ്റിലച്ചുവയുണ്ടായിരുന്നു. നാട്ടു ചാരായത്തിന്റെ ഗന്ധമുണ്ടായിരുന്നു.
സ്വർഗ്ഗവാതിൽ തുറന്ന നേരം: എം.ടിയുടെ കഥപറച്ചിൽ, ആഖ്യാനം, സിനിമ

വാനപ്രസ്ഥം ധ്യാനാത്മകമായ ജീവിതാവസ്ഥയാണ്. കാമ മോഹങ്ങൾക്കതീതമായ ശരീരത്തിന്റെ ശാന്തമായ ഒരു ചേർന്നുനിൽപ്പ് സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ഉദാത്തമായ ഭാവമാണ്. നമ്മുടെ സ്നേഹസങ്കല്പത്തെയെല്ലാം ആർദ്രമായി പുതുക്കിപ്പണിത് വാനപ്രസ്ഥം പ്രാർത്ഥനാനിരതമായ ഒരു യാത്രയുടെ ഓർമയായി എന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു.
സ്‍നേഹസങ്കല്പത്തെ പുതുക്കിപ്പണിഞ്ഞ എംടിയുടെ 'വാനപ്രസ്ഥം'

ചിരിക്കാത്ത, അധികം മിണ്ടാത്ത എം.ടിയ്ക്ക് ഇൻട്രോവെർട്ട് അഥവാ അന്തർമുഖൻ എന്നൊരു പട്ടമുണ്ടല്ലോ പൊതുവേ. എന്നാൽ അത് സ്വന്തം എഴുത്തു ജീവിതത്തിനു അവശ്യമുണ്ടായിരിക്കണം എന്ന് സ്വയം നിശ്ചയിച്ചൊരു സുരക്ഷാകവചമാണെന്ന് ഒന്നു ചുഴിഞ്ഞുനോക്കിയാൽ മനസിലാകും. അദ്ദേഹത്തിന്റെ സൗഹൃദസംഘങ്ങൾ, അവരുടെ കൂടിച്ചേരലുകളൊക്കെ പ്രശസ്തരായ ആ സംഘാംഗങ്ങളുടെ ആത്മകഥകളിലുണ്ടല്ലോ? അവിടെയൊക്കെ അന്തർമുഖനായ എം.ടി-യെ കാണാൻ സാധിക്കുമോ? ഇല്ല.
അന്തർമുഖത്വമെന്ന സുരക്ഷാകവചത്തിന് പിന്നിലെ എം.ടിയെന്ന ഇൻഫ്ലുവൻസർ

തന്റെ ഒമ്പത് നോവലുകളിലൂടെ19 ചെറുകഥാ സമാഹാരങ്ങളിലൂടെസംവിധാനം ചെയ്ത 6 സിനിമകളിലൂടെ54 തിരക്കഥകളിലൂടെഅനവധി ലേഖനങ്ങളിലൂടെ, ഓർമ്മകുറിപ്പുകളിലൂടെ സൃഷ്ടിപ്പെട്ട ലോകസാഹിത്യത്തിന്റെ ഏത് മാതൃകകൾക്കും ഉദാഹരണമാകാവുന്ന കഥാപാത്രവൈവിദ്ധ്യം, ആശയസംവേദനം, വൈകാരികമേഖലകൾ, പുരാവൃത്ത പുനർനിമ്മിതികൾ. ഒരു കൊച്ചു ദേശത്തിന്റെ പരിധിയേയും പരിമിതിയേയും തന്റെ പ്രതിഭ കൊണ്ട് മറികടന്ന, ആ സൃഷ്ടിയുടെ ഉടമയെ എം.ടി എന്നേ, എം.ടി. എന്ന് മാത്രമേ വിളിക്കാവൂ. എം.ടി എന്നേ ചരിത്രം രേഖപ്പെടുത്തൂ…
മെൽബണിലെയും മേടത്തറയിലെയും ഋതുക്കൾ, ഒരു സാധാരണകഥ

പ്രൈമറി സ്കൂൾ അധ്യാപകർക്കായി പി.എസ്.സി നടത്തുന്ന പരീക്ഷയിൽ മലയാള ഭാഷാശേഷി പരിശോധിക്കുന്ന ചോദ്യങ്ങൾ ഒഴിവാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് സമരം നടന്നത് കോവിഡ് കാലത്തായിരുന്നു. പ്രത്യക്ഷ സമരങ്ങൾ നടത്താൻ കഴിയാത്ത ആ സവിശേഷ സാഹചര്യത്തിൽ നടന്ന ഓൺലൈൻ ക്യാമ്പയിനിലും എം.ടി പങ്കാളിയായി. കോവിഡ് കാലമായിരുന്നിട്ടും പ്രായവും അനാരോഗ്യവും കണക്കിലെടുക്കാതെ ഐക്യമലയാള പ്രസ്ഥാനത്തിന്റെ പ്രവർത്തകരെ വീട്ടിലേക്ക് സ്വാഗതം ചെയ്യാനും ക്യാമറയ്ക്ക് മുന്നിൽനിന്ന് തന്റെ നിലപാട് പ്രഖ്യാപിക്കാനും അദ്ദേഹം സന്നദ്ധത കാണിച്ചു.
ഐക്യമലയാള പ്രസ്ഥാനത്തിനൊപ്പം അണിചേർന്ന എം.ടി.

പഴശ്ശിരാജ സിനിമയുടെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന കാലത്ത് എം.ടിയും ഹരിഹരനും തമ്മിലുള്ള സംഭാഷണങ്ങൾ കേട്ടുനിന്നത് കൗതുകകരമായിരുന്നു. പതിവിനു വിപരീതമായി വളരെ ഉച്ചത്തിലായിരുന്നു സംസാരിച്ചിരുന്നത്. പിന്നാലെ തർക്കങ്ങൽ... യോജിപ്പുകൾ... വിയോജിപ്പുകൾ... ആ ശബ്ദം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു. ഇത്തരത്തിലുള്ള അനവധി മുഹൂർത്തങ്ങളാണ് മനസിലൂടെ കടന്നുപോകുന്നത്.
കണ്ണാന്തളിപ്പൂക്കൾ നിറഞ്ഞുനിന്നിരുന്ന വഴിയിലൂടെ എം.ടിക്കൊപ്പം…
എം.ടി എഴുതിയ കുറിപ്പുകൾ
ക്ഷയിച്ച ക്ഷേത്രവും തെക്കെ മലബാറിന്റെയും തനിമയും ഒരുമിക്കുന്ന ഗ്രാമമാണ് ‘നിർമ്മാല്യ' ത്തിന് വേണ്ടിയിരുന്നത്. ഒരു മാസം ശനിയും ഞായറും ഇതിനുവേണ്ടി നോക്കി നടന്നു. പുതുക്കുടി ബാലേട്ടൻ എന്നപേരിൽ കോഴിക്കോട് എല്ലാവർക്കും പ്രിയങ്കരനായ സുഹൃത്താണ് കറോടിച്ച് കൂടെ വന്നിരുന്നത്. തിരുവേഗപ്പുറ, ഷൊർണൂർ, ചെറുതുരുത്തി എന്നീ ഭാഗങ്ങളിൽ അന്വേഷിച്ചു. അമ്പലം ശരിയാവുമ്പോൾ ഗ്രാമപ്രകൃതി ശരിയാവില്ല. അവസാനം മൂക്കുതലയും ചെന്നുകണ്ടു.
നിർമ്മാല്യത്തിലെ ഗ്രാമം, എം.ടിയുടെ എഴുത്ത്
രാവിലെ ഞങ്ങൾക്കു കിട്ടുന്നതു നല്ല ചൂടുള്ള കഞ്ഞിയായിരുന്നു. വേറെ വിഭവങ്ങളൊന്നുമില്ല. അതു കഴിഞ്ഞ് എഴുന്നേൽക്കുമ്പോഴേക്ക് ആകെ വിയർത്തുകുളിച്ചിരിക്കും. ഈ കഞ്ഞിയാണ് ബാക്കിയുള്ളവരുടെ ഉച്ചഭക്ഷണം. അപ്പോഴേക്കും തോട്ടത്തിൽ നിന്നു ചെറു കായയോ ചേനത്തണ്ടാ കൊണ്ടുവന്ന് ഒരു കൂട്ടാൻ വച്ചിരിക്കും.
കൊളമ്പിയക്കാരൻ വാണിഗസ് എന്ന ചിത്രകാരൻ കോഴിക്കോട്ടെ അങ്ങാടിത്തിണ്ണയിൽ തോളത്തുതൂക്കിയിട്ട് ആകെ ലഗേജ് ആയ ക്യാൻവാസ് സഞ്ചി തലയിൽ വെച്ചുറങ്ങുന്നതു കണ്ടു. അടുക്കള പുക വരുന്ന ഒരു മൂലയിലെ മേശയ്ക്കിരുവശവും ഇരുന്ന് ചോറും മത്തിയും തിന്നുകൊണ്ട് പൗരസ്ത്യതത്ത്വശാസ്ത്രങ്ങളെയും ചിത്ര കലയെയും പറ്റി ഞങ്ങൾ സംസാരിച്ചു. യാത്ര ഒരു ഭാരമല്ല. ട്രാവലേഴ്സ് ചെക്കുകളുടെ അഭാവത്തിൽ ഭീതിയില്ല. അടുത്തതെങ്ങോട്ടാണ്?
ആനകളെ പീഡിപ്പിക്കുന്നതിനെതിരെ എം.ടി. അന്നെഴുതി, ഭ്രാന്തൻ സ്വപ്നങ്ങൾ
അഞ്ചു ദശാബ്ദത്തിലേറെ വരുന്ന കാലഘട്ടത്തിൽ എത്രയോ മലയാള പുസ്തകങ്ങൾ എന്റെ മുന്നിലെത്തി. അൽപം കാശ് മിച്ചം വെയ്ക്കാൻ കഴിയുമ്പോൾ - എന്റെ സ്കോളർഷിപ്പ് വകയിലുള്ള കാശാണ് - ഞാനും കൊച്ചുണ്ണിയേട്ടനും കഥാപുസ്തകങ്ങളും കവിതാപുസ്തകങ്ങളും കുറേശ്ശെയായി വാങ്ങിക്കൊണ്ടിരുന്നു. പ്രധാന എഴുത്തുകാരുടെ കൃതികൾ. മംഗളോദയം കാറ്റലോഗ് നോക്കി അധികവും ഒരുറുപ്പിക വില വരുന്ന പുസ്തകങ്ങളാണ് തിരഞ്ഞെടുത്തത്. തകഴിയുടെ ‘ചങ്ങാതികൾ' ക്ക് ഒന്നര രൂപയാണ്. രണ്ടുരൂപ കൃതികളെ അടുത്ത തവണത്തേയ്ക്ക് എന്നു നിശ്ചയിച്ചു മാറ്റിവയ്ക്കുന്നു. ചങ്ങമ്പുഴ കൃതികൾക്ക് മിക്കവാറും എട്ടണയാണ്.
പ്രിയപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് എം.ടി. എഴുതിയ അക്ഷരപ്പാതകൾ
കുറച്ച് വർഷങ്ങൾക്കുശേഷം ഞാൻ 'നിർമ്മാല്യം' മനസ്സിൽ കൊണ്ടു നടക്കുന്ന കാലം. വെളിച്ചപ്പാടായി ആരഭിനയിക്കും. നാടകത്തിൽ നിന്നും സിനിമയിലേയ്ക്ക് എത്തിയ മറ്റൊരു അനുഗൃഹീത നടനുണ്ട്.-ശങ്കരാടി. ശങ്കരാടിയുമായി ചർച്ച ചെയ്തു. അടുത്ത സുഹൃത്തായ ശങ്കരാടി പറഞ്ഞു: “ചെയ്യാൻ എനിയ്ക്ക് മോഹമുണ്ട്. പക്ഷേ എന്റെ നല്ല ശരീരം ദൈന്യം പിടിച്ച ആ വെളിച്ചപ്പാടിനു ചേർന്നതല്ലല്ലോ.....ആന്റണിക്ക് പറ്റും എന്ന് ശങ്കരാടി പറഞ്ഞു.
എന്നെപ്പറ്റി അതിശയോക്തി കലർന്ന കഥകളുണ്ടാക്കുന്നത് എന്നും ബഷീറിന് ഒരു വിനോദമായിരുന്നു. സൗകര്യത്തിൽ വീണുകിട്ടുന്ന കഥകളിലെല്ലാം നായകനോ പ്രതിനായകനോ ആക്കി എന്നെ കയറ്റും. ഇടയ്ക്കിടയ്ക്ക് തമാശപ്പേരുകളിട്ട് അതിന് പ്രചാരം കൊടുക്കും. അതിൽപ്പെട്ടതാണ് നൂലൻ വാസു, കഠാരി വാസു തുടങ്ങിയവ. ഈ ശകാരങ്ങൾക്കും പരിഹാസങ്ങൾക്കുമിടയ്ക്ക് വല്ലപ്പോഴും പറയുന്ന നല്ല വാക്കുകൾ പൊൻനാണയങ്ങൾ പോലെ ഞാൻ ഉള്ളിൽ ഒളിപ്പിച്ചുവെച്ചു. ഏകാന്തത്തിൽ അത് പുറത്തെടുത്ത് അഭിമാനിച്ചു.
കഥയുടെ പൂമരം, ബഷീറിന് എം.ടി. എഴുതിയ ആമുഖം
സത്യൻ അഹങ്കാരിയായിരുന്നു, ധിക്കാരിയായിരുന്നു. ആരോടും എന്തും മുഖത്തടിച്ച പോലെ പറയാൻ നെഞ്ഞൂക്കുള്ള ആളായിരുന്നു. പക്ഷേ ഇതൊക്കെ സത്യനും സമ്മതിച്ചിരുന്ന, ഏറ്റുപറഞ്ഞിരുന്ന കാര്യങ്ങളാണ്. സെറ്റിൽ പരിചയമില്ലാത്ത ഒരു കൊച്ചു പയ്യനാണ് സംവിധായകനെങ്കിൽ കൂടി വിനയപൂർവ്വം എന്തു നിർദ്ദേശവും, വിഡ്ഢിത്തമായാൽ കൂടി അനുസരിയ്ക്കും. പുറത്തുകടന്നാൽ വിളിച്ചു നിർത്തി തെറി പറയും; “അറിയാൻ പാടില്ലെങ്കിൽ താൻ വേറെ വല്ല പണിക്കും പോടോ…’’
നടന്റെ മരണം, എം.ടി സത്യനെക്കുറിച്ച്…
എം.ടിയുടെ ഓർമ്മകളിൽ ജോയ് മാത്യു സംസാരിക്കുന്നു. പോഡ്കാസ്റ്റ് കേള്‍ക്കാം…..